''ഷാരൂഖ് ഖാൻ രാജ്യദ്രോഹി''; ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് പിന്നാലെ ബിജെപിയുടെ വിമർശനം
ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിനിരയാകുന്നു. ഷാരൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികള്‍ അവരെ പിന്താങ്ങുന്നുവെന്നും ബിജെപി.

Published : January 2, 2026 at 12:25 PM IST
|Updated : January 2, 2026 at 7:23 PM IST
ഡെറാഡൂണ്‍: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്‌തഫിസുർ റഹ്മാനെ ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) ഉൾപ്പെടുത്തിയതിൽ നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം കനക്കുന്നു. ആത്മീയ നേതാവ് ദേവ്കിനന്ദൻ താക്കൂറിൻ്റെ രാജ്യദ്രോഹി പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാവ് സംഗീത് സിങ് സോം രംഗത്തെത്തി.
''ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിനിരയാകുന്നു. ബംഗ്ലാദേശിൽ വ്യാപകമായി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ഷാരൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികള്‍ അവരെ പിന്താങ്ങുന്നു. ഷാരൂഖ് ഖാനെപ്പോലുള്ളവരോട് എനിക്ക് പറയാനുള്ളത് അവർ വിജയിക്കില്ല എന്നാണ്. എന്തായാലും മുസ്‌തഫിസുർ റഹ്മാനെ ഇവിടെ കളിക്കാൻ അനുവദിക്കില്ല.
റഹ്മാന് വിമാനത്താവളത്തിന് പുറത്ത് കാലുകുത്താൻ കഴിയില്ല. ഷാരൂഖ് ഖാനെപ്പോലുള്ളവർ രാജ്യദ്രോഹികളാണ്. ഇന്ത്യയിൽ ഭക്ഷണം കഴിച്ചിട്ട് പാകിസ്ഥാനെയും ബംഗ്ലാദേശിനെയും സ്‌തുതിക്കുകയാണ് ഷാരൂഖ് ഖാൻ ചെയ്യുന്നത്. അദ്ദേഹത്തിനുള്ളതെല്ലാം ഇന്ത്യയാണ് നൽകുന്നത്. ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്, പക്ഷേ അവർ ഈ പണം എവിടെയാണ് നിക്ഷേപിക്കുന്നത്? ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തെ കളിക്കാരിൽ ഈ പണമെല്ലാം നിക്ഷേപിക്കുന്നുവെന്നും ബിജെപി നേതാവ് വിമർശിച്ചു'' - ബിജെപി നേതാവ് സംഗീത് സിങ് സോം വിമർശിച്ചു.
ഹിന്ദു സമൂഹം ഷാരൂഖ് ഖാനെ പിന്തുണച്ചു... ആ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആത്മീയ നേതാവ്
ബംഗ്ലാദേശിലെ ഹിന്ദുക്കൾ അങ്ങേയറ്റത്തെ അതിക്രമങ്ങൾ നേരിടുന്നുവെന്നും ഷാരൂഖ് ഖാൻ രാജ്യദ്രോഹിയാണെന്നുമായിരുന്നു ദേവ്കിനന്ദൻ താക്കൂറിൻ്റെ വിമർശനം. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ക്രൂരമായി കൊല്ലപ്പെടുന്നു. അവരുടെ വീടുകൾ കത്തിക്കുന്നു. സഹോദരിമാരും പെൺമക്കളും ബലാത്സംഗം ചെയ്യപ്പെടുന്നു. ഇത്തരം ക്രൂരമായ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരാൾക്ക് എങ്ങനെയാണ് ഇത്ര ഹൃദയശൂന്യനാകാൻ കഴിയുക. അതേ രാജ്യത്തെ ഒരു ക്രിക്കറ്റ് കളിക്കാരനെ തൻ്റെ ടീമിൽ ഉൾപ്പെടുത്തി അയാൾക്ക് എങ്ങനെ ഇത്ര ക്രൂരനാകാൻ കഴിഞ്ഞു?
