മധുരയിലെ വൈഗൈ നദിക്കരയിൽ അപൂർവ കണ്ടെത്തൽ; പതിമൂന്നാം നൂറ്റാണ്ടിലെ പാണ്ഡ്യ ലിഖിതം കണ്ടെത്തി
സക്കുടി ഗ്രാമത്തിനടുത്തുള്ള വൈഗൈ നദിയുടെ തീരത്ത് ശിൽപ ഗവേഷകയായ ദേവി അറിവ് സെൽവത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം പുരാവസ്‌തു സർവേ നടത്തിയപ്പോഴാണ് അത്യപൂർവമായ " ആസിരിയം"എന്ന ഈ ലിഖിതം കണ്ടെത്തിയത്.

Published : June 4, 2026 at 1:51 PM IST
ചെന്നൈ: തമിഴ്നാട്ടിലെ വൈഗൈ നദീതീരത്ത് വീണ്ടും അപൂർവ ചരിത്രശേഷിപ്പുകൾ കണ്ടെത്തി. പതിമൂന്നാം നൂറ്റാണ്ടിലെ പാണ്ഡ്യ കാലത്തുള്ള ആസിരിയം ശിലാലിഖിതമാണിത്. ശിൽപഗവേഷക ദേവി അറിവ് സെൽവത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നിൽ.
കീഴടി ഉൾപ്പെടെയുള്ള മഹത്തായ ചരിത്രത്തിൻ്റെ ഭാഗമായ മധുരയിലെ കണ്ടെത്തൽ രാജ്യത്താകെ ശ്രദ്ധാകേന്ദ്രമാവുകയാണ്. മധുര ഈസ്റ്റ് പഞ്ചായത്ത് യൂണിയനിലെ സക്കുടി ഗ്രാമത്തിന് അടുത്താണ് ലിഖിതം കണ്ടെത്തിയത്. മൂന്നടി ഉയരവും രണ്ടടി വീതിയുമുള്ള ശിലാഫലകമാണിത്. ഇതിലാണ് ചരിത്രവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. പുരാവസ്തു സർവേക്കിടെയാണ് സംഘം ലിഖിതം കണ്ടെത്തിയത്. അവസാന പാണ്ഡ്യ കാലഘട്ടത്തിലേതാണ് ഈ ചരിത്രരേഖയെന്ന് ഗവേഷകർ വ്യക്തമാക്കി. മുൻപും വൈഗൈ തീരത്ത് നിന്ന് ഒട്ടേറെ പുരാവസ്തുക്കൾ ലഭിച്ചിട്ടുണ്ട്.
എന്താണ് ആസിരിയം
പ്രത്യേക ക്ഷേത്രത്തിനോ സ്ഥലത്തിനോ അവിടത്തെ ജനങ്ങൾക്കോ ഭരണകൂടം നൽകുന്ന ഔദ്യോഗിക സംരക്ഷണ ഉറപ്പാണ് ആസിരിയം. ആസിരിയം എന്ന പദത്തിന് സംരക്ഷണം എന്ന് തന്നെയാണ് തമിഴിൽ അർഥം. ദ്വാരപതി പാണ്ഡ്യാർ ചതുർവേദി മംഗലത്തിനും സമീപത്തെ നായന്മാർ ക്ഷേത്രങ്ങൾക്കും വേണ്ടിയുള്ള സംരക്ഷണമാണിത്. കുന്നത്തൂർ നാട്ടാരുടെ സംരക്ഷണ ചുമതലയാണ് ശിലാഫലകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ ലിഖിതത്തിന് താഴെയായി പൂർണകുംഭത്താൽ ചുറ്റപ്പെട്ട മുക്കാലിയും കൊത്തിവച്ചിട്ടുണ്ട്. ഫലകത്തിൻ്റെ ഇരുവശത്തും പരമ്പരാഗത കുത്തുവിളക്കുകളുടെ രൂപങ്ങളും നിർമിച്ചിട്ടുണ്ട്. അന്നത്തെ തമിഴ് സമൂഹത്തിൻ്റെ വ്യവസ്ഥിതിയും ഭരണനൈപുണ്യവുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ക്ഷേത്രങ്ങൾക്കും ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ഭരണകൂട സംവിധാനങ്ങൾ അക്കാലത്ത് പ്രവർത്തിച്ചിരുന്നു എന്നാണ് ഈ ലിഖിതങ്ങൾ അടിവരയിടുന്നത്. ലിഖിതത്തിലെ ചില അക്ഷരങ്ങൾ കാലപ്പഴക്കത്താൽ മാഞ്ഞുപോയിട്ടുണ്ട്.
