ETV Bharat / bharat

ബെംഗളൂരുവിൽ റോഡിൽ വണ്ടിയിട്ടാല്‍ പോക്കറ്റ് കീറും; കടുത്ത പാർക്കിങ് നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

വാണിജ്യ പ്രാധാന്യവും തിരക്കും കണക്കിലെടുത്ത് നഗരത്തിലെ റോഡുകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കും

Bengaluru  FREE Parking  Traffic  Park System
Bengaluru Parking Rules (ETV Bharat)
author img

By ETV Bharat Kerala Team

Published : August 13, 2026 at 8:28 PM IST

3 Min Read
Choose ETV Bharat

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പാർക്കിങ് സംവിധാനം ക്രമീകരിക്കാനും ലക്ഷ്യമിട്ട് കർണാടക സർക്കാർ 'ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിങ്) റൂൾസ് 2026' എന്ന പേരിലുള്ള കരട് നിർദേശങ്ങൾ പുറത്തിറക്കി. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നഗരത്തിലെ റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറും. പൊതുജനങ്ങൾക്ക് തങ്ങളുടെ എതിർപ്പുകളും നിർദേശങ്ങളും അറിയിക്കാൻ വിജ്ഞാപനം വന്ന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കരട് ചട്ടങ്ങളിലെ റൂൾ 13 പ്രകാരം ഇനി മുതൽ നഗരത്തിലെ പൊതു പാർക്കിങ് സൗജന്യമായിരിക്കില്ല. നിർദിഷ്ട സ്റ്റാൻഡുകളിൽ നിർത്തുന്ന സൈക്കിളുകൾക്കും ഓട്ടോറിക്ഷകൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്. വാണിജ്യ പ്രാധാന്യവും തിരക്കും കണക്കിലെടുത്ത് നഗരത്തിലെ റോഡുകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. എ കാറ്റഗറി റോഡുകളിൽ കാറുകൾക്ക് മണിക്കൂറിന് 80 രൂപയും ബി കാറ്റഗറിയിൽ 60 രൂപയും സി കാറ്റഗറിയിൽ 40 രൂപയുമാണ് ഓൺ-സ്ട്രീറ്റ് പാർക്കിങ് നിരക്ക്. ഇരുചക്ര വാഹനങ്ങൾക്ക് യഥാക്രമം 40, 30, 20 രൂപ വീതം ഈടാക്കും. രണ്ടു മണിക്കൂറിൽ കൂടുതൽ വാഹനം പാർക്ക് ചെയ്താൽ നിരക്ക് വർധിക്കും. തിരക്കേറിയ പീക്ക് സമയങ്ങളിൽ സാധാരണ നിരക്കിന്‍റെ ഒന്നര ഇരട്ടി വരെ ഈടാക്കാനും നിർദേശമുണ്ട്.

റോഡിന് പുറത്തുള്ള ഓഫ്‌ലൈൻ പാർക്കിങ് കേന്ദ്രങ്ങളിൽ പ്രതിമാസം ഇരുചക്ര വാഹനങ്ങൾക്ക് 1,000 മുതൽ 2,000 രൂപ വരെയും കാറുകൾക്ക് 2,000 മുതൽ 4,000 രൂപ വരെയുമാണ് നിരക്ക്. രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെയുള്ള സമയങ്ങളിൽ ഓഫ്‌ലൈൻ പാർക്കിങ് ഉപയോഗിക്കുന്നവർക്ക് മാസാന്ത നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും.

റസിഡൻഷ്യൽ മേഖലകളിലും പുതിയ നിബന്ധനകൾ കടുപ്പമേറിയതാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ അനുസരിച്ച് ഓരോരുത്തരും സ്വന്തം വീട്ടുപറമ്പിലോ ഗാരേജിലോ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ. എന്നാൽ സ്വന്തമായി സ്ഥലമില്ലാതെ പൊതുറോഡിൽ കാറുകൾ പാർക്ക് ചെയ്യുന്നവർ വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് എടുക്കേണ്ടി വരും. ചെറിയ കാറുകൾക്ക് പ്രതിവർഷം 15,000 രൂപയും സെഡാനുകൾക്ക് 20,000 രൂപയും എസ്‌യുവികൾക്ക് 25,000 രൂപയുമാണ് പെർമിറ്റ് ഫീസായി നിർദേശിച്ചിട്ടുള്ളത്. ഇതിന് പുറമെ അഡ്‌മിനിസ്ട്രേറ്റീവ് ചാർജുകളും നൽകണം. റോഡിന് ആവശ്യത്തിന് വീതിയുള്ള സ്ഥലങ്ങളിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ. വാഹനം പാർക്ക് ചെയ്‌ത ശേഷവും ഗതാഗതത്തിനായി നാല് മുതൽ ആറ് മീറ്റർ വരെ വീതിയും ഇരുവശങ്ങളിലും 1.8 മീറ്റർ വീതിയിൽ നടപ്പാതയും അവശേഷിക്കണം. ജിബിഎ മാർഷലുകൾ നേരിട്ടെത്തി പരിശോധിച്ചശേഷമേ അനുമതി നൽകൂ.

