എസി മൂലം പുലിവാല് പിടിച്ച് യാത്രക്കാര്‍, ഇൻഡിഗോ വിമാനം വൈകിയത് 5 മണിക്കൂര്‍...
ഇൻഡിഗോ എയർലൈൻസിൻ്റെ പാസഞ്ചർ വിമാനത്തിലെ എസി തകരാറ് മൂലം അഞ്ച് മണിക്കൂറോളമാണ് വിമാനം വൈകിയത്... യാത്രക്കാര്‍ ദുരിതത്തില്‍....

Published : February 25, 2026 at 8:54 PM IST
ചെന്നൈ: എസി തകരാർ മൂലം ഇൻഡിഗോ എയർലൈൻസിൻ്റെ പാസഞ്ചർ വിമാനം മണിക്കൂറുകളോളം വൈകിയതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത്. പാസഞ്ചർ വിമാനത്തിൻ്റെ എസി തകരാർ മൂലം ഏകദേശം അഞ്ച് മണിക്കൂറോളം യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ (ഫെബ്രുവരി 24) രാവിലെ ഏഴ് മണിയോടടുത്താണ് സംഭവം.
ഏകദേശം 198 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകൾ മുൻപാണ് തകരാർ ഉണ്ടായത്. റൺവേയിൽ വിമാനം പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് വിമാനത്തിലെ എസി പ്രവർത്തനം നിലയ്‌ക്കുകയും വിമാനത്തിനുള്ളിൽ ചൂട് കൂടുകയും ചെയ്‌തു. തുടർന്ന് യാത്രക്കാരും വിമാന ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസി തകരാർ മൂലം വിമാനം പുറപ്പെടാൻ സാധിച്ചില്ല. പിന്നീട് പൈലറ്റ് വിമാനത്താവള കൺട്രോൾ റൂം ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചു. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും എസി തകരാർ പരിഹരിക്കുകയുമായിരുന്നു. എന്നാൽ പൈലറ്റിൻ്റെ കാലതാമസവും യാത്രക്കാരെ ദുരിതത്തിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എസി തകരാർ പരിഹരിച്ച് ഉച്ചയ്ക്ക് 12 മണിയോടെ വിമാനം സിംഗപ്പൂരിലേയ്‌ക്ക് പുറപ്പെട്ടത്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ വിമാനത്തിലെ എസി തകരാർ പരിഹരിച്ച് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും തകരാർ സംഭവിക്കുകയായിരുന്നു. ഈ സമയം വിമാനത്തിനുള്ളിൽ ചൂട് വർധിക്കുകയും ആളുകൾക്ക് ശ്വാസ തടസം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്‌തു. എന്നാൽ എയ്‌റോ ബ്രിഡ്‌ജ് ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ ആളുകൾക്ക് പെട്ടെന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാനും സാധിച്ചില്ല. കൂടാതെ പൈലറ്റിൻ്റെ കാലതാമസവും. പിന്നീട് ഏറെ നേരത്തിന് ശേഷമാണ് ആളുകളെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്.
അഞ്ചു മണിക്കൂറോളമാണ് ആളുകൾക്ക് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്. തുടർന്ന് ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർ യാത്രക്കാരുമായി ചർച്ച നടത്തി. ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥരുമായി യാത്രക്കാർ തർക്കിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു.
"വ്യോമയാന സുരക്ഷാ നിയമം അനുസരിച്ച്, വിമാനം പ്രവർത്തിപ്പിക്കാതെ യാത്രക്കാരെ രണ്ട് മണിക്കൂറിൽ കൂടുതൽ ഇരുത്തുന്നത് നിയമവിരുദ്ധമാണ്. ഇൻഡിഗോ വിമാനത്തിലെ സാങ്കേതിക പ്രശ്‌നം മൂലം യാത്രക്കാര്‍ നാല് മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിടേണ്ടിവന്നു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണം", എന്നും യാത്രക്കാരിൽ ഒരാൾ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ചെന്നൈ വിമാനത്താവള അധികൃതർ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല.
Also Read: ജീപ്പും ഓട്ടോയുമല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി റോൾസ് റോയ്‌സിന് സമാനമായ അര്‍ബാനിയ, വമ്പൻ ഹിറ്റ്

