ETV Bharat / automobile-and-gadgets
ഈ വർഷത്തെ വിപണി തൂക്കാൻ ഇവരെത്തും: വരും ആഴ്‌ചകളിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകൾ
റെഡ്‌മി, റിയൽമി, പോക്കോ, ഓപ്പോ തുടങ്ങിയ കമ്പനികൾ വരും ദിവസങ്ങളിൽ പുറത്തിറക്കാനിരിക്കുന്ന സ്‌മാർട്ട്‌ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതികൾ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ

Published : January 3, 2026 at 3:24 PM IST
ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചിരിക്കുകയാണ്. പോയ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, 2025ൽ വിവിധ കമ്പനികൾ പുറത്തിറക്കിയ സ്‌മാർട്ട്‌ഫോണുകൾക്ക് കയ്യും കണക്കുമില്ല. പുതുവർഷം ആരംഭിച്ചിട്ടുള്ളൂവെങ്കിലും തുടക്കം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ കമ്പനികൾ. നിലവിലുള്ള ജനപ്രിയ മിഡ്-റേഞ്ച് ഹാൻഡ്‌സെറ്റുകളുടെ പിൻഗാമികളെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മിക്ക കമ്പനികളും.
ഷവോമി, റിയൽമി, പോക്കോ, ഓപ്പോ എന്നീ കമ്പനികൾ വരുന്ന രണ്ടാഴ്‌ചകളിലായി പുറത്തിറക്കുന്ന തങ്ങളുടെ ഫോണുകളുടെ ലോഞ്ച് തീയതികൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മറ്റു ചില കമ്പനികൾ പുതിയ സ്‌മാർട്ട്‌ഫോണുകൾ വരും ആഴ്‌ചകളിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടാകാം. ജനുവരിയുടെ ആദ്യ പകുതിയിലായി പുറത്തിറക്കുന്ന വിവിധ കമ്പനികളുടെ ചില ഫോണുകൾ പരിചയപ്പെടാം.
റിയൽമി 16 പ്രോ സീരിസ് 5G (ലോഞ്ച് തീയതി- 2026 ജനുവരി 6)

റിയൽമി 2026 ജനുവരി 6ന് റിയൽമി 16 പ്രോ സീരിസ് 5G പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. റിയൽമി 16 പ്രോ 5G, റിയൽമി 16 പ്രോ+ 5G എന്നിവ ഉൾപ്പെടുന്നതാണ് ഈ സീരിസ്. പോസ്റ്റ്-പ്രോസസ്സിങിനായി പുതിയ ലൂമ കളർ അൽഗോരിതം ഉള്ള 200MP പോർട്രെയിറ്റ് ക്യാമറയാണ് ഈ സീരിസിൽ ഉണ്ടാകുക. പ്രോ മോഡലിൽ മീഡിയാടെക് ഡൈമെൻസിറ്റി 7300 മാക്‌സ് ചിപ്‌സെറ്റും 6500nits ബ്രൈറ്റ് ഡിസ്‌പ്ലേയും ആണ് ഉണ്ടായിരിക്കുക. അതേസമയം പ്രോ+ മോഡലിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 5 പ്രൊസസറും 6500 nits കർവ്ഡ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.

7,000 mAh ബാറ്ററിയും പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിന് IP66, IP68, IP69, IP69K സർട്ടിഫിക്കേഷനുകളും റിയൽമി 16 പ്രോ സീരിസ് 5 ജി ഫോണിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ലൈനപ്പ് പ്രവർത്തിക്കുക. 3 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിൽ ലഭിക്കും.

അതേസമയം ഈ സീരിസിലെ ഫോണുകൾക്കൊപ്പം റിയൽമി പാഡ് 3 എന്ന ടാബ്‌ലെറ്റും പുറത്തിറക്കാൻ റിയൽമി തയ്യാറെടുക്കുകയാണ്. 2.8K റെസല്യൂഷൻ ഡിസ്‌പ്ലേയും 12,200 mAh ബാറ്ററിയും ഇതിൽ ഉണ്ടാകും. കൂടാതെ, കമ്പനി റിയൽമി ബഡ്‌സ് എയർ 8 പ്രഖ്യാപിക്കും.
റെഡ്‌മി നോട്ട് 15 5G: (ലോഞ്ച് തീയതി- ജനുവരി 6 )
റെഡ്‌മിയുടെ ജനപ്രിയ മോഡലായ റെഡ്‌മി നോട്ട് 14 5G സ്‌മാർട്ട്‌ഫോണിന്‍റെ പിൻഗാമിയായ റെഡ്‌മി നോട്ട് 15 5G 2026 ജനുവരി 6ന് പുറത്തിറക്കുമെന്ന് ഷവോമി സ്ഥിരീകരിച്ചു. 108 മാസ്റ്റർപിക്‌സൽ ക്യാമറയുമായാണ് ഈ ഫോൺ വരുന്നത്. ഇത് ഏത് ലെൻസുമായാണ് ജോഡിയാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റാണ് ഇതിന് കരുത്തേകുക. 5,520 mAh ബാറ്ററിയുമായാണ് പുതിയ ഫോൺ പുറത്തിറങ്ങുക. ഇതിന് 7.35 mm വണ്ണം ഉണ്ടായിരിക്കും. IP66 സർട്ടിഫിക്കേഷനുള്ള ഫോൺ 120 Hz റിഫ്രഷ് റേറ്റും 3200 nits ബ്രൈറ്റ്‌നെസും പിന്തുണയ്ക്കുന്ന 6.77 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേയിലായിരിക്കും പുറത്തിറക്കുക.

