'ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ്റെ ഭരണഘടനയിൽ വരെ മാറ്റം വരുത്തി'; ജനറൽ അനിൽ ചൗഹാൻ
ഓപ്പറേഷൻ സിന്ദൂറിന് ശേഷം കണ്ടെത്തിയ പോരായ്‌മകൾ പരിഹരിക്കാൻ അയൽരാജ്യം മാറ്റങ്ങള്‍ വരുത്തുകയാണ്. എല്ലാ സാഹചര്യങ്ങളെയും അഭിമൂഖീകരിക്കാൻ ഇന്ത്യൻ സേനകളെ തയാറാക്കുന്നുണ്ടെന്നും ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ.

Published : January 10, 2026 at 3:23 PM IST
മുംബൈ: ഓപ്പറേഷൻ സിന്ദൂറിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാൻ ഭരണഘടന ഭേദഗതി നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം കണ്ടെത്തിയ പോരായ്‌മകൾ പരിഹരിക്കാൻ അയൽരാജ്യം നിയമ നിർമാണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തിടുക്കം കാട്ടിയതായും അദ്ദേഹം പറഞ്ഞു. പൂനൈ പബ്ലിക് പോളിസി ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പരാമർശം.
"തിടുക്കത്തിൽ നടത്തിയ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ പാകിസ്ഥാനിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ നേരിട്ട തിരിച്ചടിയാണ്. സ്വന്തം രാജ്യത്ത് ധാരാളം പോരായ്‌മകളും അവർ കണ്ടെത്തി'' - അനിൽ ചൗഹാൻ പറഞ്ഞു.
പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ലെ ഭേദഗതി രാജ്യത്തിൻ്റെ ഉന്നത പ്രതിരോധ സംഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സേനകൾക്കിടയിലുള്ള സംയുക്തത പ്രോത്സാഹിപ്പിക്കുന്നതിനായി സൃഷ്‌ടിക്കപ്പെട്ട ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിർത്തലാക്കി. പകരം അവർ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് (സിഡിഎഫ്) എന്ന സ്ഥാനം സ്ഥാപിതമാക്കി തുടങ്ങിയ മാറ്റങ്ങളാണ് പാകിസ്ഥാൻ പുതിയ നിയമ നിർമാണത്തിലൂടെ പ്രാവർത്തികമാക്കിയത്.
കൂടാതെ ഒരു നാഷണൽ സ്‌ട്രാറ്റജി കമാൻഡും ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡും പാകിസ്ഥാൻ പുതുതായി സൃഷ്‌ടിച്ചിട്ടുണ്ട്. പരാമ്പരാഗതമായതും തന്ത്രപരമായതുമായ കാഴ്‌ചപാടുകളിൽ നിന്ന് നോക്കുമ്പോൾ ഇത് അവരുടെ കഴിവുകളെ ശക്തിപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. അടിസ്ഥാനപരമായി ശക്തി കേന്ദ്രികരിക്കുക എന്നതാണ് പുതിയ ഘടനകൾ സൃഷ്‌ടിക്കുന്നതിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പാകിസ്ഥാൻ്റെ ഭരണഘടന ഭേദഗതി മൂന്ന് സേനകളുടെയും സംയുക്തതയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് ജനറൽ ചൗഹാൻ പരിഹസിച്ചു. എല്ലാ സാഹചര്യങ്ങളിലും ഇത്തരം സംഘർഷങ്ങളെ അഭിമൂഖീകരിക്കാൻ ഇന്ത്യൻ സേനകളെ തയാറാക്കുന്നുണ്ടെന്നും ചൗഹാൻ പറഞ്ഞു.
"കരസേനാ പ്രവർത്തനങ്ങൾ, നാവികസേനയും വ്യോമസേനയുമായുള്ള സംയുക്ത പ്രവർത്തനങ്ങൾ, സിഡിഎഫ് വഴിയുള്ള തന്ത്രപരവും ആണവപരവുമായ കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം കരസേനാ മേധാവിക്കായിരിക്കും",ചൗഹാൻ പറഞ്ഞു.
സുപ്രീം കോടതിയുടെ അധികാരങ്ങൾ കുറയ്ക്കുക, ചില അധികാരങ്ങൾ നിർദ്ദിഷ്‌ട ഭരണഘടനാ കോടതിയിലേക്ക് മാറ്റുക, പ്രസിഡന്റിന് ആജീവനാന്തം ക്രിമിനൽ നടപടികളിൽ നിന്നു സംരക്ഷണം നൽകുക എന്നിവയും പാക് ഭേദഗതിയുടെ ഭാഗമാണ്. പാകിസ്ഥാൻ്റെ സൈനിക സംവിധാനത്തിലെ ഗുരുതരമായ പ്രശ്‌നങ്ങളും കുറവുകളും ഓപ്പറേഷൻ സിന്ദൂർ തുറന്നുകാട്ടി എന്നതിൻ്റെ അംഗീകാരമാണ് ഈ മാറ്റങ്ങളെന്നും ജനറൽ ചൗഹാൻ ആവർത്തിച്ചു.
Also Read: അതിഷിയുടെ ഗുരു പരാമാർശ വിവാദം: എഡിറ്റ് ചെയ്‌ത വീഡിയോ പ്രചരിപ്പിച്ചതിൽ കപിൽ മിശ്രയ്‌ക്കെതിരെ കേസ്

