ETV Bharat / bharat

തൃണമൂൽ ഓഫിസിന് നേരെ ആക്രമണം; പൊലീസിനെതിരെ ആഞ്ഞടിച്ച് അഭിഷേക് ബാനർജി

നഗരത്തിൻ്റെ ഹൃദയഭാഗത്ത് അതീവ സുരക്ഷയുള്ള കാമാക് സ്ട്രീറ്റിൽ പുലർച്ചെ നാലരയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്

ARMED ATTACK ON TRINAMOOL OFFICE  Camac Street TMC office attack  Abhishek Banerjee  Kolkata Police
അഭിഷേക് ബാനർജി (ETV Bharat)
author img

By ETV Bharat Kerala Team

Published : September 3, 2026 at 11:02 AM IST

2 Min Read
Choose ETV Bharat

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻ്റെ കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിലുള്ള ഓഫിസിന് നേരെ സായുധ സംഘത്തിൻ്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ കൊൽക്കത്ത പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി രംഗത്തെത്തി.

സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഡയമണ്ട് ഹാർബർ എംപി കൂടിയായ അഭിഷേക് ബാനർജി സമൂഹമാധ്യമമായ എക്സിലൂടെയാണ് (ട്വിറ്റർ) പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. നഗരത്തിൻ്റെ ഹൃദയഭാഗത്ത് അതീവ സുരക്ഷയുള്ള കാമാക് സ്ട്രീറ്റിൽ പുലർച്ചെ നാലരയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മാരകായുധങ്ങളുമായി എത്തിയ അക്രമികൾ പാർട്ടി ഓഫിസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

തുടർന്ന് അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകരെ ഇവർ ക്രൂരമായി മർദിച്ചു. പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയ സംഘം ഓഫിസിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചുതകർത്തു. ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ അക്രമികൾ സ്മാർട്ട് ടിവികളും മോണിറ്ററുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ പ്രധാന ഓഫിസുകളിലൊന്ന് പൂർണമായും തകർത്ത ശേഷമാണ് അക്രമികൾ മടങ്ങിയത്.

പൊലീസിന് വീഴ്ചയെന്ന് ആരോപണം
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശത്ത് ഇത്തരമൊരു ആക്രമണം നടന്നത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പൊലീസിൻ്റെ ഇടപെടലുമായി ബന്ധപ്പെട്ടാണ് വലിയ വിവാദം ഉയർന്നത്. അക്രമികൾ ഓഫിസിൽ അഴിഞ്ഞാടുമ്പോൾ കൊൽക്കത്ത പൊലീസ് വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. ആക്രമണത്തിന് ഇരയായ പ്രവർത്തകരും പാർട്ടിയുടെ അഭിഭാഷകരും ഫോണിലൂടെയും ഇമെയിലിലൂടെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഏകദേശം രണ്ടു മണിക്കൂറോളം പൊലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഈ വിഷയത്തിലാണ് പൊലീസിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

ബിജെപിക്കെതിരെ രൂക്ഷവിമർശനം
കാമാക് സ്ട്രീറ്റിൽ ഇന്ന് പുലർച്ചെ നടന്നത് നിയമവാഴ്ചയ്ക്ക് നേരെയുള്ള ലജ്ജാകരവും ധിക്കാരം നിറഞ്ഞതുമായ ആക്രമണമാണെന്ന് അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. പുലർച്ചെ നാലരയോടെ ആയുധധാരികളായ ബിജെപി ഗുണ്ടകൾ കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള പാർട്ടി ഓഫിസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഓഫിസ് പൂർണമായും കൊള്ളയടിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തപ്പോൾ കൊൽക്കത്ത പൊലീസ് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാൾ ഗവർണറും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസും ഇതിൽ നടപടിയെടുക്കുമോ അതോ കണ്ടില്ലെന്ന് നടിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാവ് സുവേന്ദു അധികാരിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃണമൂൽ കോൺഗ്രസിനെയും തന്നെയും എന്തിനാണ് ഇത്രയധികം ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൊലീസും ഭരണകൂടവും ഇതിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പ്രവർത്തകരും അഭിഭാഷകരും നിരന്തരം ബന്ധപ്പെട്ടിട്ടും രണ്ടു മണിക്കൂറോളം പൊലീസ് പ്രതികരിക്കാതിരുന്നത് തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നിലെ ആസൂത്രകരെ ഉടൻ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയെയും തിരിച്ചറിഞ്ഞ് ഉടൻ അറസ്റ്റ് ചെയ്യണം. ആരാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും ആരുടെ നിർദേശപ്രകാരമാണ് ഈ ഭീകരാവസ്ഥ സൃഷ്ടിച്ചതെന്നും സമഗ്രമായി അന്വേഷിക്കണം. അതോടൊപ്പം നിരന്തരം അറിയിച്ചിട്ടും കൃത്യസമയത്ത് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട പൊലീസിനെതിരെയും നടപടി വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൽക്കട്ട ഹൈക്കോടതി ഉൾപ്പെടെയുള്ള നീതിന്യായ വ്യവസ്ഥ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിക്കും അല്ലെങ്കിൽ ആയുധധാരികളായ ഗുണ്ടകൾക്കും നിയമത്തിന് മുകളിൽ നിൽക്കാൻ കഴിയില്ലെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

Also Read: ഹൈദരാബാദ് ആർമി ക്യാമ്പിലെ ആയുധ മോഷണം; ഫയറിങ് റേഞ്ചിൽ നിന്ന് 160 ഡിറ്റണേറ്ററുകൾ കണ്ടെത്തി