അഗ്നിവീര്‍ ആദ്യ ബാച്ച് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം; കൂടുതല്‍ പേരെ സേനയില്‍ നിലനിര്‍ത്തുമോ? വാസ്‌തവമറിയാം
ആദ്യ ബാച്ച് അഗ്നിവീറുകള്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൈനികരെ നിലനിര്‍ത്താന്‍ സായുധ സേനയുടെ നീക്കം. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ എണ്ണം രാജ്യത്തിന് ഗുണകരമാകുമെന്ന് കണക്ക് കൂട്ടല്‍.

Published : July 6, 2026 at 2:55 PM IST
നാല് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി അഗ്നീവീറുകള്‍ സായുധ സേനയില്‍ നിന്നും പടിയിറങ്ങാനൊരുങ്ങി. 2023ല്‍ അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ റിക്രൂട്ട് ചെയ്‌ത സൈനികരാണ് കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങി നില്‍ക്കുന്നത്. അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൈനികര്‍ക്ക് ഏറെ ആശ്വാസകരമാണ്.
നിലവില്‍ നാല് വര്‍ഷത്തെ സേവനത്തിന് പിന്നാലെ 25 ശതമാനം അഗ്നിവീറുകളെ സ്ഥിരപ്പെടുത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിലൊരു മാറ്റം വേണമെന്നും സൈനികരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നുമാണ് സൈന്യം ആവശ്യപ്പെടുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സൈന്യത്തിലെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് നിരവധി മാധ്യമങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ചേര്‍ന്ന നാവികരില്‍ ഏകദേശം 75 ശതമാനവും വ്യോമസേനയില്‍ 50 ശതമാനവും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നുമാണ് വിവരം. കഴിഞ്ഞ നാല് വര്‍ഷമായി സേവനമനുഷ്‌ഠിച്ച് പരിശീലനം സിദ്ധിച്ച സൈനികരുടെ വലിയൊരു നിര ആവശ്യമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ പേരെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഉയര്‍ന്ന് വന്നത്. വിഷയത്തില്‍ സേനാ വിഭാഗങ്ങളും ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് മിലിട്ടറി അഫയേഴ്‌സും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
എണ്ണം കൂട്ടേണ്ടതിന്‍റെ ആവശ്യകത?
നാല് വര്‍ഷം കൊണ്ട് അഗ്നീവീറുകള്‍ക്ക് വിവിധ കാര്യങ്ങളില്‍ പരിശീലനം ലഭിച്ചു. നൂതന ആയുധ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അടക്കം പരിശീലനം ലഭ്യമാക്കി. പ്രതിസന്ധി ഘട്ടങ്ങളിലും സംഘര്‍ഷ ഘട്ടങ്ങളിലും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ എണ്ണം ഏറെ ഫലപ്രദമാകും. ഓപ്പറേഷന്‍ സിന്ദൂര്‍ അതിന് ഉത്തമ ഉദാഹരണമാണ്.
ഓപ്പറേഷൻ സിന്ദൂരിൽ നിന്നുള്ള പാഠങ്ങൾ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഗ്നിവീറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയുണ്ടായി. ഇത്തരത്തില്‍ രാജ്യം നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങള്‍ക്ക് വേണ്ട പരിശീലനവും പരിചയ സമ്പന്നരുമായ സൈനികരെയാണ്.
സാങ്കേതിക നവീകരണം: സായുധ സേനയിലെ ആധുനിക ആയുധങ്ങളും സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് പരിചയ സമ്പന്നരായ സൈനികര്‍ തന്നെ വേണം. പ്രത്യേകിച്ച് നാവികസേനയിലും വ്യോമസേനയിലും. സങ്കീര്‍ണമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന സൈനികര്‍ക്ക് പരിശീലനം കൂടുന്നത് ഇന്ത്യയ്‌ക്ക് ഗുണം മാത്രമെയുണ്ടാക്കുകയുള്ളൂ. സ്ഥിരമായുള്ള പ്രവര്‍ത്തനവും അതിലെ പരിചയ സമ്പത്തും കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് കാരണമാകും.
സൈനിക ക്ഷാമം പരിഹരിക്കണം: കരസേനയില്‍ നിലവില്‍ 1.8 ലക്ഷം ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മാനവ ശേഷി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. നാല് വര്‍ഷം കൊണ്ട് 70,000 അഗ്നിവീറുകള്‍ക്ക് പരിശീലനം ലഭിച്ചു. പദ്ധതിയുടെ കീഴില്‍ ഇനി റിക്രൂട്ട് ചെയ്യാന്‍ പോകുന്നത് 90,000 സൈനികരെയാണെന്ന് പ്രതീക്ഷിക്കുന്നു.
യൂണിറ്റ് ഏകീകരണവും പ്രൊഫഷണലിസവും: പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരില്‍ നിന്നും മികച്ച ടീം വര്‍ക്ക് പ്രതീക്ഷിക്കാം. മാത്രമല്ല സൈന്യത്തില്‍ തുടരേണ്ട അച്ചടക്കത്തെയും പ്രവര്‍ത്തന ക്ഷമതയെയും കുറിച്ച് അറിവുള്ളവരായിരിക്കും അവര്‍.
നേരത്തെയും ആവശ്യപ്പെട്ടു: സൈന്യത്തില്‍ കൂടുതല്‍ സൈനികരെ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ഡിഎംഎയുടെ മുമ്പില്‍ നേരത്തെയും നിര്‍ദേശം ഉന്നയിച്ചിരുന്നു. എന്നാലിത് പുനര്‍ നിര്‍ണയത്തിനായി തിരിച്ചയക്കുകയായിരുന്നു.
Also read: മോൻസൻ കേസിൽ പുതിയ വഴിത്തിരിവ്; പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ആക്രിക്കാര്‍ക്ക് നൽകി പൊലീസ്

