ETV Bharat / automobile-and-gadgets
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മുതൽ വിൻഫാസ്റ്റ് വിഎഫ്7 വരെ: 2025ൽ പുറത്തിറക്കിയ അഞ്ച് മികച്ച ഇലക്‌ട്രിക് എസ്‌യുവികളും വിലയും സവിശേഷതകളും, വിശദമായി
പ്രമുഖ കമ്പനികളുടെ നിരവധി ഇലക്‌ട്രിക് എസ്‌യുവികൾ ഇന്ത്യൻ നിരത്തിലെത്തിയ വർഷമാണ് 2025. ഈ വർഷം പുറത്തിറക്കിയ അഞ്ച് മികച്ച ഇലക്‌ട്രിക് എസ്‌യുവികളും അവയുടെ സവിശേഷതകളും പരിശോധിക്കാം.

Published : December 24, 2025 at 1:50 PM IST
ഹൈദരാബാദ്: ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ വലിയ വർധനവുണ്ടായ വർഷമാണ് 2025. പല പ്രമുഖ കമ്പനികളും ഈ വർഷം ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇവികൾ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് ഈ വർഷം വിപണിയിൽ നിരവധി ഓപ്‌ഷനുകൾ ലഭ്യമായിരുന്നു. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവിയുടെ കടന്നുവരവ് രാജ്യത്തിലെ ഇലക്‌ട്രിക് വാഹന വ്യവസായത്തിലെ വളർച്ചയെ കൂടിയാണ് എടുത്തുകാണിക്കുന്നത്.
പ്രമുഖ വാഹന നിർമാതാക്കൾ ഈ വർഷം നിരവധി ഇലക്ട്രിക് കാറുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ കോംപാക്റ്റ് സിറ്റി ക്രോസ്ഓവറുകൾ മുതൽ ഫാമിലിക്കായി വലിയ ഇലക്ട്രിക് എസ്‌യുവികൾ വരെ വൈവിധ്യമാർന്ന ഓപ്ഷനുകളാണ് ഓരോ കമ്പനികളും വാഗ്‌ദാനം ചെയ്യുന്നത്. 2025ൽ പുറത്തിറക്കിയ മികച്ച 5 ഇലക്ട്രിക് കാറുകളും അവയുടെ വിശദാംശങ്ങളും ചുവടെ നൽകുന്നു.
1. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് (Hyundai Creta Electric)

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും ജനപ്രിയമാണ് ഹ്യുണ്ടായി ക്രെറ്റ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണിത്. 2025ലാണ് ക്രെറ്റയുടെ ഇലക്‌ട്രിക് പതിപ്പ് പുറത്തിറക്കിയത്. ഇലക്ട്രിക് പവർട്രെയിനിനൊപ്പം സാധാരണയുള്ള അതേ എസ്‌യുവി പാക്കേജ് ഇതിലും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് ഈ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയത്. ഇതിൽ 42 കിലോവാട്ട് ബാറ്ററി പായ്‌ക്ക് 133 bhp പവറും 255 Nm ടോർക്കും, ലോങ് റേഞ്ച് 51.4 കിലോവാട്ട് ബാറ്ററി പായ്‌ക്ക് 169 bhp പവറും 255 Nm ടോർക്കും വരെ ഉത്‌പാദിപ്പിക്കും.
വേരിയന്‍റ് അനുസരിച്ച് ക്രെറ്റ ഇലക്‌ട്രിക് 420 കിലോമീറ്റർ മുതൽ 510 കിലോമീറ്റർ വരെ റേഞ്ച് നൽകും. 10 ശതമാനം മുതൽ 80 ശതമാനം വരെയുള്ള ഡിസി ചാർജിങിന് 58 മിനിറ്റും 10 ശതമാനം മുതൽ 100 ശതമാനം വരെയുള്ള പോർട്ടബിൾ ചാർജിങ് കേബിൾ വഴിയുള്ള എസി ചാർജിങിന് (Home charging) ഏകദേശം നാല് മണിക്കൂർ വരെയും സമയമെടുക്കും. 18.02 ലക്ഷം മുതൽ 24.69 ലക്ഷം വരെയാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് വില വരുന്നത്.