കൂടാതെ റെഡ്‌മി നോട്ട് 15 ഫോണിനൊപ്പം കമ്പനി റെഡ്‌മി പാഡ് 2 പ്രോ 5G കൂടെ ഇതേ ദിവസം പുറത്തിറക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റിന്‍റെ കരുത്തിൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റ് 12,000 mAh ബാറ്ററിയും 120 Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 12.1 ഇഞ്ച് QHD+ ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നതാണ്. ഇതിന് 7.5 എംഎം വണ്ണവും 610 ഗ്രാം ഭാരവും ഉണ്ടായിരിക്കും. ഡോൾബി അറ്റ്‌മോസ് നൽകുന്ന ക്വാഡ് സ്‌പീക്കറുകളാണ് വരാനിരിക്കുന്ന റെഡ്‌മി പാഡ് 2 പ്രോയിൽ ഉണ്ടാവുക.

പോകോ എം8 5ജി: ജനുവരി 8, 2026
പോകോ എം8 5ജി ഫോൺ 2026 ജനുവരി 8ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇത് ഒറ്റനോട്ടത്തിൽ വരാനിരിക്കുന്ന റെഡ്‌മി നോട്ട് 15 5Gക്ക് സമാനമായി തോന്നുന്നു. മുകളിൽ ഒരു പെയിന്‍റ് ജോബ് കാണാം. മാത്രമല്ല, ഐപി റേറ്റിങ്, ഡിസ്‌പ്ലേ, പ്രോസസർ എന്നിവയുൾപ്പെടെ ഉപകരണത്തിന്‍റെ എല്ലാ സവിശേഷതകളും റെഡ്‌മിയുടെ വരാനിരിക്കുന്ന ഫോണിന് സമാനമാണ്. പുറത്തിറക്കാനിരിക്കുന്ന പോകോ എം8 ഹൈപ്പർ OS 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുകയും 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പിന്തുണയ്ക്കുകയും ചെയ്യും.

ഓപ്പോ റെനോ 15 സീരിസ്: (ലോഞ്ച് തീയതി- ജനുവരി 8, 2026)
പോകോ എം8 5ജി ലോഞ്ച് ചെയ്യുന്ന അതേ ദിവസം തന്നെ റെനോ 15 സീരിസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഓപ്പോ. റെനോ 15 5G, റെനോ 15 പ്രോ 5G, റെനോ 15 പ്രോ മിനി 5G എന്നീ ഫോണുകളാണ് ഈ സീരിസിൽ ഉണ്ടായിരിക്കുക. പ്രോ മോഡലുകളിൽ പിന്നിൽ 200 എംപി പ്രൈമറി ക്യാമറയും 50 എംപി 3.5x ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും 50 എംപി അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും.

അതേസമയം, സ്റ്റാൻഡേർഡ് മോഡലിൽ 50 എംപി പ്രൈമറി ക്യാമറ, 50 എംപി 3.5x ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ എന്നിവ ഉണ്ടായിരിക്കും. റെനോ 15 പ്രോയിൽ ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 ഉള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയും, റെനോ 15 പ്രോ മിനിയിൽ ഗൊറില്ല ഗ്ലാസ് 7i ഉള്ള 6.32 ഇഞ്ച് AMOLED പാനലും, റെനോ 15 ൽ 6.59 ഇഞ്ച് AMOLED ഡിസ്‌പ്ലേയും ഗൊറില്ല ഗ്ലാസ് 7i ഉം ഉണ്ടാകും. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി മുഴുവൻ നിരയിലും IP66, IP68, IP69 സർട്ടിഫിക്കേഷനുകൾ ഉണ്ടായിരിക്കും.
Also Read:
- സാംസങ് കുടുംബത്തിലേക്ക് പുതിയ ഫോൺ വരുന്നു: ബിഐഎസ് ലിസ്റ്റിങിൽ കണ്ടെത്തി; ലോഞ്ച് ഉടനെന്ന് സൂചന
- വരുന്നു, ഓപ്പോ റെനോ 15 സീരിസ്: ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു; സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകൾ
- ഓപ്പോ ഫൈൻഡ് എക്‌സ് 9 കുടുംബത്തിലേക്ക് പുതിയൊരാൾ കൂടെ: ലോഞ്ച് എപ്പോൾ? പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
- വിവോ വി70 വരുന്നു: അടുത്ത വർഷം പുറത്തിറക്കുമെന്ന് സൂചന: ലിസ്റ്റിങ് വിശദാംശങ്ങളിലേക്ക്

