ഇൻഡോർ ദുരന്തം: മലിനജലം കുടിച്ച് രോഗബാധ; മരണസംഖ്യ സ്ഥിരീകരിക്കാനുണ്ടെന്ന് കളക്‌ടര്‍, 18 കുടുംബങ്ങൾക്ക് ധനസഹായം
ഭാഗീരഥ്പുരയിൽ നടത്തിയ സർവേകൾ പ്രകാരം ഛർദ്ദിയും വയറിളക്കവും ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി

By ANI
Published : January 7, 2026 at 5:41 PM IST
ഇൻഡോര്‍: ഇൻഡോറിലെ ഭാഗീരഥ്പുരയിൽ മലിനജലം കുടിച്ച് രോഗബാധിതരായ സംഭവത്തിൽ ഔദ്യോഗിക മരണസംഖ്യ ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ ശിവം വർമ. നിലവിൽ രോഗം ബാധിച്ച കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ നിർദേശപ്രകാരം രണ്ട് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി .
ഭാഗീരഥ്പുരയിൽ നടത്തിയ സർവേകൾ പ്രകാരം ഛർദ്ദിയും വയറിളക്കവും ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ഇന്ന് രണ്ട് പേരെ മാത്രമാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 80 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്, ഇതിൽ 15 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവർക്കെല്ലാം സൗജന്യവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണസംഖ്യയുമായി ബന്ധപ്പെട്ട് നിലവിൽ 18 കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയിരിക്കുന്നത്. മരണകാരണം മലിനജലം വഴിയുള്ള രോഗലക്ഷണങ്ങൾ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ മുതിർന്ന ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഡെത്ത് അനാലിസിസ് നടത്തിവരികയാണ്.
ഈ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് തന്നെ മാനുഷിക പരിഗണന മുൻനിർത്തിയാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. പ്രദേശത്തെ ബോർവെല്ലുകളും നർമ്മദാ ജലവിതരണ പൈപ്പുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുകയാണ്. വെള്ളത്തിന്‍റെ സാമ്പിളുകൾ വീണ്ടും പരിശോധിച്ച ശേഷം മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കൂ. ഇൻഡോർ നഗരത്തിലുടനീളം കുടിവെള്ള പൈപ്പുകളുടെ ചോർച്ച പരിഹരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി മോഹൻ യാദവ്, മരണസംഖ്യയുടെ കണക്കുകൾക്കല്ല, മറിച്ച് ദുരിതബാധിതർക്ക് ഒപ്പം നിൽക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. ഓരോ ജീവനും വിലപ്പെട്ടതാണെന്നും സംഭവം അതീവ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഭരണകൂടത്തിന് കൃത്യമായ കണക്കുകൾ ഉണ്ടായേക്കാം, എന്നാൽ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസം എത്തിക്കുന്നതിനാണ് സർക്കാർ നിലവിൽ പ്രാധാന്യം നൽകുന്നതെന്ന് ഭോപ്പാലിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇൻഡോറിൽ പിടിപെട്ടിരിക്കുന്ന രോഗബാധയ്‌ക്കും മരണങ്ങൾക്കും കാരണം മലിനജലമാണ് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നഗരത്തിലെ മെഡിക്കൽ കോളജിൽ നടത്തിയ ജല പരിശോധന ഫലത്തിലാണ് സ്ഥിരീകരിച്ചതെന്ന് ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു.
ഭഗീരത്പുരയിലെ ഒരു പൊലീസ് ഔട്ട്‌പോസ്റ്റിനടുത്തുള്ള പ്രദേശത്ത് ടോയ്‌ലറ്റ് നിർമ്മിച്ചിരുന്ന സ്ഥലത്താണ് പ്രധാന കുടിവെള്ള വിതരണ പൈപ്പ്‌ലൈനുള്ളത്. ഈ പൈപ്പ്‌ലൈനിലാണ് ചോർച്ച കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റെവിടെയെങ്കിലും ചോർച്ചയുണ്ടോ എന്ന് കണ്ടെത്താൻ ഭഗീരത്പുരയിലെ മുഴുവൻ കുടിവെള്ള വിതരണ പൈപ്പ്‌ലൈനും പരിശോധിക്കുകയാണെന്നും എന്ന് അഡിഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബെ വ്യക്തമാക്കിയിരുന്നു.