ഐസിഇ-പവർ പതിപ്പിന് സമാനമാണ് ക്രെറ്റ ഇലക്ട്രിക്കിൻ്റെ ഡിസൈൻ. ബോഡി പാനലുകളിൽ ഭൂരിഭാഗവും ഐസിഇ-പവർ പതിപ്പിന് സമാനമാണ്. പുതിയ ഫ്രണ്ട്, റിയർ ബമ്പറുകളും നൽകിയിട്ടുണ്ട്. എയ്‌റോ ഒപ്റ്റിമൈസ് ചെയ്‌ത അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. എയറോഡൈനാമിക് കാര്യക്ഷമമാക്കാനായി ഫ്രണ്ട് ബമ്പറിൽ എയ്‌റോ ഫ്ലാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇൻ്റീരിയറിലേക്ക് പോകുമ്പോൾ ഡുവൽ 10.25 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. പുതിയ ഫ്ലോട്ടിങ് സെൻ്റർ കൺസോൾ ഡിസൈനും ഉണ്ട്. പനോരമിക് സൺറൂഫ്, വെഹിക്കിൾ ടു ലോഡ് (V2L) സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ADAS സ്യൂട്ട്, ഡിജിറ്റൽ കീ ഫീച്ചർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
2. ടാറ്റ ഹാരിയർ ഇവി (Tata Harrier EV)

തദ്ദേശീയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്‍റെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവി ആയ ടാറ്റ ഹാരിയറിന്‍റെ ഇലക്‌ട്രിക് പതിപ്പ് പുറത്തിറക്കിയത് 2025 ജൂണിലാണ്. 2025ൽ പുറത്തിറക്കിയ മികച്ച ഇലക്‌ട്രിക് കാറുകളിൽ ഒന്നാണ് ഇത്. acti.ev പ്ലസ് EV പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. 65 കിലോവാട്ട്, 75 കിലോവാട്ട് ബാറ്ററി ഓപ്‌ഷനുകളിലാണ് ഇത് ലഭ്യമാവുക. റിയർ-വീൽ-ഡ്രൈവ്(RWD), ഓൾ-വീൽ-ഡ്രൈവ്(QWD) കോൺഫിഗറേഷനുകളിൽ ഈ കാർ ലഭ്യമാണ്.
65 കിലോവാട്ട് ബാറ്ററി പായ്‌ക്കുള്ള RWD വേരിയന്‍റ് 538 കിലോമീറ്റർ റേഞ്ചും, 75 കിലോവാട്ട് ബാറ്ററി പായ്‌ക്കുള്ള RWD വേരിയന്‍റ് 627 കിലോമീറ്റർ റേഞ്ചും നൽകും. അതേസമയം 75 കിലോവാട്ട് ബാറ്ററി പായ്‌ക്കുള്ള QWD വേരിയന്‍റിന് 622 കിലോമീറ്റർ കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും.
RWD വേരിയന്‍റിൽ പിൻഭാഗത്തെ ആക്‌സിലിൽ 235 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. 65 കിലോവാട്ട്, 75 കിലോവാട്ട് ബാറ്ററിയുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. അതേസമയം, ഡ്യുവൽ-മോട്ടോർ വേരിയന്‍റിൽ ഫ്രണ്ട് ആക്‌സിലിൽ രണ്ടാമതൊരു 156 ബിഎച്ച്പി ഇലക്ട്രിക് മോട്ടോർ കൂടെ ചേർത്തിട്ടുണ്ട്. ഇത് 300 ബിഎച്ച്പി പവറിലും 504 എൻഎം പീക്ക് ടോർക്കും നൽകുന്നു. QWD വേരിയന്‍റിന് 6.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് സാധിക്കും.
ഹാരിയർ ഇവിയുടെ ഡിസൈൻ അതിന്‍റെ ICE മോഡലിന് ഏറെക്കുറെ സമാനമാണ്. ഇവിയുടെ ചില സ്റ്റൈലിങ് രീതികൾ ഒഴികെ മറ്റ് മിക്ക ഡിസൈൻ ഘടകങ്ങളും സമാനമാണ്. അതേസമയം ഫീച്ചറുകളുടെ കാര്യത്തിൽ ഡീസൽ ഹാരിയറിനേക്കാൾ വലിയ ഉപകരണങ്ങളുടെ പട്ടിക തന്നെ ഹാരിയർ ഇവിയിൽ ഉണ്ട്. പനോരമിക് സൺറൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS സാങ്കേതികവിദ്യ, പവർഡ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, റിമോട്ട് പാർക്കിങ്, ഇൻ-ബിൽറ്റ് ഫ്രണ്ട്, റിയർ ഡാഷ് കാമുകൾ, ഡോൾബി അറ്റ്‌മോസുള്ള JBL ബ്ലാക്ക് സ്‌പീക്കറുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ആറ് ടെറൈൻ മോഡുകൾ, 360-ഡിഗ്രി ക്യാമറകൾക്കുള്ള സുതാര്യമായ ബോണറ്റ് ഫങ്‌ഷൻ, ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ എന്നിവയും QWD വേരിയന്‍റുകളിൽ ലഭിക്കും. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഹാരിയർ ഇവിയുടെ 10,000 യൂണിറ്റുകൾക്ക് ബുക്കിങുകൾ ലഭിച്ചിരുന്നു. 21.49 ലക്ഷം മുതൽ 29.48 ലക്ഷം രൂപ വരെയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില.