ഈ രാജ്യം നിങ്ങളെ ഒരു നായകനും സൂപ്പർസ്റ്റാറും ആക്കി. നിങ്ങൾക്ക് ഒരു ക്രിക്കറ്റ് ടീം സ്വന്തമാക്കാൻ തക്ക ശക്തിയും നൽകി. മുൻപ് നിങ്ങൾ ആരായിരുന്നു? നിങ്ങൾ ഒരു ടിവി സീരിയലിൽ ജോലി ചെയ്‌തിരുന്നയാളാണ്. ഹിന്ദു സമൂഹം നിങ്ങളെ പിന്തുണച്ചിരുന്നു. ആ "കടം" എങ്ങനെ തിരിച്ചടയ്ക്കുമെന്നുമാണ് ആത്മീയ നേതാവ് ദേവ്കിനന്ദൻ താക്കൂർ വിമർശിച്ചത്.
മുസ്‌തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ശിവസേന
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്‌തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം. കൊൽക്കത്ത ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 2026 പതിപ്പിനായി ബംഗ്ലാദേശ് പേസർ മുസ്‌തഫിസുറിനെ 9.20 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആവർത്തിച്ചുള്ള അക്രമ സംഭവങ്ങളിൽ മുസ്‌തഫിസുറിനെ ഐപിഎല്ലിൽ ഉൾപ്പെടുത്തരുതെന്നാണ് വാദം. അയാളെ ഉടൻ നീക്കം ചെയ്യണമെന്നും ശിവസേന നേതാവ് സഞ്ജയ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"രാജ്യം മുഴുവൻ ബംഗ്ലാദേശിനെതിരെ രോഷവും കോപവും പ്രകടിപ്പിക്കുമ്പോൾ, ബംഗ്ലാദേശികളുമായി നേരിയ ബന്ധമുള്ളവർ പോലും ആ കോപത്തിൻ്റെ ഇരയാകാം. ഷാരൂഖ് ഖാൻ്റെ ടീമിൽ ഒരു ബംഗ്ലാദേശിയുണ്ടെങ്കിൽ ഉടൻ തന്നെ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു'' - ശിവസേന നേതാവ് സഞ്ജയ് നിരുപം വ്യക്തമാക്കി.
ബംഗ്ലാദേശ് കളിക്കാരെ ഇന്ത്യൻ മണ്ണിൽ ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കരുതെന്നും ശിവസേന വ്യക്തമാക്കി. പാകിസ്ഥാൻ, ബംഗ്ലാദേശ് കളിക്കാരെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പോർട്‌സും സിനിമകളും അതിർത്തികൾ കടക്കുന്നവ, പിന്തുണച്ച് ഇമാം അസോസിയേഷൻ
അതേസമയം ദേവ്കിനന്ദൻ താക്കൂറിൻ്റെ പരാമർശത്തിൽ നടപടിയെടുക്കണമെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ. സ്പോർട്‌സും സിനിമകളും അതിർത്തികൾ കടക്കുന്നവയാണെന്നും മൗലാന സാജിദ് റാഷിദി. ഷാരൂഖ് ഖാൻ്റെയും സൽമാൻ ഖാൻ്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് മൗലാന സാജിദ് റാഷിദിയുടെ പരാമർശം.
''കായികരംഗത്തും സിനിമകളിലും അതിരുകളില്ല. ഷാരൂഖ് ഖാനും സൽമാൻ ഖാനും ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന നടന്മാരാണ്. ദേവ്കിനന്ദൻ താക്കൂറിനെതിരെ സർക്കാർ നടപടിയെടുക്കണം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമത്തെ ഞങ്ങൾ അപലപിക്കുന്നു, പക്ഷേ നമ്മുടെ രാജ്യത്ത് മുസ്ലീങ്ങൾക്കെതിരായ ലക്ഷ്യമിട്ട ആക്രമണങ്ങളെക്കുറിച്ച് നമ്മൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല" - മൗലാന സാജിദ് റാഷിദി പറഞ്ഞു.

