
ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കര്‍ണാടകയില്‍ വൻ വിവാദം
ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ ആവശ്യപ്പെട്ട് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

Published : October 18, 2025 at 3:42 PM IST
ബെംഗളൂരു: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ പഞ്ചായത്ത് വികസന ഓഫിസറെ (പിഡിഒ) സസ്‌പെൻഡ് ചെയ്‌തത് വിവാദമാകുന്നു. പഞ്ചായത്ത് വികസന ഓഫിസറായ പ്രവീൺ കുമാർ കെപിയെയാണ് ആർഎസ്‌എസിൻ്റെ ശതാബ്‌ദി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അധികൃതര്‍ സസ്‌പെൻഡ് ചെയ്‌തത്.
ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പാണ് നടപടി സ്വീകരിച്ചത്. ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ ആവശ്യപ്പെട്ട് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഒക്‌ടോബർ 12-ന് ലിംഗ്‌സുഗൂരിൽ നടന്ന ആർഎസ്‌എസിൻ്റെ റൂട്ട് മാർച്ചിലാണ് ആർഎസ് എസിന്റെ ഗണവേഷം വസ്‌ത്രം ധരിച്ച് കയ്യിൽ ദണ്ഡ് പിടിച്ച് പ്രവീൺ കുമാർ പങ്കെടുത്തത്. ഐഎഎസ് ഉദ്യോഗസ്ഥ അരുന്ധതി ചന്ദ്രശേഖർ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവിൽ, പ്രവീൺ കുമാറിൻ്റെ നടപടി കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങൾ 2021 ലെ റൂൾ 3 ൻ്റെ ലംഘനമാണെന്ന് വ്യക്തമാക്കുന്നു.
സർക്കാർ ജീവനക്കാർ രാഷ്ട്രീയ നിഷ്‌പക്ഷത പാലിക്കുകയും, സത്യസന്ധത പാലിക്കുകയും, അവരുടെ ഓഫിസിന് അനുയോജ്യമായ രീതിയിൽ പെരുമാറുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും സസ്‌പെൻഷൻ ഓര്‍ഡറില്‍ ചൂണ്ടിക്കാട്ടി. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
'ഹിന്ദു വിരുദ്ധം' എന്ന് ബിജെപി
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് നടപടി ഹിന്ദു സംഘടനകളെ ലക്ഷ്യം വച്ചുള്ളതാണെന്ന് കർണാടക ബിജെപി മേധാവി വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു. കോൺഗ്രസിൻ്റെ വികൃതവും ഹിന്ദു വിരുദ്ധവുമായ മാനസികാവസ്ഥയുടെ ഭാഗമാണ് ഇത്. ദേശസ്നേഹ വികാരങ്ങൾക്കു നേരെയുള്ള ആക്രമണം എന്നും സർക്കാർ സംവിധാനങ്ങളെ കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉദാഹരണമാണെന്നും വിജയേന്ദ്ര യെദ്യൂരപ്പ പറഞ്ഞു.
"ദുഷ്‌ടതയാൽ നയിക്കപ്പെടുന്ന കർണാടക കോൺഗ്രസിൻ്റെ വികൃതവും ഹിന്ദുവിരുദ്ധവുമായ മനോഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നു, അത് എങ്ങനെ ശരിയാക്കണമെന്ന് ഞങ്ങൾക്കറിയാം. ഈ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണം, അല്ലെങ്കിൽ ഈ വിഭാഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ജനാധിപത്യ സംവിധാനത്തിനുള്ളിൽ ഉചിതമായി പ്രതികരിക്കും," അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് കർണാടക സർക്കാർ ഉത്തരവിട്ടതിനെത്തുടർന്ന് കോൺഗ്രസും ബിജെപിയും തമ്മിൽ സംഘർഷം തുടരുന്നതിനിടെയാണ് ഈ തർക്കം ഉടലെടുത്തത്. പൊതുയിടങ്ങളില്‍ ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ആഹ്വാനത്തെ തുടർന്നാണ് നിയമങ്ങൾ നിലവിൽ വന്നത്.
ഇതിനു മറുപടിയായി, നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ഒക്ടോബർ 19 ന് ഖാർഗെയുടെ ചിറ്റാപൂർ നിയോജകമണ്ഡലത്തിൽ മാർച്ച് നടത്തുമെന്ന് ആർഎസ്‌എസ് പ്രഖ്യാപിച്ചു. മാർച്ചിനുള്ള പൊലീസ് അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല, പരിപാടിയുടെ ഒരുക്കങ്ങൾക്കായി സ്ഥാപിച്ചിരുന്ന കാവി പതാകകളും ബാനറുകളും പ്രാദേശിക അധികാരികൾ നീക്കം ചെയ്യുന്നുണ്ട്.
അതേസമയം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നിയമങ്ങൾ പാലിക്കണമെന്ന് ഖാർഗെ ഊന്നിപ്പറഞ്ഞു. "എൻ്റെ മണ്ഡലത്തിൽ ആര്‍എസ്‌എസ് നടത്തുന്ന പരിപാടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. കാൽനട ജാഥകൾ അനുവദനീയമാണ്, ആരും അവരെ എതിർക്കുന്നില്ല. പക്ഷേ നിയമങ്ങൾ പാലിക്കണം. ആർഎസ്എസ് മാർച്ച് നടത്തുമ്പോള്‍ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ബിജെപി നേതാക്കളോട് അഭ്യർഥിക്കുന്നു," ഖാര്‍ഗെ പറഞ്ഞു.
Also Read: 'മൗനി ബാബ'; ട്രംപിൻ്റെ റഷ്യന്‍ എണ്ണ പരമാര്‍ശത്തില്‍ മോദിയെ വിമർശിച്ച് ജയറാം രമേശ്

