ETV Bharat / bharat

ഇന്ത്യൻ തനിമയും ട്രെൻഡി ലുക്കും! എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

തമിഴ്‌നാട്ടിലെ കാഞ്ചീവരം, ഗുജറാത്തിലെ പഠോള ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത തുണിത്തരങ്ങളുടെ ഡിസൈനുകൾ ചേർത്താണ് പുതിയ വസ്ത്രധാരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Air India cabin crew uniform  Tata Group airline new look  Kanjeevaram Patola Gamosa  Pooja Krishnan airline designer
പുത്തൻ ഡിസൈനിലുള്ള യൂണിഫോമുകൾ (X.com)
author img

By PTI

Published : September 2, 2026 at 4:45 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിൻ്റെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ് (Air India Express) തങ്ങളുടെ ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഫ്രണ്ട്‌ലൈൻ ജീവനക്കാർക്കുമായി പുത്തൻ ഡിസൈനിലുള്ള യൂണിഫോമുകൾ അവതരിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത നെയ്ത്തു ശൈലികളും ഡിസൈൻ ഘടകങ്ങളും കൂട്ടിച്ചേർത്താണ് പുതിയ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ നിലവിൽ വന്ന പുതിയ യൂണിഫോം നിർദ്ദേശം ക്യാബിൻ ക്രൂ, എയർപോർട്ട് സർവീസസ്, ഏവിയേഷൻ സെക്യൂരിറ്റി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ടീമുകളിലെ ജീവനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

എയർലൈനിലെ ആകെ എണ്ണായിരത്തോളം വരുന്ന ജീവനക്കാരിൽ പൈലറ്റുമാർ ഒഴികെയുള്ള 5,200 ൽ പരം ജീവനക്കാർക്കാണ് പുതിയ വസ്ത്രധാരണം പൂർണ്ണമായി നൽകുന്നത്. പൈലറ്റുമാരുടെ നിലവിലെ യൂനിഫോമിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന് പ്രാധാന്യം നൽകുന്നതാണ് ഈ പുതിയ മാറ്റം.

ഇന്ത്യൻ തനിമയും ആധുനികതയും സമന്വയിപ്പിച്ച ഡിസൈൻ

തമിഴ്‌നാടിൻ്റെ 'കാഞ്ചീവരം', ഹിമാചൽ പ്രദേശിൻ്റെ 'പട്ട്', ഗുജറാത്തിൻ്റെ 'പഠോള', അസമിലെ 'ഗാമോസ', മധ്യപ്രദേശിൻ്റെ 'ബാഗ്' തുടങ്ങിയ പ്രശസ്‌തമായ പ്രാദേശിക നെയ്ത്ത് ശൈലികളിൽ നിന്നാണ് യൂണിഫോമിൻ്റെ പാറ്റേണുകൾ ഉൾക്കൊണ്ടിരിക്കുന്നത്. വിമാനക്കമ്പനിയുടെ ഐഡൻ്റിറ്റിയായ 'എക്‌സ്പ്രസ് ബ്ലൂ' (Xpress Blue) നിറത്തിനൊപ്പം 'എക്‌സ്പ്രസ് ഓറഞ്ച്' (Xpress Orange) നിറത്തിൻ്റെ ആകർഷകമായ സ്‌പർശവും പുതിയ വസ്ത്രങ്ങളിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രതിദിനം 500 ലധികം സർവീസുകൾ

എയർലൈൻ്റെ ഇൻ ഹൗസ് ഡിസൈനറായ പൂജ കൃഷ്‌നാണ് വനിതാ ക്യാബിൻ ക്രൂ, എയർപോർട്ട് സർവീസ്, ഏവിയേഷൻ സെക്യൂരിറ്റി ജീവനക്കാരുടെ യൂനിഫോം ഡിസൈനിംഗിന് നേതൃത്വം നൽകിയത്. അതേസമയം, പുരുഷന്മാരായ ക്യാബിൻ ക്രൂ അംഗങ്ങളുടെ യൂനിഫോം ടാറ്റാ ഗ്രൂപ്പിൻ്റെ തന്നെ ഫാഷൻ ബ്രാൻഡായ 'ട്രെൻ്റ് ലിമിറ്റഡുമായി' (Trent Ltd) സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. നൂറിലേറെ വിമാനങ്ങളുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് നിലവിൽ പ്രതിദിനം 500 ലധികം സർവീസുകൾ നടത്തുന്നുണ്ട്. പുതിയ യൂണിഫോം മാറ്റം അന്താരാഷ്ട്ര തളത്തിലടക്കം ബ്രാൻഡിൻ്റെ മൂല്യം ഉയർത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഈ പുതിയ മേക്ക് ഓവർ ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആഗോള തലത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള നിർണ്ണായക ചുവടുവെപ്പാണ്. കമ്പനിയുടെ മാറിയ ബ്രാൻഡ് ഇമേജിന് കൂടുതൽ തിളക്കമേകുന്നതിനൊപ്പം യാത്രക്കാർക്ക് വേറിട്ടൊരു അനുഭവവും നൽകാൻ ഈ പുതിയ മാറ്റം സഹായിക്കും.

Also Read: അഴിമതിയിൽ ആദ്യ സ്ഥാനങ്ങളില്‍ ബാങ്കുകളും റെയിൽവേയും; കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 70,584 പരാതികൾ