ETV Bharat / bharat

തമിഴകത്ത് കോണ്‍ഗ്രസിന് മന്ത്രിയെ വേണം, 39 സീറ്റും; വിലപേശല്‍ ശക്തിപ്പെടുത്താന്‍ ചിദംബരം വരെ രംഗത്ത്

രണ്ട് ഉപാധികളാണ് മുന്നണിയെ നയിക്കുന്ന ഡിഎംകെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് വയ്ക്കു‌ന്നത്....

തമിഴ്‌നാട്  നിയമസഭ തെരഞ്ഞെടുപ്പ് 2026  ഡിഎംകെ  കോണ്‍ഗ്രസ്
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 7:11 PM IST

4 Min Read
Choose ETV Bharat

അമിത് അഗ്നി ഹോത്രി

ന്യൂഡല്‍ഹി: തമിഴകത്ത് തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഇനി ഒരു മാസം. തമിഴ്‌നാട്ടില്‍ 234 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് മാസമായതോടെ ഏതു സമയവും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിജ്ഞാപനം വന്നേക്കാം. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും മുന്നണിയെക്കുറിച്ചും സീറ്റുകളെക്കുറിച്ചും വ്യക്തത കൈവന്നിട്ടില്ല. അതു കൊണ്ടു തന്നെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടുകയാണ്.

രാജ്യത്ത് എന്‍ഡിഎ ഇതര ഭരണം നിലനില്‍ക്കുന്ന വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇത്തവണയും എന്‍ഡിഎയെ തമിഴ്‌മണ്ണില്‍ നിലം പരിശാക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന ഭരണ മുന്നണി. രണ്ടു ദശകത്തിലേറെയായി ഈ മുന്നണിയുടെ ഭാഗമാണ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്. ഇത്തവണയെങ്കിലും തങ്ങള്‍ക്ക് മുന്നണിക്കകത്ത് മെച്ചപ്പെട്ട പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍.

രണ്ട് ഉപാധികളാണ് മുന്നണിയെ നയിക്കുന്ന ഡിഎംകെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് വക്കുന്നത്. മത്സരിക്കാന്‍ ചുരുങ്ങിയത് 25 സീറ്റെങ്കിലും വേണം എന്നതാണ് ഒന്ന്. രണ്ടാമത്തേത് ഭരണത്തിലെത്തിയാല്‍ സംസ്ഥാനത്ത് അധികാരം പങ്കിടണമെന്നതും. എന്നാല്‍ ഇത് എളുപ്പത്തില്‍ വകവച്ചു കൊടുക്കാന്‍ ഡിഎംകെ തയ്യാറല്ല. അതുകൊണ്ടു തന്നെ മുന്നണിക്കകത്തെ സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഭരണം പങ്കിടുകയെന്ന കോണ്‍ഗ്രസ് നിര്‍ദേശം പാടേ നിരാകരിക്കുകയാണ് ഡിഎംകെ. അതേസമയം 25 സീറ്റെന്ന ആവശ്യത്തിന് അവര്‍ വഴങ്ങുന്നു. കോണ്‍ഗ്രസിന് മത്സരിക്കാന്‍ 25 സീറ്റും രണ്ട് രാജ്യസഭാ സീറ്റും ഡിഎംകെ വാഗ്‌ദാനം ചെയ്യുന്നു. ഈ വാഗാദാനം സ്വീകരിച്ച് കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തില്‍ തുടരണമെന്നതാണ് നേതൃത്വത്തിന്‍റെ അഭ്യര്‍ഥന.

എന്നാല്‍ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസും ഡിഎംകെയും തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ധാരണയിലെത്തനാകാതെ വഴക്കടിച്ചു നില്‍ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. തങ്ങള്‍ വാഗാദാനം ചെയ്‌ത രാജ്യസഭാ സീറ്റുകള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് ഉടനെ അറിയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ഡിഎംകെ ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അറിയുന്നു. ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം മാര്‍ച്ച് അഞ്ച് ആണ്.

അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ വേണമെന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്. നാല് സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്നത്. സഖ്യം തുടരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കിലും ഡിഎംകെ മുന്നോട്ടു വച്ച വാഗ്‌ദാനം സ്വീകാര്യമല്ലെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിലും ഭരണം പങ്കുവക്കുന്നതിലും വ്യക്തത വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കടും പിടുത്തത്തിലാണ്. സഖ്യത്തില്‍ ചുരുങ്ങിയത് 39 സീറ്റുകളെങ്കിലും കിട്ടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിക്കുന്നത്.

39 ലോക്‌സഭാ മനണ്ഡലങ്ങളുള്ള തമിഴ്‌നാട്ടില്‍ ഓരോ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലം വച്ച് കിട്ടണമെന്നതാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. പുറമേ മന്ത്രിസഭയില്‍ പ്രാതിനിധ്യവും അര്‍ഹമായ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും കിട്ടണം. എഐസിസി പ്രതിനിധിയായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഗിരീഷ് ചോദാങ്കര്‍, ഫെബ്രുവരി 28ന് ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുന്നണിയിലെ സീറ്റ് വിഭജനം വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അസംതൃപ്‌തരാണ്. എങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ ഡിഎംകെ നേതൃത്വത്തിന് എഴുതി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ ആവശ്യങ്ങള്‍ ഡിഎംകെയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണ്. 25 സീറ്റുകളെന്ന വാഗ്‌ദാനം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വന്ന ശേഷമേ രാജ്യ സഭാ സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനം പറയാനാവൂ. അനുകൂലമായ തീരുമാനമുണ്ടാകുമെന്നു തന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗിരീഷ് ചോദാങ്കര്‍ ഇടിവി ഭാരതിനോടു പറഞ്ഞു.

