ETV Bharat / bharat

2020 ഡൽഹി കലാപം: തെളിവുകളുണ്ടെന്ന് സുപ്രീം കോടതി, ഉമർ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നതാണ് കേസ്.

DELHI RIOTS CASE  supreme court  SHARJEEL IMAM  UMAR KHALID
Umar Khalid and Sharjeel Imam (ANI)
author img

By ETV Bharat Kerala Team

Published : January 5, 2026 at 11:38 AM IST

|

Updated : January 5, 2026 at 12:18 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് ആക്‌ടിവ്സ്റ്റ് ഉമർ ഖാലിദിനും ഷര്‍ജീല്‍ ഇമിനും ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. കേസിൽ ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് സുപ്രീം കോടതി നിരീക്ഷണം. ഫെബ്രുവരിയിൽ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ (unlawful activities prevention act) കേസിൽ ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻവി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

''നിയമപരമായ ചട്ടക്കൂടും ഭരണഘടനയും യുഎപിഎയും പരിഗണിച്ച്, കേസുമായി ബന്ധമുള്ള സംരക്ഷിത രഹസ്യ സാക്ഷികൾക്ക് മുന്നോട്ട് വരാൻ ഒരു വർഷം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. അങ്ങനെ ആരും വന്നിലെങ്കിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരു വർഷത്തിനുശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാം'' - അഭിഭാഷകൻ സരിം ജാവേദ് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കലാപ ഗൂഢാലോചനയില്‍ പങ്കില്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിലധികമായി ഇവർ റിമാന്‍ഡിലാണ്. വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നത്. ഡിസംബർ പത്തിനായിരുന്നു ജാമ്യാപേക്ഷയിൽ വാദം നടന്നത്.

കേസിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) എസ് വി രാജു, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുടെ വാദങ്ങളും ബെഞ്ച് കേട്ടിരുന്നു. കൂടാതെ രേഖകളുടെയും മറ്റും ഹാർഡ് കോപ്പികൾ വേണമെന്ന് പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയും ചെയ്‌തു. കഴിഞ്ഞ വർഷം സെപ്‌തംബർ രണ്ടിന് ഡൽഹി ഹൈക്കോടതി ഖാലിദ്, ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പൗരന്മാരുടെ പ്രകടനങ്ങളുടെയോ പ്രതിഷേധങ്ങളുടെയോ മറവിൽ 'ഗൂഢാലോചന' അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കൊണ്ടാണ് അന്ന് ഒമ്പത് പേർക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

2020ലെ കലാപം

53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കലാപമായിരുന്നു 2020ൽ നടന്നത്. കലാപത്തിൻ്റെ സൂത്രധാരനാണെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങി മറ്റ് പ്രതികൾക്കെതിരെ 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം ഭീകരവിരുദ്ധ നിയമം, മുൻ ഐപിസിയിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം കേസെടുത്തു. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശിയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ വ്യാപക പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Also Read: ''ആർഎസ്‌എസ്‌ വിദ്വേഷം പ്രചരിപ്പിക്കുന്നു''; മോഹൻ ഭാഗവതിൻ്റെ ലവ് ജിഹാദ് പരാമർശത്തെ വിമർശിച്ച് എഐഎംഐഎം

Last Updated : January 5, 2026 at 12:18 PM IST