3. മഹീന്ദ്ര എക്‌സ്‌ഇവി 9എസ് (Mahindra XEV 9S)

2025ൽ പുറത്തിറക്കിയ അഞ്ച് മികച്ച ഇലക്‌ട്രിക് കാറുകളുടെ പട്ടികയിലുള്ള അടുത്ത മോഡൽ മഹീന്ദ്രയുടെ XEV 9S ആണ്. ഒരു ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവി ആണിത്. കൂടുതൽ സ്‌പേസും സൗകര്യങ്ങളും ഉള്ള ഫാമിലി ഓറിയന്‍റഡ് കാറാണ് ഇത്. കമ്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 7 സീറ്റർ എസ്‌യുവി ആണിത്. 59 kWh, 70 kWh, 79 kWh ബാറ്ററി പായ്ക്കുകൾ ഉൾപ്പെടെ നിരവധി ബാറ്ററി ഓപ്ഷനുകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. മഹീന്ദ്ര എക്‌സ്‌ഇവി 9എസ് 521 കിലോമീറ്റർ മുതൽ 679 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യും. ഏറ്റവും വലിയ ബാറ്ററി ഓപ്ഷൻ ഏകദേശം 282 bhp കരുത്തും 380 Nm ടോർക്കും നൽകുന്നു. 2026 ജനുവരി 14 മുതലാണ് ഈ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിങ് ആരംഭിക്കുക. തുടർന്ന് ജനുവരി 23 മുതൽ കാർ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും. 19.95 ലക്ഷം രൂപ ആണ് മഹീന്ദ്ര എക്‌സ്‌ഇവി 9എസിന്‍റെ പ്രാരംഭവില.
എൽ-ആകൃതിയിലുള്ള കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾക്കുള്ള ത്രികോണാകൃതിയിലുള്ള ക്ലസ്റ്റർ, ക്ലോസ്‌ഡ്-ഓഫ് ഗ്രിൽ, പ്രകാശിതമായ മഹീന്ദ്ര ലോഗോ, എയറോ-സ്റ്റൈൽ ചെയ്ത 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഡിസൈൻ ഘടകങ്ങൾ. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, 540° ക്യാമറ, 6 സ്പീക്കർ ഹാർമൻ കാർഡൺ ഓഡിയോ സിസ്റ്റം, കീലെസ് എൻട്രി, 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർവ്യൂ ക്യാമറ എന്നിവയാണ് ഫീച്ചറുകൾ.
59 kWh ബാറ്ററി പായ്‌ക്ക് 231 PS പവറും 380 Nm ടോർക്കും 521 km റേഞ്ചും നൽകും. 70 kWh ബാറ്ററി പായ്‌ക്ക് 245 PS പവറും 380 Nm ടോർക്കും 600 km റേഞ്ചും നൽകും. അതേസമയം 79 kWh ബാറ്ററി പായ്‌ക്ക് 286 PS പവറും 380 Nm ടോർക്കും 679 km റേഞ്ചും നൽകും. 20 മിനിറ്റിനുള്ളിൽ 20-80% ഫാസ്റ്റ് ചാർജിങ് ചെയ്യാൻ സാധിക്കും.
4. കിയ കാരെൻസ് ക്ലാവിസ് ഇവി (Kia Carens Clavis EV)

ഒരു ഇലക്ട്രിക് എംപിവി ആണെങ്കിലും, എസ്‌യുവി പോലുള്ള രൂപവും 7 സീറ്റർ ലേഔട്ടും നൽകുന്ന ഒരു ഫാമിലി ഓറിയന്‍റഡ് വാഹനമാണ് കിയ കാരെൻസ് ക്ലാവിസ് ഇവി. 42 kWh, 51.4 kWh ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. 42 കിലോവാട്ട് ബാറ്ററി പായ്‌ക്കിന് 404 കിലോമീറ്ററും, 51.9 കിലോവാട്ട് ബാറ്ററി പായ്‌ക്കിന് 490 കിലോമീറ്ററും ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് ലഭിക്കും. ഫ്രണ്ട്-വീൽ ഡ്രൈവിൽ (FWD) വരുന്നതാണ് ഈ ഇലക്‌ട്രിക് കാർ. ഇതിന്‍റെ ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വിപുലമായ വാറണ്ടി ലഭിക്കും. 100 kW DC ഫാസ്റ്റ് ചാർജറാണ് നൽകിയത്. ഇത് ഉപയോഗിച്ച് 39 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
26.62 ഇഞ്ച് ഡ്യുവൽ പനോരമിക് ഡിസ്പ്ലേ, 8-സ്‌പീക്കറുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, 64 കളർ ആംബിയന്‍റ് ലൈറ്റ്നിങ്, ഫുട്‌വെൽ ലാമ്പുകൾ, ബീജ്, നേവി ലെതറെറ്റ് സീറ്റുകൾ, സറൗണ്ട് ആംബിയന്‍റ് ലൈറ്റിങുള്ള ഫ്ലോട്ടിങ് സെന്‍റർ കൺസോൾ, ഡ്രൈവ് മോഡ് സെലക്‌ട്, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, 17-ഇഞ്ച് ഡ്യുവൽ-ടോൺ എയ്‌റോ അലോയ് വീലുകൾ, വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യ, ഐ-പെഡൽ & റീജൻ ബ്രേക്കിങിനുള്ള പാഡിൽ ഷിഫ്റ്ററുകൾ, എൽഇഡി ഇല്യൂമിനേഷനോടുകൂടിയ ഫ്രണ്ട് ചാർജിങ് പോർട്ട് തുടങ്ങി നിരവധി സവിശേഷതകളും ഇതിലുണ്ട്. 17.99 ലക്ഷം മുതൽ ₹24.49 lakh ലക്ഷം വരെയാണ് കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ വില വരുന്നത്.
