ETV Bharat / bharat

ദലിത് ദമ്പതികള്‍ക്ക് ദർശനം നിഷേധിച്ചു; കൈപിടിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് തഹസിൽദാർ ഇ അഹമ്മദ്

സംഭവത്തിൽ ജനങ്ങൾക്ക് ബോധവത്‌ക്കരണ പരിപാടി നടത്തുമെന്ന് തഹസിൽദാർ പറഞ്ഞു. സമൂഹത്തിൽ ദലിതർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയണമെന്നും തഹസിൽദാർ നിർദേശിച്ചു.

DALIT COUPLE DENIED TEMPLE ENTRY  TAHSILDAR M N KUM E AHMED  COUPLE TEMPLE ENTRY KARNATAKA  TEMPLE ENTRY CASE KARNATAKA
tahsildar gave permission to the couple to enter the temple (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 5:10 PM IST

2 Min Read
Choose ETV Bharat

ബെംഗളൂരു: ദലിത് സമുദായത്തിൽ നിന്നുള്ള നവദമ്പതികൾക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലേക്ക് കൈപിടിച്ച് കയറ്റി തഹസിൽദാർ. കർണാടകയിലെ തുരുവേക്കരെ താലൂക്കിലെ ഗോണി തുമാവുകുരു ഗ്രാമത്തിലാണ് സംഭവം. ഇ അഹമ്മദാണ് സംഭവത്തിൽ ഇടപെട്ട് നവദമ്പതികളെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കയറ്റിയത്.

ഗ്രാമനിവാസികളും ബന്ധപ്പെട്ടവരുമായി സമാധാന യോഗം നടത്തിയതിന് ശേഷമാണ് ദമ്പതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. ദർശനത്തിന് പൊലീസിൻ്റെ സംരക്ഷണവും തഹസിൽദാർ ഒരുക്കിയിരുന്നു. സമാധാന യോഗത്തിന് ശേഷം നവദമ്പതികളെ കൈപിടിച്ച് അരസമ്മ ദേവി ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് ഉന്നത ജാതിക്കാരും ദലിതരും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് തഹസിൽദാർ ഗ്രാമവാസികളോട് നിർദേശിച്ചു. ഭാവിയിൽ താലൂക്കിൽ ഇത്തരം അതിക്രമങ്ങൾ നടന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ മുന്നറിയിപ്പ് നൽകി. കൂടാതെ ക്ഷേത്രം ആരുടെയും സ്വത്തല്ലെന്നും ക്ഷേത്രത്തിൽ എല്ലാവർക്കും സ്വതന്ത്രമായി പ്രവേശിക്കാമെന്നും തഹസിൽദാർ പറഞ്ഞു. ഗ്രാമവാസികളോട് ഐക്യം നിലനിർത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

"അന്ധമായ ആചാരങ്ങളിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്‌മയോ ജാതി അധിക്ഷേപമോ നിയമപ്രകാരം കുറ്റകരമാണ്. എല്ലാവർക്കും ക്ഷേത്രത്തിൽ സൗജന്യമായി പ്രവേശനം നൽകണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും", എന്ന് തഹസിൽദാർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് ജനങ്ങൾക്ക് ബോധവത്‌ക്കരണ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടം ഒരു നാടക പ്രകടനവും നടത്തും. ഈ നാടകത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ പങ്കെടുക്കും. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ചിലരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും തഹസിൽദാർ അറിയിച്ചു.

സമാധാന യോഗത്തിൽ താലൂക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫിസർ അനന്തരാജു, ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ഓഫ് പ്രൊട്ടക്ഷൻ ടി മൂർത്തി, സാമൂഹ്യക്ഷേമ വകുപ്പ് അസിസ്‌റ്റൻ്റ് ഡയറക്‌ടർ ശിവലിംഗയ്യ, പൊതുമരാമത്ത് വകുപ്പ് അസിസ്‌റ്റൻ്റ് എഞ്ചിനീയർ കൺമണി, പഞ്ചായത്ത് വികസന ഓഫിസർ സുരേഷ്, റവന്യൂ ഇൻസ്പെക്‌ടർ രംഗസ്വാമി, കസബ ഹോബ്ലി റവന്യൂ ഇൻസ്പെക്‌ടർ ജഗദീഷ്, സംസ്ഥാന ഇൻ്റലിജൻസ് വകുപ്പ് രാജ്‌കുമാർ, പുരോഹിതൻ നഞ്ചെ ഗൗഡ, സാമൂഹികക്ഷേമ വകുപ്പ് ജീവനക്കാർ, ധനഞ്ജയ, കിരൺ കുമാർ, വില്ലേജ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ മല്ലിക്, മറ്റ് ഗ്രാമവാസികൾ എന്നിവർ പങ്കെടുത്തു.

കേസിൻ്റെ പശ്ചാത്തലം: ഫെബ്രുവരി 19ന് തുരുവേക്കരെ താലൂക്കിലെ ഗോണി തുമാവുകുരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ദലിത് സമുദായത്തിൽ നിന്നുള്ള നവദമ്പതികൾക്ക് പ്രദേശത്തുള്ള അരസമ്മ ദേവി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. കൂടാതെ ഇവർ ജാതി അധിക്ഷേപത്തിനും ഇരയായിരുന്നു.

തുടർന്ന് അധിക്ഷേപത്തിന് ഇരയായ ജഗദീഷ്‌ എന്ന വ്യക്തി പൊലീസിൽ പരാതിപ്പെട്ടു. ക്ഷേത്രത്തിൽ പ്രവേശിച്ചയുടനെ ചിലർ തങ്ങളെ അപമാനിക്കുകയും ക്ഷേത്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്‌തതായി ജഗദീഷ് തൻ്റെ പരാതിയിൽ പരാമർശിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ തുരുവേക്കരെ പൊലീസ് സ്‌റ്റേഷനിൽ എസ്‌സി-എസ്‌ടി അതിക്രമ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

Also Read: അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു; രക്ഷിക്കുന്നതിന് പകരം പിന്നാലെ വന്ന വാഹനങ്ങളെല്ലാം കയറിയിറങ്ങി, യുവതിയ്‌ക്ക് ദാരുണാന്ത്യം