ചന്ദ്രഗ്രഹണം: ഹരിദ്വാറിലെ ഗംഗാ ഘട്ടുകളിൽ പുണ്യസ്‌നാനത്തിനായി ഭക്തജനപ്രവാഹം
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് 9 മണിക്കൂർ ക്ഷേത്രം അടച്ചിടും. ഉച്ചകഴിഞ്ഞ് 3:20 മുതൽ വൈകുന്നേരം 6:47 വരെയാണ് പൂർണചന്ദ്രഗ്രഹണം

By ANI
Published : March 3, 2026 at 12:33 PM IST
ഡെറാഡൂൺ: ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ഇന്ന് (മാർച്ച് 03) രാവിലെ മുതൽ ഹരിദ്വാറിലെ ഗംഗാ ഘട്ടുകളിൽ പുണ്യസ്‌നാനത്തിനായി ഭക്തജനപ്രവാഹം. ഗ്രഹണം ആരംഭിക്കുന്നതിന് മുമ്പ് ആചാരപരമായ സ്‌നാനം പൂർത്തിയാക്കുന്നതിനായാണ് ഭക്തർ എത്തിച്ചേർന്നിട്ടുള്ളത്. ഉച്ചകഴിഞ്ഞ് 3:20 മുതൽ വൈകുന്നേരം 6:47 വരെയാണ് ചന്ദ്രഗ്രഹണം. ഇതോടനുബന്ധിച്ച് 9 മണിക്കൂർ ക്ഷേത്രം അടച്ചിടും. ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
ചന്ദ്രഗ്രഹണം പൂർത്തിയായ ശേഷം പൂജകൾ നടത്തി ക്ഷേത്രം വീണ്ടും തുറക്കും. 'ഗ്രഹണ സമയങ്ങളിൽ ഭക്തർ ഉപവാസം ആചരിക്കാറുണ്ട്. ഈ സമയത്ത് വ്രതം എടുക്കുന്ന ഭക്തർ വെള്ളവും ഭക്ഷണവും പൂർണമായി ഒഴിവാക്കണം. വ്രതമെടുത്ത ശേഷം ക്ഷേത്ര ദർശനത്തിനായി ഒരു ദിവസം മുമ്പ് ഞാൻ ഹരിദ്വാറിലെത്തി, ആചാരപരമായ സ്‌നാനം പൂർത്തിയാക്കി' ഹരിയാനയിലെ റോഹ്തക്ക സ്വദേശി ഹരിഓം വശിഷ്‌ഠ് പറഞ്ഞു.
'ഗ്രഹണത്തിന് മുമ്പ് ഗംഗാ ഘട്ടിൽ സ്‌നാനം ചെയ്‌തു. എന്നാൽ വൈകിയെത്തിയതിനാൽ ആരതി കാണാൻ കഴിഞ്ഞില്ല. ചന്ദ്രഗ്രഹണത്തോനുബന്ധിച്ച് ഒന്‍പത് മണിക്കുർ മുൻപേ ക്ഷേത്രങ്ങൾ അടയ്‌ക്കുന്നതിനാലാണ് ആ ചടങ്ങ് കാണാൻ കഴിയാതെ പോയത് ' മറ്റൊരു ഭക്തനായ അരുൺ പറഞ്ഞു. മുകളിലേക്കുള്ള മാനസ ദേവി ക്ഷേത്രം സന്ദർശിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ അവിടെയും ഇതേ കാരണത്താൽ പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില വിശ്വാസപരമായ കാരണങ്ങളാലാണ് ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നത്. ഗ്രഹണ സമയത്ത് തയ്യാറാക്കുന്ന ഭക്ഷണം അശുദ്ധമാണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ക്ഷേത്രങ്ങളിൽ പ്രസാദ വിതരണവും നടത്താറില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ ദൃശ്യമാകുമോ?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി വരുമ്പോൾ, സൂര്യപ്രകാശത്തെ ഭൂമി തടയുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഇന്ത്യയിലുടനീളം, കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും. 2026 മാർച്ച് 3 ചൊവ്വാഴ്‌ച ഇന്ത്യയിൽ ഗ്രഹണം കാണാം. ഉച്ചകഴിഞ്ഞ് 3:20-ന് തുടങ്ങി വൈകുന്നേരം 6:47-ഓടെ അവസാനിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യയിൽ ഗ്രഹണത്തിൻ്റെ ദൃശ്യപരത പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടും. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ചന്ദ്രഗ്രഹണത്തിൻ്റെ അവസാന ഘട്ടമാകും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്നത്. വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, പൂർണ ചന്ദ്രഗ്രഹണത്തിൻ്റെ അവസാനം മാത്രമാകും നഗ്നനേത്രങ്ങൾകൊണ്ട് ദൃശ്യമാകുക. 2026ൽ ദൃശ്യമാകുന്ന ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണമാണിത്. 2029ലെ ഇനിയൊരു പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകൂ.
Also Read: എഐ വിധിന്യായങ്ങളെ ആശ്രയിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സുപ്രീം കോടതി

