ഉത്തർപ്രദേശിൽ അമ്പതുകാരിയെ മുതല കടിച്ച് കൊന്നു; മൃതദേഹം കണ്ടെത്തി
തെരച്ചിലിൽ ഇന്ന് രാവിലെ കനാലിലെ 10-ാം നമ്പർ പാലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയായി ഒരു സ്ത്രീയുടെ മൃതദേഹം മുതല തിന്നുന്നത് ഗ്രാമവാസികൾ കണ്ടുവെന്ന് പൊലീസ് പറഞ്ഞു.

By PTI
Published : July 5, 2026 at 6:12 PM IST
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് കനാലിൽ അമ്പതുകാരിയെ മുതല കടിച്ച് കൊന്നു. മൊഹ്‌കാംപൂർ ചഫാരിയ ഗ്രാമവാസിയായ കേത്കി ദേവി (50)യെയാണ് മുതല കൊന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സുജൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കതർനിയാഘട്ട് വന്യജീവി ഡിവിഷനിലെ നിഷാംഗർഹ വനമേഖലയിൽ ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവാഹത്തിന് പോവുന്നതിനിടെ സരയു നദിയുടെ ഭാഗമായ ബഹ്‌റൈച്ച് കനാലിനടുത്ത് വിശ്രമിക്കാൻ പോയപ്പോഴാണ് യുവതിയെ മുതല കൊന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗ്രാമവാസികൾ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ കേത്കി ദേവി തിരിച്ച് എത്താതിനെ തുടർന്ന് കുടുംബവും ഗ്രാമവാസികളും തെരച്ചിൽ ആരംഭിച്ചിരുന്നുവെന്ന് ഗ്രാമത്തലവൻ അബ്‌ദുൾ അസീസ് പിടിഐയോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരച്ചിലിൽ ഇന്ന് രാവിലെ കനാലിലെ 10-ാം നമ്പർ പാലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയായി ഒരു സ്ത്രീയുടെ മൃതദേഹം മുതല തിന്നുന്നത് ഗ്രാമവാസികൾ കണ്ടുവെന്ന് പൊലീസ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കനാലിനടുത്തേക്ക് പോയ യുവതിയെ മുതല വലിച്ചിഴച്ച് വെള്ളത്തിലേക്ക് കൊണ്ടുപോയി കൊന്നതായിരിക്കാമെന്നാണ് ഗ്രാമത്തലവൻ അസീസിൻ്റെ സംശയം.
മൃതദേഹം കണ്ടെടുത്തപ്പോഴേക്കും മുതല സ്ത്രീയുടെ ഒരു കാല് പൂർണ്ണമായും തിന്ന് മറ്റേ കാലിൻ്റെ തുടയിൽ ഗുരുതരമായി മുറിവേൽപ്പിച്ചിരുന്നുവെന്ന് സുജൗലി എസ്എച്ച്ഒ പ്രകാശ് ചന്ദ്ര ശർമ്മ പിടിഐയോട് പറഞ്ഞു. "മുതല കനാലിൽ നീന്തുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തപ്പോഴാണ് ആളുകൾ മൃതദേഹം കനാലിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചത്" അദ്ദേഹം പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മൃതദേഹം കണ്ടെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇരയുടെ കുടുംബത്തിന് നിയമങ്ങൾ അനുസരിച്ച് നഷ്‌ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വെള്ളിയാഴ്‌ച രാത്രി ഇതേ പ്രദേശത്തെ ചൗധരി ചരൺ സിംഗ് ബാരേജിന് സമീപമുള്ള കനാലിൽ നിന്ന് ഒരു മുതല പുറത്തുവന്ന് റോഡിൽ എത്തി പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉരഗത്തെ പിടികൂടി അതിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വിട്ടു.
ഈ സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് യുവതിയെ മുതല കടിച്ച് കൊന്ന സംഭവമുണ്ടായത്. കനാലുകളിലും ജലാശയങ്ങളിലും മുതലകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിനാൽ ഇത്തരം പ്രദേശങ്ങൾക്ക് സമീപം പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനം, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ALSO READ: പ്രധാനമന്ത്രി ചാ ശ്രമിക് പ്രോത്സാഹൻ യോജന; തേയിലത്തോട്ട തൊഴിലാളികളുടെ ക്ഷേമത്തിന് 313 കോടി രൂപ

