ETV Bharat / bharat

രാജ്യത്തെ വിദ്യാഭ്യാസ രംഗം മോദി സർക്കാർ 'ഐസിയു'വാക്കി; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ്

​വിദ്യാഭ്യാസ സമ്പ്രദായത്തിൽ വൻ അഴിച്ചുപണി നടത്തുന്നതിനായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ കണ്ട് അവരുടെ ആശങ്കകൾ കേൾക്കുകയാണെന്ന് കോൺഗ്രസ് നേതാവും എൻഎസ്‌യുഐ ഇൻ-ചാർജുമായ കനയ്യ കുമാർ

CONGRESS ACCUSES MODI GOVERNMENT
കനയ്യ കുമാ (X.com)
author img

By PTI

Published : July 6, 2026 at 4:02 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മോദി സർക്കാർ 'ഐസിയു'വിലാക്കിയെന്ന് കോൺഗ്രസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നും ചോദ്യപ്പേപ്പർ ചോർച്ചാ മാഫിയയുമായി അദ്ദേഹത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതിനൊപ്പം വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

​വിദ്യാഭ്യാസ സമ്പ്രദായത്തിൽ വൻ അഴിച്ചുപണി നടത്തുന്നതിനായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ കണ്ട് അവരുടെ ആശങ്കകൾ കേൾക്കുകയാണെന്ന് കോൺഗ്രസ് നേതാവും എൻഎസ്‌യുഐ (NSUI) ഇൻ-ചാർജുമായ കനയ്യ കുമാർ പറഞ്ഞു. കോട്ടയിൽ വെച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി രാഹുൽ ഗാന്ധി ഇതേ ലക്ഷ്യത്തോടെ ഒരു പ്രസൻ്റേഷൻ നൽകിയിരുന്നു. ഇപ്പോൾ ഈ പ്രചാരണം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സമ്പ്രദായം മാറ്റിയെഴുതാനും അത് ശരിയാക്കാനുമായി ഒരു 'എഡ്യൂക്കേഷൻ ചാർട്ടർ' രൂപീകരിക്കുമെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു.

​എൻഎസ്‌യുഐ ദേശീയ പ്രസിഡൻ്റ് വിനോദ് ജാഖർ, പാർട്ടി നേതാക്കളായ കിരൺ മുഗബസവ്, നിശാന്ത് മണ്ഡൽ, കെ കെ ശാസ്ത്രി എന്നിവർക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുൻപ് യുപിഎ സർക്കാർ വിദ്യാഭ്യാസ രംഗം പരിഷ്കരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്നും എന്നാൽ എൻഡിഎ സർക്കാർ അതെല്ലാം മാറ്റി ഏകപക്ഷീയമായാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) രൂപീകരിച്ചതെന്നും കനയ്യ കുമാർ ആരോപിച്ചു. യുവാക്കൾക്കായി കൃത്യമായ ഒരു ജോബ് കലണ്ടറും പരീക്ഷാ റിക്രൂട്ട്‌മെൻ്റ് പ്രക്രിയകൾക്കായി അക്കാദമിക് കലണ്ടറും പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച എൻഎസ്‌യുഐ പ്രസിഡൻ്റ് വിനോദ് ജാഖർ ആരോപിച്ചു. ഒരു ഗൂഢാലോചനയുടെ ഭാഗമായി രാജ്യത്തുടനീളം സ്റ്റുഡൻ്റ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇത് ക്യാമ്പസുകളിൽ ബിജെപി-ആർഎസ്എസ് അനുബന്ധ സംഘടനകൾക്ക് സ്വേച്ഛാധിപത്യ ഭരണം നിലനിർത്താൻ അവസരമൊരുക്കുന്നു. ഡൽഹി സർവകലാശാല വിസിയുടെ കാലാവധി വീണ്ടും വീണ്ടും നീട്ടിനൽകുന്നത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ഏത് മാനദണ്ഡത്തിലാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

​ക്യാമ്പസുകളിൽ ശബ്ദമുയർത്തുന്ന വിദ്യാർഥികളെ നിയമനടപടികൾ കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നിർദ്ദിഷ്ട പ്രത്യയശാസ്ത്രമുള്ള ആളുകളെയാണ് കോളജുകളിലും സർവകലാശാലകളിലും റിക്രൂട്ട് ചെയ്യുന്നതെന്നും ജാഖർ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് എൻഎസ്‌യുഐ സംഘടനയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും എല്ലാ ക്യാമ്പസുകളിലും തെരഞ്ഞെടുപ്പിലൂടെ യൂണിറ്റുകൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് ശബ്ദമുയർത്താൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

​എൻഎസ്‌യുഐ നിശ്ചയിച്ച റോസ്റ്റര്‍ അനുസരിച്ച് സംസ്ഥാന അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയെന്ന് കിരൺ മുഗബസവ് അറിയിച്ചു. ആദ്യ ഘട്ടമായി നിശ്ചിത സംസ്ഥാനങ്ങളിൽ മെമ്പർഷിപ്പ് വിതരണം നടക്കും. തുടർന്ന് ചീഫ് ഇലക്ഷൻ അതോറിറ്റി (CEA) ആ സംസ്ഥാനം സന്ദർശിച്ച് വാർത്താ സമ്മേളനത്തിലൂടെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രക്രിയകൾ പ്രഖ്യാപിക്കും. ആപ്പ് അധിഷ്ഠിതമായി ഓൺലൈൻ വഴിയുള്ള ഈ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതും സ്വതന്ത്രവും സുതാര്യവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

​രാജ്യത്തുടനീളം സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയിൽ സംഘടനയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കോൺഗ്രസ് നേതൃത്വം ഏപ്രിൽ 30-ന് ഒരു സെൻട്രൽ ഇലക്ഷൻ അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കെ കെ ശാസ്ത്രി വ്യക്തമാക്കി.

Also Read:ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30-ന്; വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