ETV Bharat / bharat

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അമർനാഥ് യാത്ര; ദർശനം നടത്തിയത് 4.80 ലക്ഷം തീർഥാടകർ

ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് 28 വരെ നടന്ന യാത്രയിൽ ഏകദേശം 4.80 ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്

JAMMU KASHMIR WEATHER FORECAST  AMARNATH YATRA JAMMU KASHMIR  SHRI AMARNATHJI YATRA 2026  LIEUTENANT GOVERNOR MANOJ SINHA
Amarnath Yatra, Jammu and Kashmir Lieutenant Governor Manoj Sinha (PTI, ETV Bharat)
author img

By ETV Bharat Kerala Team

Published : August 31, 2026 at 7:47 AM IST

3 Min Read
Choose ETV Bharat

ശ്രീനഗർ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഇത്തവണ അമർനാഥ് യാത്ര പൂർത്തിയാക്കിയത് നാല് ലക്ഷത്തിലധികം തീർഥാടകർ. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് 57 ദിവസം നീണ്ടുനിന്ന തീർഥാടനമാണ് വിജയകരമായി സമാപിച്ചത്. യാത്രയുടെ വിജയത്തിനായി പ്രവർത്തിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ആദരിച്ചു.

ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് 28 വരെ നടന്ന യാത്രയിൽ ഏകദേശം 4.80 ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. 10 ദിവസത്തിലധികം നീണ്ടുനിന്ന മോശം കാലാവസ്ഥ തീർഥാടനത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യത്തെ 20 ദിവസത്തിനുള്ളിൽ 82 ശതമാനം തീർഥാടകരും ദർശനം പൂർത്തിയാക്കിയതായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആദ്യത്തെ ഒരു മാസത്തിനുള്ളിൽ ഇത് 95 ശതമാനമായി ഉയർന്നു.

ശ്രീനഗറിലെ ലോക് ഭവനിൽ വച്ച് നടന്ന ചടങ്ങിലാണ് അമർനാഥ് ഷ്രൈൻ ബോർഡ്, സിവിൽ അഡ്മിനിസ്ട്രേഷൻ, സൈന്യം, കേന്ദ്ര സായുധ പൊലീസ് സേന, ജമ്മു കശ്മീർ പൊലീസ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരെ ലെഫ്റ്റനൻ്റ് ഗവർണർ ആദരിച്ചത്. ഇതിന് പുറമെ ആരോഗ്യ പ്രവർത്തകർ, മറ്റ് സേവന ദാതാക്കൾ എന്നിവർക്കും ആദരം നൽകി.

ബുദ്ധിമുട്ടുകളെ കടമയായും വെല്ലുവിളികളെ അവസരങ്ങളായും മാറ്റിയ കൂട്ടായ നിശ്ചയദാർഢ്യത്തിൻ്റെ ആഘോഷമാണ് ഈ തീർഥാടനമെന്ന് മനോജ് സിൻഹ പറഞ്ഞു. ദുഷ്കരമായ ഭൂപ്രകൃതിയിലും മോശം കാലാവസ്ഥയിലും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കിയ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, കുതിരകളെ തെളിക്കുന്നവർ, പല്ലക്ക് ചുമക്കുന്നവർ, ലംഗർ വൊളൻ്റിയർമാർ, മെഡിക്കൽ ജീവനക്കാർ എന്നിവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഈ നേട്ടം ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെയോ വകുപ്പിൻ്റെയോ മാത്രം വിജയമല്ലെന്നും മറിച്ച് 'ടീം ജമ്മു കശ്മീരിൻ്റെ' ഒന്നാകെയുള്ള വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രയ്ക്ക് എല്ലാ പിന്തുണയും നൽകിയ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, രാഷ്ട്രീയ പാർട്ടികൾ, മതനേതാക്കൾ എന്നിവർക്കും ലെഫ്റ്റനൻ്റ് ഗവർണർ നന്ദി പറഞ്ഞു. തീർഥാടന വേളയിൽ കാണിച്ച അച്ചടക്കവും ഊർജവും ഏകോപനവും ജമ്മു കശ്മീരിൻ്റെ വികസനത്തിൻ്റെ ഭാഗമായി മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജമ്മു കശ്മീരിലെ ഓരോ പൗരനും ഈ യാത്രയോടുള്ള തങ്ങളുടെ ധാർമിക ഉത്തരവാദിത്തം പ്രത്യക്ഷമായോ പരോക്ഷമായോ നിറവേറ്റിയെന്നും, രാജ്യത്തിന് മുന്നിൽ കേന്ദ്രഭരണ പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം ഉയർത്തിക്കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സനാതന പാരമ്പര്യത്തെയും മാനവികതയെയും സഹവർത്തിത്വത്തെയും കൂട്ടായ സേവനത്തെയുമാണ് ഈ പുണ്യയാത്ര പ്രതിഫലിപ്പിക്കുന്നത്. കേവലം ഒരു മതപരമായ അനുഭവം മാത്രമല്ല, പ്രദേശത്തിൻ്റെ സംസ്കാരത്തിൻ്റെയും ആതിഥ്യമര്യാദയുടെയും സന്ദേശം കൂടിയാണ് രാജ്യത്തിൻ്റെ നാനാഭാഗത്ത് നിന്നുമെത്തിയ തീർഥാടകർ മടക്കയാത്രയിൽ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ സൗകര്യങ്ങൾ
തീർഥാടനത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരുന്നത്. 54,000 സേവന ദാതാക്കളാണ് യാത്രയ്ക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 31,000 പേർ കുതിരകളെയും പല്ലക്കുകളെയും നിയന്ത്രിക്കുന്നവരും, 6,400 പേർ ടെൻ്റ്, കടകൾ എന്നിവ നടത്തുന്നവരുമാണ്. 7,700 ലംഗർ വൊളൻ്റിയർമാരും സേവനരംഗത്തുണ്ടായിരുന്നു. ഏകദേശം 1.87 ലക്ഷം തീർഥാടകർ പല്ലക്ക്, കുതിര സേവനങ്ങൾ പ്രയോജനപ്പെടുത്തി. യാത്രാവഴിയിൽ 93 മെഡിക്കൽ സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

595 ക്ലിനിക്കൽ കിടക്കകളും 26 ഓക്സിജൻ ബൂത്തുകളും ഇതിൽ ഉൾപ്പെടുന്നു. 48 ആംബുലൻസുകളുടെ പിന്തുണയോടെ 1,430 ഡോക്ടർമാരും നഴ്സിങ് ജീവനക്കാരും മുഴുവൻ സമയ ഡ്യൂട്ടിയിലുണ്ടായിരുന്നു. മാലിന്യമുക്ത യാത്രാ സംരംഭത്തിൻ്റെ ഭാഗമായി 7,900 ശുചിമുറികൾ സ്ഥാപിക്കുകയും 7,900 ശുചീകരണ തൊഴിലാളികളെ ഇതിനായി നിയോഗിക്കുകയും ചെയ്തു. യാത്രാ മേഖലയിൽ 63,000 പേർക്കും, ജമ്മു കശ്മീരിലെ മറ്റ് ഡിവിഷനുകളിലായി 54,000 പേർക്കും തങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Also Read: നീറ്റ് പരീക്ഷ വിജയിച്ചിട്ടും കൗൺസിലിങ് പട്ടികയിൽ പേരില്ല; 21-കാരി ജീവനൊടുക്കി