ETV Bharat / bharat

ചന്ദ്ര ഗ്രഹണത്തെ സാക്ഷിയാക്കി മിശ്ര മതസമൂഹ വിവാഹം; വരണമാല്യം ചാർത്തിയത് 19 ദമ്പതികൾ

ഗഡാഗിലെ ലിംഗായത്ത് സന്യാസിപണ്ഡിറ്റ് പുട്ടരാജ ഗവായിയുടെ 112-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് മിശ്രമതസമൂഹം വിവാഹം നടന്നത്.

ചന്ദ്രഗ്രഹണം  മിശ്ര മത വിവാഹം  വടക്കൻ കർണാടക വിവാഹങ്ങൾ  ചന്ദ്രഗ്രഹണ സമയത്ത് വിവാഹങ്ങൾ
Couples from Hindu and Muslim families participated in the ceremony, symbolising communal harmony and unity (ETV Bharat)
author img

By ETV Bharat Kerala Team

Published : March 4, 2026 at 2:18 PM IST

2 Min Read
Choose ETV Bharat

ബെംഗളൂരു: വടക്കൻ കർണാടകയിലെ ഗഡാഗിൽ നടന്ന മിശ്ര മതസമൂഹ വിവാഹത്തിൽ വിവാഹിതരായി 19 ദമ്പതികൾ. ചന്ദ്രഗ്രഹണ സമയത്ത് ശുഭകരമായ ചടങ്ങുകൾ പാടില്ലെന്ന പരമ്പരാഗത വിശ്വാസങ്ങൾ നിലനിൽക്കെയാണ് സമൂഹ വിവാഹം നടന്നത്. വിവിധ ജാതിയിലും മതത്തിലുമുള്ള 19 ദമ്പതികളാണ് വിവാഹിതരായത്. ചന്ദ്രഗ്രഹണ ദിവസമായ ഇന്നലെ (മാർച്ച് 03) വിവിധ മതങ്ങളിൽപ്പെട്ടവർ ഒത്തുചേർന്ന് വധൂവരന്മാരെ ആശിർവദിച്ച് ആഘോഷപൂർണമായ വിവാഹത്തിൽ പങ്കുചേർന്നു.

ഹിന്ദു, മുസ്ലീം കുടുംബങ്ങൾ ഉൾപ്പെടെ വിവിധ സമുദായങ്ങളിൽ നിന്നുള്ള വധൂവരന്മാരും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ഗഡാഗിലെ ലിംഗായത്ത് സന്യാസിപണ്ഡിറ്റ് പുട്ടരാജ ഗവായിയുടെ 112-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് മിശ്രമതസമൂഹം വിവാഹം നടന്നത്. വടക്കൻ കർണാടകയിലെ വിശുദ്ധ സന്ന്യാസിയായി ആരാധിക്കപ്പെടുന്ന പുട്ടരാജ ഗവായിയുടെ ജന്മദിനത്തിലും അനുബന്ധ ചടങ്ങളിലും ജാതി മത ഭേദമന്യേ ആയിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടി.

എപിഎംസി പരിസരത്തുള്ള പുട്ടരാജ ഗവായി മഠമായിരുന്നു പ്രധാനവേദി. മഠത്തിൽ പ്രത്യേക പ്രാർത്ഥനകളോടെയും പുഷ്‌പാലങ്കാരങ്ങളോടെയുമാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് പണ്ഡിറ്റ് പുട്ടരാജ ഗവായിയുടെ ഛായാചിത്രം വഹിച്ചുകൊണ്ട് നഗരവീഥിയിലൂടെ ഒരു വലിയ ഘോഷയാത്ര നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 112 കിലോഗ്രാം കേക്കും മുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1,012 വിവാഹിതരായ സ്ത്രീകൾ പങ്കെടുക്കുന്ന കുങ്കുമ കലശ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്‌തു. ശേഷം വിവാഹ മണ്ഡപത്തിലേയ്‌ക്ക് വധൂ വരന്മാരെ ആനയിച്ചു കൊണ്ടുപോയി. നവദമ്പതികൾക്ക് മംഗല്യസൂത്രവും വസ്ത്രങ്ങളും സൗജന്യമായി നൽകിയതോടൊപ്പം നിരവധി സമ്മാനങ്ങളും കൊടുത്തു. ഹാലിഗെ മേള, ഡൊല്ലു കുനിത തുടങ്ങിയ പരമ്പരാഗത കലാപരിപാടികളോടെ ആഘോഷം തുടർന്നു.

തോണ്ടദാര്യ മഠത്തിലെ ഡോ. തോണ്ടട സിദ്ധരാമ സ്വാമിജി, നോണവിനകെരെയിലെ ശ്രീ അഭിനവ കടസിദ്ധേശ്വര സ്വാമിജി, അദ്‌നൂർ– രാജൂർ ബ്രുഹൻമഠത്തിലെ ശ്രീ അഭിനവ പഞ്ചാക്ഷര ശിവാചാര്യ മഹാസ്വാമിജി എന്നിവരുടെ ദിവ്യ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. വീരേശ്വര പുണ്യാശ്രമത്തിലെ മഠാധിപതി ശ്രീ കല്ലയ്യജ്ജയും ചടങ്ങിൽ പങ്കെടുത്തു. ബാഗൽകോട്ട്, ഹാവേരി, ഹുബ്ബള്ളി–ധാർവാഡ്, മറ്റ് ജില്ലകളിൽ നിന്നുള്ള ധാരാളം ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

ബൂണ്ടി, വഴുതനങ്ങ കറി, ചോറ്, സാമ്പാർ എന്നിവ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്‌തു. പണ്ഡിറ്റ് പുട്ടരാജ ഗവായിയുടെ 112-ാം ജന്മവാർഷിക ആഘോഷവും മിശ്രമത സമൂഹ വിവാഹ ചടങ്ങും സാമൂഹിക ഐക്യത്തിൻ്റെയും സാമുദായിക ഐക്യത്തിൻ്റെയും ശക്തമായ സന്ദേശമാണ്. 2026ൽ ദൃശ്യമാകുന്ന ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണമായിരുന്നു ഇന്നലെ. 2029ലെ ഇനിയൊരു പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകൂ.

Also Read: സെര്‍വിക്കല്‍ കാന്‍സറിനെ അകറ്റാം; എച്ച്‌പിവി വാക്‌സിനേഷന് കശ്‌മീരിലും തുടക്കം