അതിഷിയുടെ ഗുരു പരാമാർശ വിവാദം: എഡിറ്റ് ചെയ്‌ത വീഡിയോ പ്രചരിപ്പിച്ചതിൽ കപിൽ മിശ്രയ്‌ക്കെതിരെ കേസ്
വീഡിയോയിൽ ഗുരു എന്ന വാക്ക് ഉച്ചരിച്ചിട്ടില്ലെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. സഭയുടെ പ്രത്യേക അധികാര പരിധിയില്‍ വരുന്ന റെക്കോഡിങിൽ പൊലീസ് ഇടപെട്ടെന്ന് ബിജെപി.

Published : January 10, 2026 at 2:28 PM IST
ന്യൂഡൽഹി: സിഖ് ഗുരുക്കന്മാരെ അധിക്ഷേപിക്കുന്ന തരത്തിൽ ഡൽഹി പ്രതിപക്ഷ നേതാവ് അതിഷിയുടെ വ്യാജ വീഡിയോ പങ്കുവച്ച കേസിൽ മന്ത്രി കപിൽ മിശ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് പഞ്ചാബ് പൊലീസ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബിലും ഡൽഹിയിലുമടക്കം ബിജെപി വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തി പൊലീസ് കേസെടുത്തത്.
കൃത്രിമം കാണിച്ചാണ് വീഡിയോയിൽ 'ഗുരു' എന്ന വാക്ക് ചേർത്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇക്ബാൽ സിങ്ങിൻ്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്നും അതിഷി വീഡിയോയിൽ ഗുരു എന്ന വാക്ക് ഉച്ചരിച്ചിട്ടില്ലെന്നും ജലന്ധർ പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവത്തെ പാടെ തള്ളി കപിൽ മിശ്രയും രംഗത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"കെജ്‌രിവാൾ ജി, നിങ്ങളുടെ എഫ്‌ഐആറിനും പൊലീസിനും ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. വീഡിയോ ഡൽഹി നിയമസഭയുടെ രേഖകളിലുണ്ട്. ലോകം മുഴുവൻ ആ വീഡിയോ കേട്ടു. അന്നുമുതൽ സ്‌പീക്കർ പലതവണ വിളിച്ചിട്ടും അതിഷി നിയമസഭയിലേക്ക് വരാൻ ധൈര്യപ്പെട്ടിട്ടില്ല. പഞ്ചാബിലെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പഞ്ചാബ് പൊലീസ് അവഗണിക്കുകയാണ്. നിങ്ങളുടെ പ്രതിപക്ഷ നേതാവ് ചെയ്‌ത കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. അതിഷി ഒരു കുറ്റകൃത്യം ചെയ്‌തു. പക്ഷേ അവളെ സംരക്ഷിക്കുന്നതിലൂടെ നിങ്ങൾ അതിലും വലിയ പാപമാണ് ചെയ്യുന്നത്" - കപിൽ മിശ്ര എക്‌സിൽ കുറിച്ചു.
പ്രതികരിച്ച് നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌ത
നിയമസഭയുടെ പ്രത്യേക അധികാര പരിധിയില്‍ വരുന്ന റെക്കോഡിങില്‍ ഇടപെട്ടതിന് ജലന്ധർ പൊലീസ് കമ്മിഷണർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌ത വ്യക്തമാക്കി. സഭയ്ക്കുള്ളിൽ നിന്നുള്ള വീഡിയോ സഭയുടെ സ്വത്താണെന്നും ഗുപ്‌ത ചൂണ്ടിക്കാട്ടി. "വീഡിയോയുടെ അടിസ്ഥാനത്തിൽ ഒരു മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും നിയമപരമായ നടപടിയെടുക്കുന്നതും ഗുരുതരമായ കാര്യമാണ്. ജലന്ധർ പൊലീസ് കമ്മിഷണർ അവകാശ ലംഘനം നടത്തി" - വിജേന്ദർ ഗുപ്‌ത പറഞ്ഞു.
പ്രതിപക്ഷത്തിൻ്റെ അഭ്യർഥന പ്രകാരം വിഷയം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. സഭയിൽ രേഖപ്പെടുത്തിയ റെക്കോർഡിങ് ദുരുപയോഗം ചെയ്‌തുവെന്ന് പറയുന്നത് തന്നെ സഭയുടെ അന്തസിന് എതിരാണ്. ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ സഭ കർശന നടപടി സ്വീകരിക്കുമെന്നും ഗുപ്‌ത ചൂണ്ടിക്കാട്ടി.
പ്രതികരിച്ച് ആശിഷ് സൂദ്
കപിൽ മിശ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുന്നത് പഞ്ചാബ് സർക്കാർ സംവിധാനത്തിൻ്റെ ദുരുപയോഗമാണെന്ന് ഡൽഹി ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പറഞ്ഞു. "പ്രതിപക്ഷത്തിൻ്റെ ആവശ്യപ്രകാരം വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ സഭ തീരുമാനിച്ചു. ഒരു രേഖയുടെയോ വീഡിയോയുടെയോ വ്യാജ ഫോറൻസിക് പരിശോധന നടത്തി കപിൽ മിശ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുന്നത് പഞ്ചാബ് സർക്കാർ സംവിധാനത്തിൻ്റെ ദുരുപയോഗമാണ്" - ആശിഷ് സൂദ് പറഞ്ഞു.
സഭയെ അവഹേളിച്ചതിൻ്റെ പേരിൽ ജലന്ധർ കമ്മീഷണറെ സഭയ്ക്ക് മുന്നിൽ വിളിപ്പിക്കും. സഭയുടെ കാര്യങ്ങളിൽ ഇടപെടാനോ നിയമം കൈയിലെടുക്കാനോ ആർക്കും അവകാശമില്ല. ഡൽഹിയിൽ കെജ്‌രിവാൾ അധികാരത്തിലിരുന്നപ്പോഴോ, അതിനുമുമ്പ്, കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴോ, പ്രതിപക്ഷത്തായിരുന്നപ്പോൾ ഞങ്ങൾ ഒരിക്കലും ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല.
എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗുരുക്കന്മാരെ അപമാനിക്കുന്നത് ഞങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. നിയമനടപടി സഭയുടെ കാര്യമാണ്. ഇത് അവകാശ ലംഘനമാണെന്ന് സ്‌പീക്കർ കണക്കാക്കിയെന്നും ആശിഷ് സൂദ് പറഞ്ഞു.
Also Read:കൽക്കരി കുംഭകോണ ആരോപണങ്ങള്‍; മമത ബാനർജിക്ക് വക്കീല്‍ നോട്ടീസ് അയച്ച് സുവേന്ദു അധികാരി

