നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 മരണം, ഹിമാചലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
ഹിമാചൽപ്രദേശില്‍ ബസ് അപകടം. കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് ജീവഹാനി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Published : January 9, 2026 at 6:40 PM IST
ഷിംല: ഹിമാചൽപ്രദേശിലെ സിർമൗറിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. 14 പേർ മരിച്ചു. 52 പേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ന് (ജനുവരി 09) 3:30 ഓടെയായിരുന്നു സംഭവം. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് (ജീറ്റ് കോച്ച്) അപകടത്തില്‍ പെട്ടത്. ഹരിപൂർ ധാർ മാർക്കറ്റിൽ നിന്ന് പുറപ്പെട്ട ബസ് ശ്രീ രേണുക ജി നിയമസഭാ മണ്ഡലത്തിലെ ഹരിപൂർ ധറിന് സമീപത്ത് വച്ചാണ് അപടകത്തില്‍ പെടുന്നത്. വിവരം ലഭിച്ച ഉടനെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാഥമിക വിവരം അനുസരിച്ച് അപകടത്തിൽപ്പെട്ട ബസിൽ ഏകദേശം 66 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരുമെന്നും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ സിർമൗർ എസ്‌പി എൻഎസ് നേഗി അപകട സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതികരിച്ച് എസ്‌പി എൻഎസ് നേഗി
അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിർമൗർ എസ്‌പി എൻഎസ് നേഗി പറഞ്ഞു. "ഇതുവരെ ബസ് അപകടത്തിൽ 9 പേർ മരിച്ചു. സംഗ്ര, രാജ്‌ഗഡ്, ദാദാഹു എന്നിവിടങ്ങളിൽ നിന്ന് പൊലീസിനെയും ദുരിതാശ്വാസ സംഘങ്ങളെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്" നേഗി കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ച സംഭവത്തില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ്
കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും എംഎൽഎയുമായ വിനയ് കുമാര്‍ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. "ഹരിപൂർധറിൽ നടന്ന ഗുരുതരമായ റോഡ് അപകടത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്. ഈ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. നാമെല്ലാവരും ഇതിൽ അഗാധമായ ദുഃഖത്തിലാണ്. പരിക്കേറ്റ എല്ലാവരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ഈ ദുഃഖത്തില്‍ കോൺഗ്രസ് പങ്കുച്ചേരുന്നു" വിനയ് കുമാര്‍ എക്‌സില്‍ കുറിച്ചു.
ഹരിപൂർധർ മേഖലയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അപകടസ്ഥലത്ത് ഉടൻ എത്തിച്ചേരാനും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടാനും ഞാൻ വിനീതമായി അഭ്യർഥിക്കുന്നു.ഈ ദുഷ്‌കരമായ സമയത്ത് ഇരകള്‍ക്കും അവരുടെ കുടുംബങ്ങത്തിനുമൊപ്പം നിൽക്കേണ്ടത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും വിനയ് കുമാര്‍ കൂട്ടിച്ചേർത്തു.

Also Read:കൊൽക്കത്ത ഇഡി റെയ്‌ഡ്: അമിത് ഷായുടെ ഓഫിസിന് പുറത്ത് പ്രതിഷേധിച്ച എംപിമാർ കസ്റ്റഡിയിൽ