ജീർണിച്ച ക്ഷേത്രങ്ങൾ
പുതിയ ലിഖിതം കണ്ടെത്തിയ വൈഗൈ നദീതീരത്തിൻ്റെ ഒരു വശത്ത് ചരിത്രപ്രസിദ്ധമായ ശിവ മീനാക്ഷി ക്ഷേത്രമുണ്ട്. ഇതിന് മറുവശത്താണ് പ്രാചീനമായ പെരുമാൾ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുമാൾ ക്ഷേത്രം ഇപ്പോൾ തികച്ചും ജീർണിച്ച അവസ്ഥയിലാണ്. ഇതിൻ്റെ ഫലമായി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളായ വിഗ്രഹങ്ങൾ ഒരു മരച്ചുവട്ടിലാണ് അധികൃതർ വച്ചിട്ടുള്ളത്.

പെരുമാൾ, ശ്രീദേവി, മൂദേവി എന്നീ മൂന്ന് പ്രധാന വിഗ്രഹങ്ങളാണ് പ്രധാനമായും പുറത്തുള്ളത്. പ്രാദേശിക വാസികൾ ഈ വിഗ്രഹങ്ങളെ മുനി എന്നാണ് നിലവിൽ വിളിക്കുന്നത്. വിഗ്രഹങ്ങൾക്ക് അവർ നിത്യവും പ്രാർഥനകൾ നടത്തുന്നുണ്ട്. കൃത്യമായ സംരക്ഷണം ഇല്ലാത്തതിനാലാണ് വിഗ്രഹങ്ങൾ വെളിയിലായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുരാവസ്തു വകുപ്പ് ക്ഷേത്രം ഏറ്റെടുക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാണ്. വിലമതിക്കാനാവാത്ത ഈ പൈതൃക സ്വത്തുക്കൾ മഴയും വെയിലും കൊള്ളാതെ മണ്ണോട് ചേരുകയാണ്. പുരാവസ്തു ഗവേഷകരും പ്രദേശവാസികളും ഇക്കാര്യത്തിൽ കടുത്ത ആശങ്കയിലാണ്.
വൈഗൈ തീരത്തെ ഉത്ഖനനം
ഒട്ടേറെ ചരിത്രരഹസ്യങ്ങൾ ഉറങ്ങുന്ന വൈഗൈ നദീതടം ദക്ഷിണേന്ത്യൻ ചരിത്രത്തിൽ തന്നെ നിർണായകമാണ്. കീഴടി അടക്കമുള്ള ഗ്രാമങ്ങളിൽ നടന്ന ശാസ്ത്രീയമായ ഉത്ഖനനങ്ങൾ തമിഴകത്തെ പുരാതന നാഗരികതയെ രാജ്യത്തിന് മുന്നിൽ പുറത്തുകൊണ്ടുവന്നു. വൈഗൈ നദി കേന്ദ്രീകരിച്ച് ചരിത്രത്തിൽ വലിയൊരു നാഗരികത നിലനിന്നിരുന്നതായി ഗവേഷകർ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംരക്ഷണ പ്രാധാന്യമുള്ള ശിലാലിഖിതം കൂടി ശാസ്ത്രലോകം കണ്ടെത്തുന്നത്.
മധുര നഗരം കേന്ദ്രീകരിച്ച് ഭരണം നടത്തിയ പാണ്ഡ്യ രാജവംശത്തിൻ്റെ പൈതൃകത്തിലേക്കും ഈ ലിഖിതം വലിയ വെളിച്ചം വീശുന്നു. പ്രാചീന ക്ഷേത്രങ്ങളെയും അവിടുത്തെ സാധാരണ ജനങ്ങളെയും സംരക്ഷിക്കുന്നതിനായി പാണ്ഡ്യ രാജാക്കന്മാർ സ്വീകരിച്ച നടപടികളാണ് ലിഖിതത്തിലുള്ളത്. വൈഗൈ നദിക്കരയിൽ വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ പഠനങ്ങൾ നടത്താൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുരാതനമായ സംഘകാല സംസ്കാരത്തിൻ്റെ വേരുകൾ മധുരയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നുവെന്ന് പകൽപോലെ വ്യക്തമാണ്. ദക്ഷിണേന്ത്യയുടെ ചരിത്രരചനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം പുതിയ കണ്ടെത്തലുകൾക്ക് സാധിക്കുമെന്നാണ് ചരിത്രകാരന്മാരുടെ പ്രതീക്ഷ. വൈഗൈ നദീതട സംസ്കാരം വളരെ പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കാൻ ഗവേഷകർ കൂടുതൽ പഠനങ്ങൾ ലക്ഷ്യമിടുന്നു.
Also read:ബിഹാറിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയു വാർഡിലുണ്ടായ അപകടത്തിൽ നാല് മരണം

