'മാസം തികയാതെ പ്രസവിച്ചു, അധിക ചെലവെന്നും അമ്മായിയമ്മയുടെ പരിഹാസം'; കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ
വളർന്ന് വരുമ്പോള്‍ തൻ്റെ കുട്ടി മറ്റ് കുട്ടികളെപ്പോലെ ആകില്ല എന്ന ഭയം അമ്മയ്‌ക്കുണ്ടായിരുന്നു. പ്രസവിച്ച് 45 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കഴുത്ത് ഞെരിച്ച് കൊന്നത്.

Published : January 7, 2026 at 6:51 PM IST
അമരാവതി: മാസം തികയാതെ കുഞ്ഞ് ജനിച്ചതിൽ അമ്മായിയമ്മയുടെ പരിഹാസം. നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ്. കുഞ്ഞ് മാസം തികയാതെ ജനിച്ചത് അമ്മയുടെ കുറ്റമാണെന്നും മകന് ഉയർന്ന ചികിത്സാ ചെലവുണ്ടായെന്നുമുള്ള പരിഹാസ വാക്കുകളാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
വളർന്ന് വരുമ്പോള്‍ തൻ്റെ കുട്ടി മറ്റ് കുട്ടികളെപ്പോലെ ആകില്ല എന്ന ഭയം അമ്മയ്‌ക്കുണ്ടായിരുന്നു. പ്രസവിച്ച് 45 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കഴുത്ത് ഞെരിച്ച് കൊന്നത്. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം. 2024ലാണ് ഹൈദരാബാദിൽ നിന്നുള്ള വീരമാചനേനി സായി ചൈതന്യയെ കൃഷ്‌ണ സ്വദേശി രവി പ്രഭുകുമാർ വിവാഹം കഴിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവതി ഗർഭിണിയായതോടെ ആശുപത്രി ചെലവുകള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവാക്കേണ്ടിവന്നു എന്നതാണ് അമ്മായിയമ്മയുടെ വിമർശനം. നിരന്തരമായ പരിഹാസവും പ്രസവാനന്തരം സ്‌ത്രീകളുടെ പോസ്റ്റ് പാർട്ടം കാലയളവും യുവതിയുടെ മാനസിക നിലയെ ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
മാസം തികയാതെയുള്ള കുഞ്ഞിൻ്റെ ജനനവും കുത്തുവാക്കുകളും അതിര് വിട്ടപ്പോള്‍ കുഞ്ഞിൻ്റെ ഭാവി ജീവിതത്തോട് അമ്മയ്‌ക്ക് ആശങ്ക വർധിച്ചു. വളരുമ്പോള്‍ കുഞ്ഞ് മറ്റുള്ളവരെപ്പോലെ ആകില്ലെന്ന ഭയം അമ്മയെ വലച്ചു. ഇതോടെ കുഞ്ഞിനെ കൊന്ന് വീടിനടുത്തുള്ള വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ആദ്യം കുഞ്ഞിനെ കാണാനില്ലെന്നാണ് യുവതി പറഞ്ഞത്. എന്നാൽ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ യുവതി സത്യം പറയുകയായിരുന്നു. എട്ട് മാസം ചുമന്ന കുഞ്ഞിനെ നിവർത്തിയില്ലാതെ കൊന്നതാണെന്ന് അമ്മ സായ് ചൈതന്യ പറഞ്ഞതായും സിഐ ഈശ്വര റാവു പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അമ്മായിയമ്മ വാണിയെയും അമ്മ സായ് ചൈതന്യയെയും അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു.
എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ
പ്രസവാനന്തരം സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഒരു അവസ്ഥയാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അകാരണമായി വിഷമം തോന്നുക, കുഞ്ഞിനോട് സ്നേഹമോ അടുപ്പമോ തോന്നാത്ത അവസ്ഥ, വിശപ്പില്ലായ്‌മ, ഉറക്കക്കുറവ്, പെട്ടന്ന് ദേഷ്യം വരിക, എല്ലാത്തിനോടും വിരസത, കഠിനമായ ക്ഷീണം, തളർച്ച, ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.
കുഞ്ഞിന്‍റെ സംരക്ഷണത്തെ കുറിച്ച് ആധിയും പരിഭ്രമവും കുഞ്ഞിനെ പരിപാലിക്കാനുള്ള കഴിവില്ലെന്ന് തോന്നൽ, സ്വയം ഉപദ്രവിക്കുകയോ കുഞ്ഞിനെ ഉപദ്രവിക്കുകയോ ചെയ്യുക എന്നിവയും മറ്റ് ലക്ഷണങ്ങളാണ്. പ്രസവ ശേഷം രണ്ടോ മൂന്ന് ദിവസങ്ങൾക്കോ ആഴ്‌ചകൾക്കോ ഉള്ളിലാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്.
പ്രസവാനന്തര വിഷാദം അമ്മമാരുടെ വ്യക്തിഗത വളർച്ചയ്ക്കും കുട്ടിയുടെ ഒപ്റ്റിമൽ വികാസത്തിനും അനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്‌ടിക്കാൻ കാരണമാകുമെന്ന് എൻഐഎച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ലോകത്തുടനീളം 10 മുതൽ 20 ശതമാനവും ഇന്ത്യയിൽ 22 ശതമാനവും അമ്മമാർ കടുത്ത പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