മെട്രോ, സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ 150 മീറ്റർ ചുറ്റളവിൽ പാർക്കിങ് പൂർണമായി നിരോധിക്കും. ഭാവിയിൽ ഇത് 500 മീറ്റർ വരെയായി ഉയർത്തിയേക്കാം. പ്രധാന സിഗ്നൽ ജങ്ഷനുകളുടെ 100 മീറ്റർ ചുറ്റളവിലും ബസ് സ്റ്റോപ്പുകളുടെ 25 മീറ്ററിനുള്ളിലും നടപ്പാതകളിലും പാർക്കിങ് അനുവദിക്കില്ല. നിയമം ലംഘിച്ച് റോഡരികിൽ പാർക്ക് ചെയ്‌താൽ കാറുകൾക്ക് 500 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയുമാണ് പിഴ. നടപ്പാതകളിൽ വാഹനം കയറ്റിയിട്ടാൽ കാറുകൾക്ക് 1,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 600 രൂപയും പിഴയീടാക്കും. നോ-പാർക്കിങ് മേഖലകളിൽ നിന്ന് വാഹനങ്ങൾ പൂട്ടിയിടാനോ ടോ ചെയ്യാനോ സ്വകാര്യ ഏജൻസികൾക്ക് ചുമതല നൽകും. എന്നാൽ ടോ ചെയ്യുന്നതിന് മുൻപ് വീഡിയോ ചിത്രീകരിക്കൽ നിർബന്ധമാണ്.

വാണിജ്യ സ്ഥാപനങ്ങൾ അനുമതി നേടിയ ബേസ്‌മെന്‍റ് പാർക്കിങ് സ്ഥലങ്ങൾ കടകളായോ ഗോഡൗണുകളായോ മാറ്റി ഉപഭോക്താക്കളെ റോഡിൽ പാർക്ക് ചെയ്യാൻ നിർബന്ധിതരാക്കിയാൽ ആഴ്‌ചയിൽ 5,000 രൂപ പിഴ ചുമത്തും. ഒരു മാസത്തിനുള്ളിൽ പാർക്കിങ് സൗകര്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഒക്യുപൻസി സർട്ടിഫിക്കറ്റും ട്രേഡ് ലൈസൻസും റദ്ദാക്കും. അതേസമയം സ്വകാര്യ വ്യക്തികൾ പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് 15 കാറുകൾ പാർക്ക് ചെയ്യാവുന്ന ഖാളി പറമ്പുകൾ പാർക്കിങ്ങിനായി നൽകിയാൽ 50 ശതമാനം വസ്‌തു നികുതി ഇളവ് ലഭിക്കും. 30 മുതൽ 200 വരെ കാറുകൾ ഉൾക്കൊള്ളുന്ന മൾട്ടി-ലെവൽ അല്ലെങ്കിൽ മെക്കനൈസ്ഡ് പാർക്കിങ് കേന്ദ്രങ്ങൾക്ക് 100 ശതമാനം നികുതി ഇളവുണ്ടാകും. ഉടമകൾക്ക് ഇത് നേരിട്ടോ അല്ലെങ്കിൽ മൂന്ന് മുതൽ 15 വർഷം വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകിയോ പ്രവർത്തിപ്പിക്കാം.

നഗരത്തിലെ അനിയന്ത്രിതമായ പാർക്കിങ് സംസ്‌കാരത്തിന് വിരാമമിടാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ കരട് ചട്ടങ്ങൾ തയ്യാറാക്കിയിട്ടുള്ളതെങ്കിലും, പാർക്കിങ് പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ള ഉയർന്ന നിരക്കുകൾ സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും.

Also Read: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം; ആശുപത്രിയിൽ ചികിത്സയില്‍