ETV Bharat / bharat

വർധിച്ചു വരുന്ന കൗമാര ഗർഭം; അങ്കണവാടി വർക്കർമാർ നടത്തിയ സർവേയിൽ കണ്ടെത്തിയത് 56 കേസുകൾ

കൗമാരക്കാരായ ഗർഭിണികളിൽ നിരവധി പേർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായും കണ്ടെത്തി. എന്നാൽ മതിയായ ആശുപത്രി രേഖകളോ റിപ്പോർട്ടുകളോ ഇല്ല.

TEENAGE PREGNANCY CASES  MAHARASHTRA CHILD PREGNANCY  TEENAGE PREGNANCY REPORTS  PREGNANCY
Representational Image (Getty Image)
author img

By ETV Bharat Kerala Team

Published : January 8, 2026 at 9:02 AM IST

3 Min Read
Choose ETV Bharat

പൂനൈ: കൗമാരക്കാരായ പെൺകുട്ടികള്‍ ഗര്‍ഭം ധരിക്കുന്ന സംഭവങ്ങള്‍ വർധിക്കുന്നു. അവിവാഹിതയായ പെൺകുട്ടി ഉൾപ്പെടെ അൻപത്തിയാറോളം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ ഗര്‍ഭിണികളായാതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ജില്ലയിലെ അകോല താലൂക്കിൽ നടത്തിയ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തല്‍. അങ്കണവാടി വർക്കർമാരും ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ) പ്രവർത്തകരും ഉൾപ്പെടുന്ന സംഘം നടത്തിയ സർവേയിലാണ് ഇത്രയേറെ സംഭവങ്ങള്‍ കണ്ടെത്തിയത്. മുലയൂട്ടുന്ന അമ്മമാർക്ക് പോഷകാഹാരം നൽകുന്നതിനായി അങ്കണവാടി ജീവനക്കാർ ഗ്രാമങ്ങളിൽ സർവേ നടത്താറുണ്ട്. ഇത്തരത്തിൽ നടത്തിയ വീടുതോറുമുള്ള സർവേയിലാണ് ഈ കേസുകൾ കണ്ടെത്തിയത്.

കൗമാരക്കാരായ ഗര്‍ഭിണികളില്‍ ഭൂരിഭാഗവും പല കാരണങ്ങളാൽ വീട് വിട്ട് ഇറങ്ങിയവരും ഒളിച്ചോടിയവരുമാണ്. പെൺകുട്ടികൾ കാമുകന്മാരുമായി ഒളിച്ചോടുന്നതാണ് കൗമാര ഗർഭധാരണത്തിന് കാരണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

56 പെൺകുട്ടികളെ അവർ കണ്ടെത്തി. അവരിൽ ചിലർ പ്രസവിച്ചിട്ടുണ്ട്. എന്നാലും ഈ പെൺകുട്ടികളിൽ പലരും 'പ്രായപൂർത്തിയാകാത്ത അമ്മമാർ' ആയതിനാൽ അവരുടെ ഗർഭധാരണത്തിൻ്റെയോ പ്രസവത്തിൻ്റെയോ റിപ്പോർട്ടുകളോ രേഖകളോ ഇല്ല.

"അകോലെ താലൂക്കിൽ ശൈശവ വിവാഹങ്ങളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്. കൗമാരക്കാരിൽ ഗർഭധാരണത്തിനുള്ള ഒരു പ്രധാന കാരണം ഒളിച്ചോടുന്നതാണ്" എന്ന് സാമൂഹിക പ്രവർത്തകനും അകോലെ താലൂക്ക് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗവുമായ ശ്രീനിവാസ് അശോക് രേണുകാദാസ് പറഞ്ഞു.

