ബിഹാറിൽ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം; ആറ് പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്
സംഭവത്തിൽ ആറ് പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നിരവധിപേരുടെ നില ഗുരുതരമാണ്.

Published : February 24, 2026 at 8:18 PM IST
പട്‌ന: ബിഹാറിലെ ഭഗൽപൂരിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 6 മരണം. ഖാരിക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ബാഗ്‌ഡി പാലത്തിന് സമീപം എൻഎച്ച് 31 ലാണ് അപകടമുണ്ടായത്. അതിവേഗതയിൽ വന്ന ഒരു ട്രക്ക് എതിർദിശയിൽ എത്തിയ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ട്രക്ക് മറ്റ് വാഹനങ്ങളിലും ഇടിച്ചുകയറി. സംഭവത്തിൽ ആറു പേർ മരിച്ചതായും നിരവധിപേർക്ക് പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൻഎച്ചിലൂടെ അതിവേഗത്തിലെത്തിയ ഒരു ട്രക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് ഒരു ഓട്ടോ റിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ബസിലും ചെന്നിടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷയിൽ നാല് പേർ ഉണ്ടായിരുന്നു. ഇവർ നല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു എന്നും പൊലീസ് പറഞ്ഞു. മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപകടം നടന്ന സമയം തന്നെ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ബിഹ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കുറച്ചുപേരെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അടിയന്തര ചികിത്സ നൽകിയെങ്കിലും ആറു പേർ മരിക്കുകയായിരുന്നു. ആദ്യം മൂന്ന് പേരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
മരിച്ചവരിൽ മൂന്ന് പേർ കതിഹാറിലെ സമേലിയിൽ നിന്നുള്ളവരും ഒരാൾ ഖഗരിയയിലെ മാൻസിയിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ ഭഗൽപൂരിലെ മായാഗഞ്ച് ആശുപത്രിയിലേക്ക് പോസ്‌റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

