ധരംശാല റാഗിങ് കേസ്: നടന്നത് ക്രൂരമായ ലൈംഗികാതിക്രമവും റാഗിങും, അന്വേഷണ സമിതി രൂപീകരിക്കുമെന്ന് യുജിസി
കേസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകവും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ധരംശാല ഗവൺമെൻ്റ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി.

Published : January 3, 2026 at 11:55 AM IST
|Updated : January 3, 2026 at 12:23 PM IST
ഷിംല: ഹിമാചൽ പ്രദേശിലെ ധരംശാല ഗവൺമെൻ്റ് കോളജിൽ ക്രൂരമായ റാഗിങിനും ലൈംഗിക പീഡനത്തിനും ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവം അതീവ ഗൗരവമുള്ളതെന്ന് യൂണിവേഴ്‌സിറ്റി ഗ്രാൻ്സ് കമ്മിഷൻ (യുജിസി) പറഞ്ഞു. കേസിൽ അന്വേഷണ സമിതി രൂപീകരിക്കുമെന്നും യുജിസി വ്യക്തമാക്കി.
''ധർമ്മശാലയിലെ ഗവൺമെൻ്റ് കോളജിലെ ദാരുണമായ സംഭവം യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമ്മിഷൻ ഗൗരവമായി എടുത്തിട്ടുണ്ട്. ഒരു വസ്‌തുതാന്വേഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. കുറ്റവാളികളെ വെറുതെ വിടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും യുജിസി ഉറപ്പ് നൽകുന്നു. വിദ്യാർഥികളുടെ സുരക്ഷയാണ് പരമപ്രധാനം," യുജിസി പ്രസ്‌താവനയിൽ അറിയിച്ചു.
ഭാരതീയ ന്യായ സംഹിത, റാഗിങ് നിരോധന നിയമം എന്നിവ പ്രകാരം മൂന്ന് വിദ്യാർഥിനികൾക്കും ഒരു പ്രൊഫസർക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകവും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ധരംശാല ഗവൺമെൻ്റ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി.
ഹിമചൽ പ്രദേശ് സിപിഐ (എം) ഡിജിപിയെ നേരിൽ കണ്ട് കേസിൽ നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അതേസമയം മകള്‍ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ, പൊലീസ് നടപടി കാലതാമസമുണ്ടായേക്കുമെന്ന ആശങ്ക പങ്കുവച്ച് പെണ്‍കുട്ടിയുടെ കുടുംബവും രംഗത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീർഘകാലത്തോളം വിദ്യാർഥിനിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നതായും ഇത് അവളെ മാനസിക സംഘർഷത്തിലേയ്‌ക്ക് നയിച്ചതായും കുടുംബം പറഞ്ഞു. "എൻ്റെ മകൾ ഇനിയില്ല. എനിക്ക് നീതി കിട്ടണം. കുറ്റാരോപിതരായ വിദ്യാർഥികള്‍ക്കും പ്രൊഫസറിനും ശിക്ഷ ലഭിക്കണം. എൻ്റെ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റാർക്കും സംഭവിക്കരുത്. ഒരു നിരപരാധിയും പിടിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമഗ്രമായ അന്വേഷണം വേണം. അവളുടെ എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും ഞങ്ങളുടെ പക്കലുണ്ട്" പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
2025 സെപ്റ്റംബർ 18ന് തൻ്റെ മകളെ മൂന്ന് സഹപാഠികൾ ചേർന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് വിക്രം കുമാർ പൊലീസിനോട് പരാതി പറഞ്ഞിരുന്നു. ഒരു കോളജ് പ്രൊഫസർ തൻ്റെ മകളെ അസഭ്യം പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് ഡിസംബർ 20ന് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ വഴി റാഗിങും പീഡനവും സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം അഭ്യർഥിച്ചു.
19 കാരിയായ വിദ്യാർഥി ഡിസംബർ 26നാണ് ചികിത്സയിലിരിക്കെ മരിച്ചത്. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിജീവിതയുടേതായി പുറത്തുവന്ന വീഡിയോയിൽ അധ്യാപകൻ്റെ മോശം പെരുമാറ്റവും സഹപാഠികളായ പെൺകുട്ടികളുടെ മോശം പെരുമാറ്റവും വിവരിക്കുന്നുണ്ട്. ലുധിയാനയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ALSO READ: പ്രസവത്തിനായി 6 കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്താൻ ശ്രമിച്ച ഗർഭിണിയ്‌ക്ക് ദാരുണാന്ത്യം

