വിചാരണക്കോടതി വിധി റദ്ദാക്കി; നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി
വിചാരണക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതിയായ മുന്ന കുമാറിനെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു

By ANI
Published : September 3, 2026 at 1:46 PM IST
ന്യൂഡൽഹി: നാലര വയസ്സുകാരിയായ പെൺകുട്ടിക്ക് ലൈംഗികാതിക്രമം വിവരിക്കാൻ സാങ്കേതികമോ നിയമപരമോ ആയ പദങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. 2008ലെ പീഡനക്കേസിൽ പ്രതിയെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുട്ടിയുടെ പ്രായം, അനുഭവിച്ച ആഘാതം, വിവരണം നൽകുന്ന രീതി എന്നിവ പരിഗണിച്ചാണ് മൊഴി വിലയിരുത്തേണ്ടതെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ ശരീരശാസ്ത്രപരമോ നിയമപരമോ ആയ ഭാഷ കുട്ടി ഉപയോഗിച്ചോ എന്നതിലല്ല കാര്യം. നാല് വയസ്സുള്ള കുട്ടിക്ക് കുറ്റകൃത്യത്തിൻ്റെ നിയമവശങ്ങൾ മനസ്സിലാക്കാനോ കൃത്യമായ ഭാഷയിൽ അത് വിവരിക്കാനോ കഴിയില്ലെന്ന യാഥാർഥ്യം കോടതികൾ ഉൾക്കൊള്ളണം.
2010ൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതിയായ മുന്ന കുമാറിനെ ഐപിസി 376 പ്രകാരമുള്ള പീഡനക്കുറ്റത്തിൽ നിന്ന് വിചാരണക്കോടതി വെറുതെവിട്ടിരുന്നു. എന്നാൽ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് ശിക്ഷിക്കുകയും ചെയ്തു. ഈ വിധി റദ്ദാക്കിയ ഹൈക്കോടതി, ഐപിസി 376(2)(എഫ്) പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കേസ് സെപ്റ്റംബർ പത്തിലേക്ക് മാറ്റി.
സംഭവം 2008ൽ
2008 ഓഗസ്റ്റ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷനായി മുന്ന കുമാറിൻ്റെ മുറിയിൽ പോയ നാലര വയസ്സുകാരി വൈകുന്നേരം സ്വകാര്യ ഭാഗങ്ങളിൽ വേദനയും രക്തസ്രാവവുമായി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ ലൈംഗികബന്ധം നടന്നതായി കുട്ടി കൃത്യമായി പറഞ്ഞിട്ടില്ലെന്ന കാരണത്താലാണ് വിചാരണക്കോടതി പ്രതിയെ വെറുതെവിട്ടത്. കിടക്കാൻ നിർബന്ധിച്ചെന്നും വേദനയുണ്ടായെന്നുമുള്ള കുട്ടിയുടെ മൊഴി മാത്രം ഐപിസി 376 പ്രകാരമുള്ള കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തൽ.
എന്നാൽ ഈ വാദം ഹൈക്കോടതി തള്ളി. പ്രതി തൻ്റെയും കുട്ടിയുടെയും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും, കിടത്തി മുകളിൽ കയറിയെന്നും, സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടാക്കിയെന്നും കുട്ടി കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായെന്നും കുട്ടി അമ്മയോട് പറഞ്ഞിരുന്നു. കുട്ടികളുടെ ഭാഷയിലുള്ള ഈ വിവരണം ലൈംഗികാതിക്രമം നടന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും, സാങ്കേതിക പദങ്ങൾ ഉപയോഗിച്ചില്ലെന്ന കാരണത്താൽ ഇത് തള്ളിക്കളയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശാസ്ത്രീയ തെളിവുകൾ നിർണായകം
സാക്ഷിമൊഴികളും വൈദ്യശാസ്ത്രപരവും ഫോറൻസിക് പരിശോധനാപരവുമായ തെളിവുകളും ഒരുമിച്ച് പരിഗണിക്കുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയതായി ഹൈക്കോടതി വിമർശിച്ചു. കുട്ടിയുടെ കന്യാചർമം തകർന്നതായും 1.2 സെൻ്റീമീറ്റർ മുറിവുണ്ടായതായും വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ അടിവസ്ത്രത്തിൽ പുരുഷബീജത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നെന്ന ഫോറൻസിക് റിപ്പോർട്ടും നിർണായകമായി. സംഭവത്തിന് പിറ്റേദിവസം വൈദ്യപരിശോധന നടത്തുമ്പോൾ രക്തസ്രാവം ഉണ്ടായിരുന്നില്ല എന്നത് കുട്ടിക്ക് ഒരിക്കലും രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് അർഥമാക്കുന്നില്ല. ഡിഡിയു ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളിലും രക്തവും ബീജവും കണ്ടെത്തിയിരുന്നു. ഇരയുടെയും പ്രതിയുടെയും രക്തഗ്രൂപ്പ് തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെങ്കിലും, ഇത്തരം വീഴ്ചകൾ ശാസ്ത്രീയ തെളിവുകളെ മറികടക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നാല് വയസ്സുകാരിയുടെ അടിവസ്ത്രത്തിൽ ബീജം കണ്ടെത്തിയത് പ്രതിയുടെ വാദങ്ങളെ പൂർണമായും പൊളിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടിയെ മാതാപിതാക്കളും അഭിഭാഷകയും ചേർന്ന് പഠിപ്പിച്ചുവിട്ടതാണെന്ന പ്രതിഭാഗത്തിൻ്റെ വാദവും കോടതി തള്ളി. പ്രതിയെ കള്ളക്കേസിൽ കുടുക്കാൻ ഇരയുടെ കുടുംബത്തിന് യാതൊരു കാരണവുമില്ല. അയൽവാസിയായ പ്രതിയെ കുട്ടി ഭായ് എന്നാണ് വിളിച്ചിരുന്നത്. വിശ്വസിച്ചിരുന്ന ആളിൽ നിന്നാണ് കുട്ടിക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വന്നതെന്നും കോടതി നിരീക്ഷിച്ചു. ശാസ്ത്രീയ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണക്കോടതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Also Read: തൃണമൂൽ ഓഫിസിന് നേരെ ആക്രമണം; പൊലീസിനെതിരെ ആഞ്ഞടിച്ച് അഭിഷേക് ബാനർജി

