ETV Bharat / bharat

'ഭരണഘടനാപരമായ ഐക്യം നിലനിർത്തണം'; കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഗ്യാനേഷ് കുമാർ

27 വർഷത്തിന് ശേഷം ഡൽഹിയിലാണ് ദേശീയ സമ്മേളനം നടന്നത്. വോട്ടർപട്ടികയും സാങ്കേതികവിദ്യകളും പങ്കുവയ്ക്കാൻ 'ദേശീയ പ്രഖ്യാപനം 2026' അംഗീകരിച്ചു.

ELECTION COMMISSION OF INDIA ECI SEC ELECTORAL ROLL MANAGEMENT
CEC Gyanesh Kumar Urges Coordination Between Central and State Election Commissions (IANS)
author img

By ETV Bharat Kerala Team

Published : February 24, 2026 at 11:43 PM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: വോട്ടർമാരുടെ ക്ഷേമവും ദേശീയ താത്പര്യവും മുൻനിർത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഭരണഘടനാപരമായ ഐക്യം നിലനിർത്തിക്കൊണ്ടാകണം ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തേഴ് വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്എസ് സന്ധു, വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രസംഗം. ഭരണഘടനാപരമായ അധികാരപരിധിയിൽ നിന്നുകൊണ്ട് കേന്ദ്ര സംസ്ഥാന കമ്മിഷനുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിൻ്റെ പ്രാധാന്യം ഗ്യാനേഷ് കുമാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി വോട്ടർപട്ടിക തയ്യാറാക്കുന്നതിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു കമ്മിഷനുകളും യോജിച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണം. മികച്ച മാതൃകകൾ പരസ്പരം പങ്കുവയ്‌ക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംസ്ഥാന കമ്മിഷനുകൾ പരസ്പരം കണ്ടുപഠിക്കാനും മികച്ച പ്രവർത്തന മാതൃകകൾ സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷണർ എസ്എസ് സന്ധു ആഹ്വാനം ചെയ്തു. ഏതൊരു തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും അടിസ്ഥാനം വിശ്വാസമാണെന്നും അതിനാൽ കേന്ദ്ര സംസ്ഥാന കമ്മിഷനുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയുക്തമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷണർ വിവേക് ജോഷി സംസാരിച്ചു. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പ്രവർത്തനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഇസിഐനെറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്മേളനത്തിൻ്റെ ലക്ഷ്യം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംഘടിപ്പിച്ച ഒരു പകൽ നീണ്ടുനിന്ന ദേശീയ സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർമാരും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരും പങ്കെടുത്തു. അതത് നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകളും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട് കമ്മിഷനുകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മേളനത്തിൻ്റെ പ്രധാന ലക്ഷ്യം.

സാങ്കേതികവിദ്യ, വോട്ടിങ് യന്ത്രങ്ങൾ, വോട്ടർപട്ടിക എന്നിവ പരസ്പരം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടന്നു. പുതുതായി ആരംഭിച്ച ഇസിഐനെറ്റ് പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തന സംരംഭങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവതരണങ്ങൾ നടത്തി. തെരഞ്ഞെടുപ്പ് സേവനങ്ങൾ സുഗമമാക്കുന്നതിൽ ഈ പ്ലാറ്റ്ഫോമിനുള്ള കഴിവും വിശദീകരിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ, സുതാര്യത, കൃത്യത എന്നിവയും അവതരണങ്ങളിൽ പ്രത്യേകം എടുത്തുകാണിച്ചു.

ദേശീയ പ്രഖ്യാപനം 2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിൽ ദേശീയ പ്രഖ്യാപനം 2026 ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുക എന്നതാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനമെന്നും സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ദേശീയ ഭരണഘടനാ താത്പര്യങ്ങൾ മുൻനിർത്തി രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാന കമ്മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര കമ്മിഷൻ നിർദേശിച്ചു. സാധ്യമായ എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കുമായി പരസ്പരം അംഗീകരിക്കാവുന്നതും നിയമപരമായി പ്രായോഗികവുമായ ചട്ടക്കൂടുകൾ രൂപീകരിക്കും.

ഇസിഐനെറ്റ്, വോട്ടിങ് യന്ത്രങ്ങൾ, വോട്ടർ പട്ടികകൾ, ഐഐഐഡിഇഎമ്മിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇരു കമ്മിഷനുകളും പങ്കുവയ്ക്കും. പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളെ പാർലമെൻ്റ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ നിയമങ്ങളുമായി സമന്വയിപ്പിക്കാൻ കമ്മിഷനുകൾ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനമായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കാൻ സംസ്ഥാന കമ്മിഷനുകളോട് ആവശ്യപ്പെട്ടു. എല്ലാ വർഷവും ഇത്തരത്തിലൊരു ദേശീയ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിഷൻ അധ്യക്ഷത വഹിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളോടൊപ്പം ഇത് നടത്തുന്നതാണ് അഭികാമ്യമെന്നും നിർദേശിച്ചു.

തുടർനടപടികൾ

സമ്മേളനത്തിൽ സംസ്ഥാന കമ്മിഷനുകൾ നൽകിയ എല്ലാ നിർദേശങ്ങളും കേന്ദ്ര കമ്മിഷനിലെ ബന്ധപ്പെട്ട ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള നിയമ സാങ്കേതിക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വിശദമായി പഠിക്കും. ദേശീയ താത്പര്യം മുൻനിർത്തി മികച്ച തീരുമാനമെടുക്കുന്നതിനായി ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള തുടർനടപടികൾ അടുത്ത മൂന്ന് മാസത്തിനകം കേന്ദ്ര കമ്മിഷന് മുൻപാകെ സമർപ്പിക്കുമെന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു. സമ്മേളനത്തിൻ്റെ ഭാഗമായി എ കോൺഫ്ലുവൻസ് ഓഫ് ഡെമോക്രസീസ് എന്ന പുസ്തകം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പ്രകാശനം ചെയ്തു.

Also Read:- ഒരു കാലത്ത് നക്‌സലിസത്തിൻ്റെ വിളനിലം, ഇന്ന് വിദ്യയുടേയും അറിവിൻ്റേയും; അറിയാം വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്ന ഗ്രാമത്തെ കുറിച്ച്!