ബാറിലെ തർക്കത്തെ തുടര്‍ന്ന് സ്‌കൂട്ടറിൽ കാറിടിപ്പിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും മരിച്ചു
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ കോയമ്പേടിയലെ ബാറിൽ തർക്കം ഉണ്ടാവുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിക്കുന്നത്

Published : June 3, 2026 at 2:31 PM IST
ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കുട്ടുകാരിയും മരിച്ചു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ കോയമ്പേടിയലെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് ശ്രീലങ്കൻ അഭിയാർഥിയായ യാൻസിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍ പരുക്കേറ്റ സുഹൃത്താണ് ചികിത്സയിലിരിക്കെ മരിച്ചത്.
യാൻസിയും സുഹൃത്തുകളും ബാറിൽ നൃത്തം ചെയ്യുന്നതിനിടെ ഇവിടെയുണ്ടായ ഒരു സംഘവുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. ഇരു സംഘങ്ങളും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായതോടെ ബൗൺസേഴ്‌സ് ഇടപെട്ടാണ് പിന്നീട് പ്രശ്‌നം പരിഹരിക്കുന്നത്.
ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരു സംഘങ്ങളും തമ്മിൽ പിന്നീട് വീണ്ടും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് ബൗൺസേഴ്‌സ് ഇടപെട്ട് ഇവരെ അവിടെ നിന്നും പറഞ്ഞ് വിടുകയായിരുന്നു. യാൻസിയും സുഹൃത്തുകളും ഇരുചക്രവാഹനത്തിലാണ് ബാറിൽ നിന്നും മടങ്ങിയത്.
വഴിയിൽ വച്ച് എതിർ സംഘത്തിലുള്ള യുവാക്കളെ കാണുകയും അവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ കല്ലറിയുകയും ചെയ്‌തു. ഇതോടെ യുവാക്കൾ ഇവരെ കാറിൽ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തുകയുമായിരുന്നു. സംഭവത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ യാൻസി സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തുടനീളം ഞെട്ടലുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. 18 വയസിന് താഴെയുള്ളവർക്ക് ബാറിൽ പ്രവേശനം അനുവദിച്ചതിനാണ് നടപടി. സംഭവത്തിൽ അന്വേഷണം നടത്തനായി പ്രത്യേക സംഘത്തെയും നിയോഗിച്ചുട്ടുണ്ടായിരുന്നു.
സംഭവത്തിൽ ഇതുവരെ മൂന്ന് പ്രതികളെയാണ് പിടികൂടിയത്. ബാലമുരുകൻ, ജോഷ്വാ, കിഷോർകുമാർ എന്നിവരെയാണ് പിടികൂടിയത്. ബാക്കി പ്രതികൾ ഒളിവിലാണെന്നും അവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Also Read: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വൻ തീപിടിത്തം; 10 പേര്‍ വെന്തുമരിച്ചു, 37 പേരെ രക്ഷപ്പെടുത്തി