കോണ്‍ഗ്രസിനും ഡിഎംകെയ്ക്കുമിടയിലെ സീറ്റ് വിഭജനം സങ്കീര്‍ണമായി തുടരുന്നതിനിടെ വിഷയം സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്‌തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ അഭിപ്രായം ഇന്ന് (മാര്‍ച്ച് 3 ) പി ചിദംബരം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. എംകെ സ്‌റ്റാലിനുമായുള്ള ചിദംബരത്തിന്‍റെ കൂടിക്കാഴ്‌ചയില്‍ തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ ശെല്‍വ പെരുന്തഗൈയും സന്നിഹിതനായിരുന്നു.

കോണ്‍ഗ്രസ് ഹൈക്കമാൻഡ് എത്ര ഗൗരവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നത് എന്നതിന് തെളിവാണ് പി ചിദംബരത്തിനെപ്പോലെയുള്ള മുതിര്‍ന്ന നേതാവിനെ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചത് എന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയ ഡിസംബര്‍ മൂന്നിന് തന്നെ തങ്ങളുടെ രണ്ട് ഉപാധികള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി സ്‌റ്റാലിനെ അറിയിച്ചിരുന്നു. അന്നുമുതല്‍ കോണ്‍ഗ്രസ് - ഡിഎംകെ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടക്കുകയുമാണ്.

തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിഷയം ഏറ്റെടുക്കുകയും സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനെ തുടര്‍ നടപടികളുടെ മേല്‍നോട്ടം ഏല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഫെബ്രുവരി 22ന് ചെന്നൈയിലെത്തിയ വേണുഗോപാല്‍ മുഖ്യമന്ത്രി സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം എഐസിസി പ്രതിനിധി ഗിരീഷ് ചോദാങ്കര്‍ കനിമൊഴിയുമായും വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. ഇത്രയൊക്കെയായിട്ടും സീറ്റ് വിഭജനക്കാര്യത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായൊരു ഫോര്‍മുല തയ്യാറാക്കാന്‍ രണ്ടു പാര്‍ട്ടികള്‍ക്കും സാധിച്ചിരുന്നില്ല.

2021 ല്‍ കോണ്‍ഗ്രസിന് അനുവദിച്ച 25 നിയമസഭാ സീറ്റുകളില്‍ 19 ഇടത്തും പാര്‍ട്ടി വിജയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ പ്രാതിനിധ്യവും പരിഗണനയും വേണമെന്ന് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരമാണ് നേതൃത്വം ഡിഎംകെയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. സഖ്യം നിലനിര്‍ത്തുന്നതിനായി മുന്‍കാലങ്ങളിലൊക്കെ കോണ്‍ഗ്രസ് വല്ലാത്ത വിട്ടുവീഴ്‌ചകള്‍ക്ക് തയാറായിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞ് അര്‍ഹമായത് നല്‍കാന്‍ ഡിഎംകെ തയ്യാറാകണമെന്നും എഐസിസി പ്രതിനിധി ചെല്ലകുമാര്‍ പറഞ്ഞു. തമിഴ്‌നാട് പോലൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് മതേതര സഖ്യം അത്യാവശ്യമാണെന്നും അതില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കാളിയാണ് കോണ്‍ഗ്രസെന്നും ചെല്ല കുമാര്‍ പറഞ്ഞു.

1980 ല്‍ തമിഴ്‌നാട്ടില്‍ 110 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതില്‍പ്പിന്നെ ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിട്ടു വീഴ്‌ചകള്‍ക്ക് വഴങ്ങുകയായിരുന്നു. അതുകാരണം സംസ്ഥാനത്ത് പാര്‍ട്ടിയുടെ സാന്നിധ്യം തന്നെ ശുക്ഷമായി. പാര്‍ട്ടിയുടെ ശേഷിക്ക് തക്കതായ പരിഗണന വേണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ സീറ്റുകളും വിവിധ തലങ്ങളില്‍ ഭരണത്തില്‍ പ്രാതിനിധ്യവും ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് രണ്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് വളരെ ന്യായമായ ആവശ്യങ്ങളാണെന്ന് ഇടിവി ഭാരതിനോട് സംസാരിക്കവേ ചെല്ലകുമാര്‍ പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ എന്തെങ്കിലും ധാരണയിലെത്തിയോ എന്ന ചോദ്യത്തിന് ചെല്ലകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ഹൈക്കമാണ്ട് തീരുമാനിക്കും. ചര്‍ച്ചകള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. അന്തിമ ചിത്രം തെളിയും വരെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഞാനില്ലെന്നും അദ്ദേഹം പറഞ്ഞു.