സംക്രാന്തി അടിച്ച് പൊളിക്കാന്‍ കാരവാന്‍ യാത്രയുമായി ആന്ധ്രാ സര്‍ക്കാര്‍, രണ്ട് ദിവസത്തെ യാത്ര ഹൈദരാബാദ് മുതല്‍ സൂര്യലങ്ക ബാപട്‌ല വരെ
വിനോദസഞ്ചാര മേഖലയെ ശാക്തീകരിക്കാന്‍ വിവിധ പദ്ധതികളുമായി ആന്ധ്രാസര്‍ക്കാര്‍. കാരവാന്‍ ടൂറിസത്തിന് സംക്രാന്തിയില്‍ തുടക്കം.

Published : January 7, 2026 at 12:52 PM IST
ബപ്‌ടല: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാന്‍ നിരവധി പദ്ധതികളാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. സംക്രാന്തി അവധിക്കാലം അടിച്ച് പൊളിക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായാണ് ഹൈദരാബാദ് മുതല്‍ സൂര്യലങ്ക വരെ കാരവാന്‍ യാത്രയുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. കാരവാനില്‍ ജില്ലയിലെ കടലോരങ്ങള്‍ സന്ദര്‍ശിക്കാനും അവിടെ രാത്രി ചെലവിടാനുമുള്ള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഏതായാലും സഞ്ചാരികള്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമാകും. സംക്രാന്തിയില്‍ പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കും.
Also Read: 20 ദിവസം, 1.6 ലക്ഷം സന്ദർശകർ! കൊച്ചിയിലേക്ക് ജനസാഗരം; ബിനാലെ ഇത്തവണ ചരിത്രം തിരുത്തും
വാരാന്ത്യങ്ങളിലും ആഘോഷവേളകളിലും ഹൈദരാബാദില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് തീരദേശത്തേക്ക് വിനോദത്തിനായി എത്തുന്നത്. ഇവര്‍ റിസോര്‍ട്ടുകളില്‍ മുന്‍കൂറായി മുറികള്‍ എടുക്കുന്നു. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ ഇവര്‍ മുറികള്‍ കിട്ടാതെ ബുദ്ധിമുട്ടാറുമുണ്ട്.
കാരവാന്‍ വിനോദസഞ്ചാരത്തിന്‍റെ സാധ്യതകള്‍ വിനോദസഞ്ചാര വകുപ്പ് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ദസറ അവധിക്കാലത്ത് കളക്‌ടര്‍ വിനോദ് കുമാറാണ് ജില്ലയിലേക്ക് കാരവാന്‍ കൊണ്ടുവന്നത്. ആളുകളില്‍ അവബോധം ഉണ്ടാക്കാനായി രണ്ട് ദിവസം ഈ കാരവാന്‍ സൂര്യലങ്കയിലും രാമപുരത്തും പ്രദര്‍ശിപ്പിച്ചു. ഒജി ഡ്രീം ലൈനേഴ്‌സിനും ഇന്ത്യ ലക്ഷ്വറി കാരവാന്‍ എല്‍എല്‍പി കമ്പനീസിനും കാരവാന്‍ പ്രവര്‍ത്തനത്തിന് ആന്ധ്രാപ്രദേശ് വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ അനുമതി നല്‍കി. വലിയ തോതില്‍ സഞ്ചാരികളെത്തുന്ന സംക്രാന്തി അവധിക്കാലത്ത് ഇതിന്‍റെ ഉദ്ഘാടനം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പത്ത് മുതല്‍ പന്ത്രണ്ട് സീറ്റുവരെയുള്ള കാരവാനിലെ രണ്ട് ദിവസത്തെ യാത്രയ്ക്ക് 85,000 രൂപയാണ് ചെലവ്. ആറ് സീറ്റുള്ള കാരവാനില്‍ ഇത് 64,000 രൂപയാണ്. സഞ്ചാരികളെ ഹൈദരാബാദില്‍ നിന്ന് ജില്ലയിലെ സൂര്യലങ്ക ബീച്ചിലേക്ക് കൊണ്ടു പോകും.
ആദ്യ ദിവസത്തെ യാത്രയില്‍ രാത്രി ബീച്ചില്‍ തന്നെ കാരവാന്‍ പാര്‍ക്ക് ചെയ്യും. അടുത്ത ദിവസം രാമപുരം ബീച്ചിലേക്ക് പോകും. ഭക്ഷണച്ചെലവുകള്‍ സഞ്ചാരികള്‍ തന്നെ വഹിക്കണം. ഭാവനാരായണ സ്വാമി ക്ഷേത്രം, ചിരാല കുപ്പാഡം പട്ടുസാരികള്‍, വെട്ടാപാളയം കശുവണ്ടി സംസ്‌കരണ കേന്ദ്രം, മൊതുപള്ളിയിലെ കാകതീയ കാലം മുതലേ ഉള്ള വീരഭദ്ര സ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. രണ്ടോ മൂന്നോ കുടുംബങ്ങള്‍ക്ക് ഒരു കാരവാന്‍ ഒന്നിച്ച് ബുക്ക് ചെയ്യാനും കടലോര കാഴ്‌ചകള്‍ ആസ്വദിക്കാനും സാധിക്കുമെന്നാണ് വിനോദസഞ്ചാര വകുപ്പ് പറയുന്നത്.
കോനസീമയില്‍ വിപുലമായ സംക്രാന്തി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേരള മാതൃകയിലുള്ള വള്ളംകളിയടക്കം സംഘടിപ്പിച്ചിട്ടുണ്ട്.