5. വിൻഫാസ്റ്റ് വിഎഫ്7 (VinFast VF7)

അഞ്ച് മികച്ച ഇലക്‌ട്രിക് കാറുകളുടെ പട്ടികയിലുള്ള മറ്റൊരു കാറാണ് വിയറ്റ്നാമീസ് ഇവി കമ്പനിയായ വിൻഫാസ്റ്റിന്‍റെ വിഎഫ്7. ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവി ആണിതെന്ന് പറയാം. 70.8–75.3 kWh റേഞ്ചിൽ ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി നൽകുന്ന സിംഗിൾ-മോട്ടോർ (എർത്ത് വേരിയന്‍റ്- FWD), ഡ്യുവൽ-മോട്ടോർ (0) വേരിയന്‍റുകളിൽ ഇത് ലഭ്യമാണ്. 201 bhp കരുത്തും 310 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് സിംഗിൾ-മോട്ടോർ FWD ട്രിമ്മുകൾ. അതേസമയം സ്കൈ വേരിയന്‍റിലുള്ള ഡ്യുവൽ-മോട്ടോർ സജ്ജീകരണം 348 bhp പവറും 500 Nm ടോർക്കും നൽകുന്നു. എർത്ത് വേരിയന്‍റിന് 438 കിലോമീറ്ററും, വിൻഡ് വേരിയന്‍റിന് 532 കിലോമീറ്ററും, സ്കൈ ട്രിം ലെവലുകൾക്ക് 510 കിലോമീറ്ററുമാണ് റേഞ്ച്. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ലെവൽ 2 ADAS, ഉയർന്ന വേരിയന്‍റുകളിൽ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ലെതറിൽ ഫിനിഷ് ചെയ്‌ത ഡ്യുവൽ-ടോൺ ഇന്‍റീരിയർ തുടങ്ങിയ സവിശേഷതകളും ഉണ്ട്. VF7 മോഡലുകൾ വാങ്ങുന്നവർക്ക് 2028 ജൂലൈ വരെ സൗജന്യ വാഹന ചാർജിങും മൂന്ന് വർഷം വരെ സൗജന്യ കോംപ്ലിമെന്‍ററി മെയിന്‍റനൻസും ലഭിക്കും. 20.89 ലക്ഷം മുതൽ 25.49 ലക്ഷം രൂപ വരെയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില.
Also Read:
- മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ മുതൽ വൺപ്ലസ് 13 ആർ വരെ: ഫ്ലാഗ്‌ഷിപ്പിനെ വെല്ലും ഫീച്ചറുകൾ; 2025ൽ വിപണിയിലെത്തിയ മികച്ച 10 ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണുകൾ
- അഭിമാനം വാനോളം: 'സ്‌പേഡെക്‌സ്' മുതൽ 'ഗഗൻയാൻ' മുന്നൊരുക്കങ്ങൾ വരെ, കുതിപ്പ് തുടർന്ന് ഐഎസ്‌ആർഒ; 2025ലെ സുപ്രധാന നേട്ടങ്ങൾ
- വാട്‌സ്‌ആപ്പിൽ പുതിയ തട്ടിപ്പ് രീതിയുമായി സൈബർകുറ്റവാളികൾ! ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങൾ പോലുമറിയാതെ വിവരങ്ങൾ ചോരും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- ടർബോ പെട്രോൾ എഞ്ചിൻ കരുത്തിൽ ടാറ്റ ഹാരിയറും സഫാരിയും: വേരിയന്‍റും സവിശേഷതകളും