"ഒളിച്ചോടി വിവാഹം കഴിക്കുന്ന പെൺകുട്ടികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഓരോ രണ്ട് ദിവസത്തിലും ശരാശരി പ്രായപൂര്‍ത്തിയാകാത്ത ഒരു പെൺകുട്ടി വീതം താലൂക്കിൽ നിന്ന് വിവാഹിതയാകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അകോലെ താലൂക്കിൽ 500-ലധികം ശൈശവ വിവാഹങ്ങൾ ഞങ്ങളുടെ സംഘടനയായ സമർത് തടഞ്ഞു. ഭരണകൂടത്തിൻ്റെ സഹായത്തോടെയാണ് ഇതിനെതിരെ നടപടിയെടുത്തത്. ഇതൊരു സാമൂഹിക പ്രശ്‌നം കൂടിയാണ്" രേണുകാദാസ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അകോലെ താലൂക്കിലെ വനിതാ-ശിശു വികസന വകുപ്പിന് നിലവിൽ രണ്ട് പദ്ധതികളുണ്ട്. ഒന്ന് രാജൂരിലും ഒന്ന് അകോലെയിലും. അകോലെ പദ്ധതിയിൽ 11 സൂപ്പർവൈസർമാരും 326 അംഗൻവാടി ജീവനക്കാരുമുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രാമതല ശിശു സംരക്ഷണ സമിതികളും ഒരു പ്രത്യേക പദ്ധതിയും അവർ നിർദേശിച്ചതായും രേണുകാദാസ് ഇടിവി ഭാരതിനോട് പറഞ്ഞു.

അകോലെയിൽ ശൈശവ വിവാഹം തടയുന്നതിനുള്ള മാർഗങ്ങൾ സ്വികരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത്, സർക്കാർ പ്രതിനിധികളെ ഇക്കാര്യം അറിയിച്ചു. വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ അകോലെ പ്രോജക്‌ട് ഓഫിസറായ അർച്ചന എഖണ്ഡെ, അകോലെ താലൂക്കിലുടനീളമുള്ള സ്‌കൂളുകൾ, ഗ്രാമസേവകർ (ഗ്രാമ വികസന ഓഫീസർമാർ), കുറച്ച് സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു. ശൈശവ വിവാഹത്തിനെതിരെ വ്യക്തികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വനിതാ-ശിശു വികസന വകുപ്പിന്‍റെ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പ്രതിമാസ സെൻസസിൽ രജിസ്റ്റർ ചെയ്യാൻ നിരവധി സ്ത്രീകൾ മനഃപൂർവ്വം വിസമ്മതിക്കുന്നു. സാമൂഹിക സമ്മർദ്ദം, അപമാനഭയം, നടപടി ക്രമങ്ങൾ എന്നിവ കാരണം പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്ന് അർച്ചന എഖണ്ഡെ പറഞ്ഞു.

"ഇത് യുവ ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം വഷളാകുന്നതിന് കാരണമായി. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു" മഹാരാഷ്ട്ര സ്റ്റേറ്റ് ആശ ആൻഡ് ഗ്രൂപ്പ് പ്രൊമോട്ടർ ഫെഡറേഷന്‍റെ സംസ്ഥാന കൗൺസിൽ അംഗം സംഗീത സാൽവേ പറഞ്ഞു.

ഈ രീതി തടയുന്നതിനായി തഹസിൽദാർ, വനിതാ-ശിശു വികസന പദ്ധതി ഓഫീസർ, മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രൂപാലി ചക്കങ്കർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഇന്ദിരാ കോൺഗ്രസ് കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗിരിജ പിച്ചട് അറിയിച്ചു.

2022 ൽ അകോലെ പൊലീസ് സ്റ്റേഷന് സമീപം കൗമാരക്കാരായ പെൺകുട്ടികൾക്കെതിരെ 4 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അകോലെ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ മോഹൻ ബോർസ് പറഞ്ഞു. 2023 ൽ 14 കേസുകളും 2024 ൽ 16 കേസുകളും 2025 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 10 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രത്യേകിച്ചും മിസ്സിംഗ് കേസുകളുടെ കണക്കുകളും ആശങ്കാജനകമാണ്. 2022 ൽ 75 കേസുകളും, 2023 ൽ 102 കേസുകളും, 2024 ൽ 84 കേസുകളും, 2025 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 84 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു" എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ പെൺകുട്ടികളുടെ നിയമപരമായ വിവാഹ പ്രായം 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സുമാണ്.

Also Read: കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്നത് വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 1,980 കോടിയുടെ മയക്കുമരുന്ന്