ETV Bharat / bharat

ആചാരങ്ങളിൽ മതേതര കോടതികൾ ഇടപെടരുത്; ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്ര സർക്കാർ

ശബരിമലയിലെ പ്രവേശന നിയന്ത്രണം സ്ത്രീവിരുദ്ധമല്ലെന്നും കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ആചാരം ചൂണ്ടിക്കാട്ടയും കേന്ദ്ര സർക്കാർ

SABARIMALA WOMEN ENTRY  SABARIMALA  SABARIMALA CASE  SUPREME COURT
supreme Court (ETV Bharat)
author img

By ETV Bharat Kerala Team

Published : April 9, 2026 at 2:14 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ ആർത്തവമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതിനെ സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്ര സർക്കാർ. പുരുഷന്മാർ ശ്രേഷ്ഠരും സ്ത്രീകൾ താഴെത്തട്ടിലാണെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് 2018ലെ സുപ്രീം കോടതി വിധിയെന്ന് കേന്ദ്രം വാദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ശബരിമല ഉൾപ്പെടെയുള്ള മതങ്ങളിലെ വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച ഹർജികൾ നിലവിൽ പരിഗണിക്കുന്നത്.

മതപരമായ ആചാരങ്ങളിൽ മതേതര കോടതികൾ ഇടപെടരുതെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. പുരുഷന്മാർക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളെക്കുറിച്ചും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു. കൊല്ലം കൊറ്റംകുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിൽ നൂറ്റാണ്ടുകളായി പുരുഷന്മാർ സ്ത്രീകളെപ്പോലെ വേഷം കെട്ടാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരുഷന്മാർ ബ്യൂട്ടിപാർലറിൽ പോയി ഒരുങ്ങുകയും വീട്ടിലെ സ്ത്രീകൾ അവരെ സാരിയുടുക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്.

അതിനാൽ ഇതൊരു പുരുഷ കേന്ദ്രീകൃതമോ സ്ത്രീ കേന്ദ്രീകൃതമോ ആയ മതവിശ്വാസത്തിൻ്റെ പ്രശ്നമല്ലെന്നും ഓരോ ക്ഷേത്രത്തിൻ്റെയും സവിശേഷമായ ആചാരങ്ങളാണെന്നും തുഷാർ മേത്ത ഒമ്പതംഗ ബെഞ്ചിനെ അറിയിച്ചു. ജഡ്ജിമാർക്ക് നിയമ മേഖലയിലാണ് പ്രാവീണ്യമുള്ളതെന്നും മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ മതവിശ്വാസത്തിലെ അന്ധവിശ്വാസങ്ങൾ നിർവചിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

മുമ്പ് വ്യാഖ്യാനിച്ചിട്ടുള്ള ഭരണഘടനാ ധാർമികതയല്ല, മറിച്ച് പൊതു ധാർമികതയാകണം തീരുമാനങ്ങളെടുക്കുന്നതിനുള്ള മാനദണ്ഡമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് വാദിച്ചു. 2018ൽ ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ചത് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു. അയ്യപ്പ ഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാനാകുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ചോദിച്ചിരുന്നു.

ഭക്തരാരും ആചാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും ക്ഷേത്രവുമായി ബന്ധമില്ലാത്തവർ നൽകുന്ന ഹർജി കോടതി എന്തിനാണ് പരിഗണിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. ഇതിൽ 25, 26 അനുച്ഛേദങ്ങളിലെ ധാർമികത എന്ന പദത്തിൻ്റെ പരിധിയിൽ ഭരണഘടനാ ധാർമികത വരുമോ എന്നതും ഉൾപ്പെടുന്നു. കാലത്തിനനുസരിച്ച് സമൂഹത്തിൻ്റെ ധാർമിക സങ്കൽപങ്ങളിൽ മാറ്റം വരുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു.

2018 സെപ്റ്റംബറിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4:1 എന്ന ഭൂരിപക്ഷ വിധിയിലൂടെ ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് നീക്കിയത്. കാലങ്ങളായി തുടരുന്ന ഈ ഹൈന്ദവ ആചാരം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു അന്ന് കോടതി പ്രഖ്യാപിച്ചത്. തുടർന്ന് 2019 നവംബർ 14ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് 3:2 എന്ന ഭൂരിപക്ഷ വിധിയിലൂടെ വിഷയം വിശാല ബെഞ്ചിന് വിട്ടു.

വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും മതസ്വാതന്ത്ര്യവും സംബന്ധിച്ച പൊതുവായ പ്രശ്നങ്ങളാണ് അന്ന് ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് പുറമെ ജസ്റ്റിസുമാരായ ബി വി നാഗരത്ന, എം എം സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസിഹ്, പ്രസന്ന ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല്യ ബാഗ്ചി എന്നിവരാണ് നിലവിലെ ഒമ്പതംഗ ബെഞ്ചിലുള്ളത്.

Also Read: ആര് ഭരിക്കും പുതുച്ചേരി? 30 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി; സുരക്ഷയ്ക്ക് ഡ്രോണും കേന്ദ്രസേനയും