വോട്ടും സീറ്റും പോരാഞ്ഞ് ക്ഷേത്രപ്പിരിവും മോഷ്‌ടിക്കുന്ന ബിജെപി ശൈലി! രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടിൽ വൻ അഴിമതി നടന്നെന്ന ആരോപണത്തിൽ ബിജെപി ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ കടുത്ത ആക്രമണവുമായി കോൺഗ്രസ് രംഗത്ത്.

By PTI
Published : July 5, 2026 at 3:41 PM IST
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനകളിൽ വൻതോതിൽ ആസൂത്രിത അഴിമതി നടത്തിയെന്ന ആരോപണത്തിൽ ബിജെപിക്കും ആർഎസ്എസിനും എതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ബിജെപി ആർഎസ്എസ് സഖ്യത്തിൻ്റെ പൂർണ പിന്തുണയോടെയാണ് ഈ വലിയ ക്ഷേത്ര ഫണ്ട് തട്ടിപ്പ് ('ചന്ദാ ചോരി') നടന്നിരിക്കുന്നതെന്നും എന്നാൽ ഇതിന്മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പൂർണ മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
ബിജെപിയുടേത് മൂന്ന് തത്വങ്ങളിൽ അധിഷ്‌ഠിതമായ തന്ത്രമാണെന്ന് ജയറാം രമേശ് പരിഹസിച്ചു. "'വോട്ട് ചോരി, സീറ്റ് ചോരി, ചന്ദാ ചോരി' (വോട്ട് മോഷണം, സീറ്റ് മോഷണം, പിരിവ് മോഷണം) ഇതാണ് ബിജെപിയുടെ ശൈലി. സുപ്രീം കോടതി റദ്ദാക്കിയ ഇലക്‌ടറൽ ബോണ്ട് പദ്ധതി നാമെല്ലാം കണ്ടതാണ്. 'പണം തരൂ, ബിസിനസ്സ് തരാം' എന്നതായിരുന്നു അവിടുത്തെ രീതി. ഈ കൊള്ളപ്പണ ഇടപാടുകൾ ബിജെപിയുടെ ഡിഎൻഎയുടെ ഭാഗമാണ്," അദ്ദേഹം തുറന്നടിച്ചു.
സദാസമയവും മറ്റുള്ളവർക്ക് സത്യസന്ധതയുടെയും ദേശീയതയുടെയും സർട്ടിഫിക്കറ്റ് നൽകാൻ നടക്കുന്ന ആർഎസ്എസ് ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് നാണംകെട്ടതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവനകളാണ് ക്ഷേത്രത്തിൻ്റെ പേരിൽ തട്ടിയെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ സുപ്രീം കോടതി സിറ്റിംഗ് ജഡ്‌ജിയുടെ നേതൃത്വത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2024 ജനുവരി 22-ന് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നടത്തി അതിൻ്റെ പൂർണ ക്രെഡിറ്റ് സ്വന്തമാക്കാൻ മത്സരിച്ച പ്രധാനമന്ത്രി ഇപ്പോൾ ക്ഷേത്രത്തിലെ അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോൺഗ്രസ് വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിലുള്ളവരെല്ലാം ബിജെപിക്കും ആർഎസ്എസിനും പ്രിയപ്പെട്ടവരാണ്. ട്രസ്റ്റിൽ എന്താണ് നടക്കുന്നതെന്ന് ആർഎസ്എസിനോ പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ അറിയില്ലായിരുന്നു എന്ന് കരുതുന്നത് അസംബന്ധമാണ്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഈ ട്രസ്റ്റിലിരുന്ന് എന്ത് ചെയ്യുകയായിരുന്നെന്നും ജയറാം രമേശ് ചോദിച്ചു. ഇത് പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ സംവിധാനമാണ്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങൾ ഭക്തിയോടെ നൽകിയ പണത്തിലാണ് ഇത്ര വലിയ തട്ടിപ്പ് നടന്നിരിക്കുന്നത്.
എസ്‌ഐടി അന്വേഷണം തുടരുന്നു; എട്ടുപേർ അറസ്റ്റിൽ
ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഈ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ ജൂൺ 25-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പ്രതികളിൽ നിന്ന് 80 ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: മണിപ്പൂരിൽ തീവ്രവാദികളുടെ ഗുണ്ടാപ്പിരിവ്; യുഎൻഎൽഎഫ് (പി) നേതാവ് ഉൾപ്പെടെ നാല് തീവ്രവാദികൾ പിടിയിൽ

