ETV Bharat / bharat

സിജെപി പ്രക്ഷോഭം; കേസുകൾ റദ്ദാക്കി സുപ്രീം കോടതി, നഷ്‌ടപരിഹാരം ഉറപ്പാക്കും, സമരത്തില്‍ നിന്നു പിന്‍മാറി സംഘടന

പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസും മഹാരാഷ്ട്ര, അസം, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും സമർപ്പിച്ച അപേക്ഷകളാണ് കോടതി പരിഗണിച്ചത്.

COCKROACH JANTA PARTY  SUPREME COURT ON CJP PROTEST CASE  CJP LEADER SAURAV DAS  SC WITHDRAWS CJP CASES
CJP Leader And Spokes Person Saurav Das, Supreme Court Of India (IANS, ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 4:35 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: സെപ്‌തംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സുപ്രീം കോടതിയെ അറിയിച്ച് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) സഹ കർൺവീനർ സൗരവ് ദാസ്. നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണിത്.

ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് സൗരവ് ദാസ് തീരുമാനം അറിയിച്ചത്. അതേസമയം, കേന്ദ്ര സർക്കാരിൻ്റെ ഹർജിയിലാണ് നടപടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഇതോടെ ഇല്ലാതാകുമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ഈ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനി പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി പറഞ്ഞു.

ജൂലൈയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസും മഹാരാഷ്ട്ര, അസം, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും സമർപ്പിച്ച അപേക്ഷകളാണ് കോടതി പരിഗണിച്ചത്. തുടർന്ന് ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകൾ കോടതി റദ്ദാക്കുകയായിരുന്നു.

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് കേസുകൾ റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തെ പറഞ്ഞിരുന്നു. ജൂലൈ 20 മുതൽ ജൂലൈ 25 വരെ പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യില്ലെന്ന് അവർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജനറൽ തുഷാർ മേത്ത പറയുകയുണ്ടായി. കൂടാതെ, പൊലീസ് നടപടികളുടെ ഭാഗമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊതുജന താത്‌പ്പര്യവും ദേശീയ താത്‌പ്പര്യവും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് തിങ്കളാഴ്‌ച കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിദ്യാർഥികൾക്കെതിരായ എഫ്‌ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ജൂലൈ 20 മുതൽ 25 വരെ നടന്ന സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകൾ തുടരാനോ അന്വേഷിക്കാനോ ഇനി ആഗ്രഹിക്കുന്നില്ല എന്ന് ഡൽഹി പൊലീസും ഹർജിയിൽ പറഞ്ഞു.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കേസെടുത്ത 2,873 പേർ ഒഴികെ മറ്റുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കാമെന്ന് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 20 ന് സിജെപിയുടെ നേതൃത്വത്തിൽ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിൽ സുരക്ഷാ സേന നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിച്ച് ന്യൂഡൽഹി പൊലീസ് ആസ്ഥാനത്തേയ്‌ക്ക് മാർച്ച് നടത്താനായിരുന്നു സിജെപി ഉദ്ദേശിച്ചിരുന്നത്. ആത്മഹത്യ ചെയ്‌ത നീറ്റ് ഉദ്യോഗാർത്ഥികളുടെയും പൊലീസ് നടപടിക്ക് ഇരയായവരുടെയും കുടുംബങ്ങൾ പ്രകടനത്തിന് നേതൃത്വം നൽകുമെന്ന് സംഘടന പറഞ്ഞിരുന്നു. കൂടാതെ, വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ എഫ്‌ഐആർ പിൻവലിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നുവെന്നും ജൂലൈ 25 ലെ ചർച്ചകളിൽ നൽകിയ വാഗ്‌ദാനങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും സിജെപി ആരോപിച്ചിരുന്നു.

Also Read: വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തവരുടെ വിവരങ്ങൾ പങ്കുവക്കാതെ ഇലക്ഷൻ കമ്മിഷൻ; ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി