''വീടോ ശൗചാലയമോ ഇല്ല, ഗ്രാമത്തെ നയിക്കേണ്ട സർപഞ്ച് താമസിക്കുന്നത് കുടിലിൽ''; കടുത്ത അവഗണന
പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചിരുന്നിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന് മീന അതിയ.

Published : February 27, 2026 at 8:27 PM IST
ഭോപ്പാൽ: ഇന്ത്യയിലെ ഗ്രാമീണ ക്ഷേമ സംരംഭങ്ങൾ ജനങ്ങളിലേക്കും അവരുടെ ഗ്രാമങ്ങളിലേയ്‌ക്കും എത്തുന്നില്ല എന്നതിൻ്റെ ഒരു ഉദാഹരണമാണ് മീന അതിയയും കുടുംബവും. ഗ്രാമത്തെ നയിക്കാൻ സർപഞ്ച് (വാർഡ് മെമ്പർ) ആയി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീയായ മീന അതിയയുടേത് ദുരിതപൂർണമായ ജീവിതം. പ്ലാസ്റ്റികും വൈക്കോലും കൊണ്ട് നിർമ്മിച്ച വാസയോഗ്യമല്ലാത്ത കുടിലിലാണ് മീനയും കുടുംബവും താമസിക്കുന്നത്.
മറ്റ് ഗ്രാമീണർക്കായി സർക്കാർ ക്ഷേമ പദ്ധതികൾ ലഭ്യമാക്കികൊടുത്തിട്ടുണ്ടെങ്കിലും സ്വന്തമായി അടച്ചുറപ്പുള്ള വീടോ സൗകര്യങ്ങളോ അവർക്കില്ല. ക്ഷേമ പരിധിയിൽ നിന്ന് അവർ ഇപ്പോഴും പുറത്താണ്. കുവാൻ ഖേഡ നായക് ഗ്രാമപഞ്ചായത്ത് സ്വദേശിയായ മീന, ഏകദേശം 10 അംഗങ്ങളുള്ള കുടുംബത്തോടൊപ്പം സെമ്രപതി ഗ്രാമത്തിലാണ് താമസിക്കുന്നത്.
പൊതു ഓഫിസുകളും അധികാരികളുമുണ്ടെങ്കിലും അവർക്ക് സ്ഥിരമായ ഒരു വീടോ ശൗചാലയമോ ഇല്ല. മഴക്കാലത്ത്, അവരുടെ മൺ വീട് സുരക്ഷിതമല്ലാതാകുന്നതിനാൽ താത്‌കാലിക ആശ്രയം വാടക വീടുകളാണ്. പ്രകൃതി ദുരിതങ്ങളാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ കുടുംബത്തോടൊപ്പം വാടകവീടുകളിലേയ്‌ക്ക് മാറാൻ അവർ നിർബന്ധിതരാക്കുന്നു.
നിരക്ഷരയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടതുമായ മീന അതിയ, പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരം ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിരുന്നതായി പറഞ്ഞു. "സർക്കാർ ഓഫിസുകളിൽ നിരന്തരം സന്ദർശനം നടത്തിയിട്ടും, വേണ്ടപ്പെട്ട ആളുകളെ കണ്ടിട്ടും, അപേക്ഷകൾ ഇതുവരെ അധികാരികൾ അംഗീകരിച്ചിട്ടില്ല" മീന അതിയ പറഞ്ഞു. മഴക്കാലത്ത്, ഈ കുടിലിൽ താമസിക്കാൻ കഴിയില്ല. സ്ഥലം മാറേണ്ടിവരികയോ വാടകയ്ക്ക് വീട് എടുക്കുകയോ വേണം.
ഗ്രാമത്തിൽ സേവനമനുഷ്‌ഠിക്കുന്ന ഒരു സർപഞ്ചിന് ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു. മീന അതിയയുടെ ഭർതൃപിതാവ് നാഥുറാം അധികാരികളിൽ നിന്നുണ്ടായ ഈ അനുഭവത്തെ ചോദ്യം ചെയ്‌തു.
“ആർക്കാണ് സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വീട് വേണ്ടാത്തത്? അവള്‍ സർപഞ്ചാകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പലതവണ ശ്രമിച്ചു, പക്ഷേ ഞങ്ങളുടെ പേര് ഗുണഭോക്തൃ പട്ടികയിൽ ഇതേവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഞങ്ങൾ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തതിനാൽ ഇതേ കുറിച്ച് കൂടുതൽ അറിവ് ഇല്ല. ഇത് അവർ മുതലെടുക്കുകയാണോ? ഉദ്യോഗസ്ഥർ പറയുന്നതെന്തും ഞങ്ങൾ അംഗീകരിക്കാറാണ് പതിവ്. ഇത് ന്യായമല്ല,” അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മീനയുടെ കുടുംബത്തിലെ രണ്ട് അംഗങ്ങളുടെ പേരുകൾ പിഎംഎ പ്രകാരം അംഗീകാരത്തിനായി അയച്ചിട്ടുണ്ടെങ്കിലും അപേക്ഷകൾ ഇപ്പോഴും പരിഗണനയിലാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമലേഷ് ഖരെ അറിയിച്ചു. കുടുംബത്തിന് ഭവന ആനുകൂല്യം നിഷേധിക്കപ്പെടുക മാത്രമല്ല, മറ്റ് ഒഴിവാക്കലുകളും അനുഭവിക്കുന്നു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ സബ്‌സിഡി റേഷനുകൾക്ക് അർഹതയില്ലെന്ന് മീന പറയുന്നു. ഈ രേഖയുടെ അഭാവം മധ്യപ്രദേശിലെ സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ ലാഡ്‌ലി ബെഹ്‌ന യോജനയിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും തടയപ്പെട്ടു.
സ്ഥിരമായ വരുമാനമില്ലാത്ത കുടുംബം ദിവസ വേതനത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചില അംഗങ്ങൾ കാർഷിക മേഖലകളിലും മറ്റുള്ളവർ കൈത്തൊഴിലുകളും ചെയ്‌തുവരുന്നു. അവരുടെ വരുമാനം മാത്രമാണ് കുടുംബത്തിൻ്റെ ആശ്രയം. മീനയെ സംബന്ധിച്ചിടത്തോളം, സർപഞ്ച് എന്ന നിലയിൽ അവർ പലരെയും തന്നാലാകും വിധം സഹായിക്കുകയും അവകാശങ്ങൾ നേടികൊടുക്കുകയും ചെയ്‌തിട്ടുണ്ട്.
"വലുതോ ചെറുതോ ആയ രീതിയിൽ സ്‌ത്രീകളെയും കുടുംബങ്ങളെയും ശാക്തീകരിച്ചിട്ടുണ്ട്. എന്നാൽ സ്വയം നിലനിൽപ്പ് അപകടാവസ്ഥയിലാണ്. മറ്റുള്ളവരുടെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ അനുവദിക്കാറുണ്ട്. പക്ഷേ ഞാനും എൻ്റെ കുടുംബവും ഞങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയ്ക്കായി കാത്തിരിക്കുന്നത് തുടരുന്നു," അവർ പറഞ്ഞു.

