80,000ത്തിലധികം ഹെക്‌ടര്‍ ഭൂമി നഷ്ടപ്പെട്ടു; കൊണ്ടു പോയത് നാലു സംസ്ഥാനങ്ങളെന്ന് അസം സര്‍ക്കാര്‍
നാല് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭൂമി നാഗാലാൻഡിൻ്റെ നിയന്ത്രണത്തിലാണ്

By PTI
Published : July 8, 2026 at 6:09 PM IST
ഗുവാഹത്തി: അസമിൻ്റെ ഏകദേശം 82,751.86 ഹെക്‌ടർ ഭൂമി നാല് അയൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അസം സർക്കാർ നിയമസഭയിൽ അറിയിച്ചു. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളാണ് അസമിൻ്റെ വിവിധ അതിർത്തി പ്രദേശങ്ങളിലെ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് അതിർത്തി സംരക്ഷണ-വികസന മന്ത്രി അതുൽ ബോറ നിയമസഭയിൽ വ്യക്തമാക്കി.
കോൺഗ്രസ് എംഎൽഎ റെക്കിബുദ്ദീൻ അഹമ്മദിൻ്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ വിവരങ്ങൾ സഭയിൽ അവതരിപ്പിച്ചത്. അസമിലെ 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമിയാണ് നിലവിൽ മറ്റ് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
നാല് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭൂമി നാഗാലാൻഡിൻ്റെ നിയന്ത്രണത്തിലാണ്. 59,490.21 ഹെക്ടർ ഭൂമിയാണ് നാഗാലാൻഡ് കൈവശം വെച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. അരുണാചൽ പ്രദേശ് 16,144.01 ഹെക്‌ടർ, മിസോറം 3,675.78 ഹെക്‌ടർ, മേഘാലയ 3,441.86 ഹെക്‌ടർ ഭൂമി കൈവശം വെച്ചിരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കുറവ് ഭൂമി മേഘാലയയുടെ നിയന്ത്രണത്തിലാണെന്നും മന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിർത്തി തർക്കം ബാധിച്ച ജില്ലകളിൽ സോണിത്പുർ, ബിശ്വനാഥ്, ലഖിംപുർ, ധേമാജി, ടിൻസുകിയ, ദിബ്രുഗഡ്, ചരൈദിയോ, ജോർഹട്ട്, ശിവസാഗർ, ഗോളാഘട്ട്, ഗോൽപാറ, കച്ചാർ, കാംറൂപ്, കാംറൂപ് മെട്രോപൊളിറ്റൻ, സൗത്ത് സൽമാര-മങ്കച്ചാർ, വെസ്റ്റ് കാർബി ആംഗ്ലോങ്, ഹൈലാകണ്ടി, ശ്രീഭൂമി എന്നിവ ഉൾപ്പെടുന്നു.
അതിർത്തി തർക്കങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ അസം സർക്കാർ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി അതുൽ ബോറ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുമായി ഉഭയകക്ഷി കരാറുകൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷിക്കുന്ന അതിർത്തി തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ വർഷങ്ങളായി തുടരുന്ന പ്രശ്‌നമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം, ഭരണപരിധി, വനമേഖലകൾ എന്നിവയെ ചൊല്ലിയാണ് പ്രധാനമായും തർക്കങ്ങൾ നിലനിൽക്കുന്നത്. ഈ വിഷയത്തിൽ സമവായത്തിലൂടെ സ്ഥിരമായ പരിഹാരം കണ്ടെത്താൻ കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിലും സംസ്ഥാനങ്ങൾ തമ്മിലും തുടർച്ചയായി ചർച്ചകൾ നടക്കുകയാണ്.

