ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പതിനൊന്നു വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി
കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സുവേന്ദു അധികാരി മാതാപിതാക്കള്‍ക്ക് ഉറപ്പ് നൽകി.

By PTI
Published : July 7, 2026 at 6:31 PM IST
കൊൽക്കത്ത: ബലാത്സംഗത്തിനിരയായ പതിനൊന്നു വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ചൊവ്വാഴ്‌ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടത്. ബരുയിപൂർ പൊലീസ് ജില്ലയിലെ എസ്‌പി യുടെ ഓഫീസിൽ വച്ച് സുവേന്ദു അധികാരി പെൺകുട്ടിയുടെ മാതാപിതാക്കളെ കാണുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി തിങ്കളാഴ്‌ച പറഞ്ഞിരുന്നു. മരിച്ച കുട്ടിയുടെ കുടുംബം സർക്കാരിൽ വിശ്വാസം അർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് 25 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. ശനിയാഴ്‌ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാന്‍ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
ഒരു ദിവസത്തിന് ശേഷം, കാണാതായ 11 വയസുകാരിയുടെ മൃതദേഹം ഞായറാഴ്‌ച സുർജ്യാപൂർ ഹാത്ത് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം തലക്കേറ്റ ഗുരുതര പരിക്കും വെള്ളത്തിൽ വീണുള്ള ശ്വാസം മുട്ടലുമാണെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പ്രതിഷേധിച്ച് നാട്ടുകാർ
പതിനൊന്നു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധങ്ങളാണ് നാട്ടുകാർ ഉയർത്തിയത്. പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബരുയിപൂർ-ജോയ് നഗർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ഏതാനും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.
പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവുമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ പരുക്കേറ്റതായും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടിച്ചു കീറിയതും നഖം കൊണ്ടുള്ളതുമായ പാടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
തലയിൽ കനത്ത ആയുധം കൊണ്ട് അടിക്കുകയോ അല്ലെങ്കിൽ കഠിനമായ പ്രതലത്തിൽ തല ശക്തമായി ഇടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. കുട്ടിയെ ജീവനോടെയാണ് കുളത്തിലേക്ക് എറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കേറ്റ പരുക്കിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവവും ശ്വാസം മുട്ടിയതുമാണ് മരണകാരണം.
ഞായറാഴ്‌ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിച്ചയാളെ രോഷാകുലരായ നാട്ടുകാർ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. സംസ്ഥാന സർക്കാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്.
Also read:ബിഹാറിലെ പ്രശസ്ത ആശ്രമത്തിനു സമീപം മലയാളി യുവാവ് മരിച്ച നിലയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

