ജനസംഖ്യ ആയിരത്തില്‍ താഴെ; ഒന്നും രണ്ടുമല്ല രാജ്യത്തെ കാക്കാൻ ഈ ഗ്രാമത്തിൽ നിന്ന് 29 പേർ
തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ഗർഷകുർത്തി ഗ്രാമത്തിലുള്ള 29 പേരാണ് രാജ്യം കാക്കാനായി സെന്യത്തിൽ സേവനമനുഷ്‌ഠിക്കുന്നത്.

Published : December 8, 2025 at 9:44 AM IST
ഹൈദരാബാദ്: ഇന്ത്യൻ സൈന്യം എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക തരം അനുഭൂതിയാണ്. ഒരു പിഞ്ചു കുഞ്ഞിനെയും പൊതിഞ്ഞു തൻ്റെ മാറോട് ചേർത്തു പിടിച്ച് യുദ്ധഭൂമിയിൽ നിന്ന് സുരക്ഷിതമായ ഒരിടം തേടി ഓടുന്ന ഒരു പട്ടാളക്കാരൻ. ഒരിക്കൽ ഒരു പത്രത്തിൽ വന്ന ചിത്രമാണ് ഇത്. അടിക്കുറിപ്പ് ഒന്നും തന്നെയില്ലാതെ ആ ചിത്രം നമ്മളിലേക്ക് എത്തിക്കുന്ന ആശയം ആ കുഞ്ഞിനെ പോലെ തന്നെ നാം ഒരോരുത്തരും ഇന്ത്യൻ സൈന്യത്തിൻ്റെ സംരക്ഷണത്താൽ സുരക്ഷിതരാണ് എന്നാണ്.
അവരുടെ ചിട്ടകളും ജീവിതത്തിൽ അവർ പാലിക്കുന്ന കൃത്യതകളും സ്വന്തം ജീവൻ പോലും മറന്നുള്ള രാജ്യത്തോടുള്ള സ്‌നേഹവും എന്നും നമ്മൾ ഇന്ത്യക്കാരെ സംമ്പന്ധിച്ച് വലിയ കാര്യം തന്നെയാണ്. അവർ ഉറങ്ങാതെ അതിർത്തി കാക്കുന്നത് കൊണ്ടാണ് നാം ഓരോരുത്തരും നമ്മുടെ വീട്ടിൽ സുഖമായി ഉറങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഓപ്പറേഷൻ സിന്ദൂർ. 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ദുരന്തതിന് മറുപടി പറഞ്ഞത് വെറും ഒറ്റ രാത്രി കൊണ്ടാണ്. രാജ്യത്തോടുള്ള സ്‌നേഹവും ആരാധനയും കാരണം ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ഒരുപാട് പേരുണ്ട്. എന്നാൽ ഒന്നോ രണ്ടോ അല്ല 29 പേർ സൈന്യത്തിൽ ചേർന്നൊരു ഗ്രാമമുണ്ട് നമ്മുടെ രാജ്യത്ത്. 29 പേർ രാജ്യത്തെ സേവിക്കാൻ പോയത് ജനസംഖ്യ 1000ല്‍ താഴെയുള്ള ഗ്രാമത്തില്‍ നിന്നാണ് എന്നത് മറ്റൊരു വസ്‌തുത.
തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ഗർഷകുർത്തി എന്ന ഒരു ഗ്രാമമുണ്ട്. ഇവിടെയുള്ള 29 യുവാക്കളും രാജ്യത്തെ സേവിക്കുന്നവരാണ്. മാതൃരാജ്യത്തെ സേവിക്കുന്നതിനേക്കാൾ വലിയ അവസരം മറ്റൊന്നില്ലെന്നാണ് ഇവർ പറയുന്നത്.
ചന്ദ്രശേഖർ റാവു എന്നയാളാണ് ആദ്യമായി ഈ ഗ്രാമത്തിൽ നിന്നും സൈന്യത്തിലേക്ക് പോകുന്നത്. അതിനു ശേഷം ഇയാളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഓരോരുത്തരായി സൈന്യത്തിൽ ചേരുകയായിരുന്നു. ഇതുവരെ 32 പേർ ഈ ഗ്രാമത്തിൽ നിന്ന് മാത്രം സൈന്യത്തിൻ്റെ പല വിങ്ങുകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിൽ 18 പേർ സൈന്യത്തിലും രണ്ട് പേർ സിഐഎസ്‌എഫിലും രണ്ട് പേർ ഐടിബിപിയിലും ഓരാൾ ബിഎസ്‌എഫിലും ഒരാൾ എസ്‌എസ്‌ബിയിലും രണ്ട് പേർ നാവിക സേനയിലും മൂന്ന് പേർ അഗ്നിവീറിലും സേവനമനുഷ്‌ഠിക്കുന്നുണ്ട്.
കൂടാതെ മൂന്ന് പേർ സൈന്യത്തിൽ നിന്നും വിരമിക്കുകയും ചെയ്‌തു. വളർന്ന് വരുന്ന തലമുറകൾക്കും ഈ ഗ്രാമവും ഇവിടുത്തെ യുവാക്കളും പ്രചോദനം തന്നെയാണ്. ഇന്ത്യൻ സായുധ സേനയുടെ പതാക ദിനമായ ഡിസംബർ 7 കടന്ന് പോകുമ്പോള്‍ രാജ്യം കാക്കുന്ന ഇവരെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ച് പറയാനാണ്.

