ETV Bharat / automobile-and-gadgets

ജിഎസ്‌ടി പരിഷ്‌കരണം അനുഗ്രഹമായി; 2025ൽ ഇരുചക്ര വാഹന വിൽപ്പനയിൽ വൻ കുതിപ്പ്: വിറ്റഴിച്ചത് 200 ലക്ഷത്തിലധികം യൂണിറ്റുകൾ

വിൽപ്പനയിൽ ഏകദേശം 7 ശതമാനം വാർഷിക വളർച്ച ഉണ്ടായതായാണ് കണക്കുകൾ. ജിഎസ്‌ടി നിരക്കിലുണ്ടായ പരിഷ്‌ക്കരണമാണ് പ്രധാനമായും ഇതിലേക്ക് നയിച്ചത്.

SCOOTER SALES 2025  BIKE SALES 2025  GST REFORM  AUTOMOBILE NEWS
Symbolic picture (Photo - Getty Images)
author img

By ETV Bharat Tech Team

Published : January 1, 2026 at 8:17 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചിരിക്കുകയാണ്. പോയ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, 2025ലെ ഇരുചക്ര വാഹന വിൽപ്പന വളരെ മികച്ചതായിരുന്നു. 2025ൽ ഇന്ത്യയിലെ ഇരുചക്ര വാഹന രജിസ്ട്രേഷൻ 20.2 ദശലക്ഷം യൂണിറ്റിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് വിൽപ്പനയിൽ ഏകദേശം 7 ശതമാനം വാർഷിക വളർച്ച ഉണ്ടായതായാണ് സൂചിപ്പിക്കുന്നത്.

ഗതാഗത, ദേശീയപാത മന്ത്രാലയം നിയന്ത്രിക്കുന്ന വാഹൻ പോർട്ടലിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2025 ജനുവരി മുതൽ നവംബർ വരെ 18.97 ദശലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്‌തത്. ഈ സമയത്തെ ഫാക്‌ടറി ഡിസ്‌പാച്ചുകൾ 18.08 ദശലക്ഷം യൂണിറ്റായിരുന്നു. തുടർന്ന്, ഡിസംബർ 30 ആയപ്പോഴേക്കും ഈ കണക്ക് 20.2 ദശലക്ഷം യൂണിറ്റായി ഉയർന്നു.

രജിസ്ട്രേഷൻ ഡാറ്റയ്‌ക്ക് സാധാരണയായി റീട്ടെയിൽ വാങ്ങിയതിന് ശേഷം രണ്ടോ മൂന്നോ ദിവസം സമയമെടുക്കുന്നതിനാൽ, അന്തിമ രജിസ്ട്രേഷൻ കണക്ക് ഇതിലും കൂടുതലായിരിക്കാനാണ് സാധ്യത.

വളർച്ചയ്‌ക്ക് പിന്നിലെ കാരണമെന്ത്?
കേന്ദ്ര സർക്കാറിന്‍റെ ജിഎസ്‌ടി നിരക്കുകളിലെ പരിഷ്‌കരണത്തിന്‍റെ ഭാഗമായി വാഹനങ്ങളുടെ വിലയിലുണ്ടായ മാറ്റം ഓട്ടോമൊബൈൽ രംഗത്ത് വലിയ മാറ്റമുണ്ടാക്കി. ജിഎസ്‌ടി നിരക്കുകളിലെ കുറവ് മിക്ക വാഹനങ്ങളുടെയും വില കുറയുന്നതിന് കാരണമായതോടെ വിൽപനയിൽ വൻ വർധനവുണ്ടായി. 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്‌ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഇത് ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ മാറ്റമുണ്ടാക്കി.

അതേസമയം 350 സിസി എഞ്ചിൻ വിഭാഗത്തിന് മുകളിലുള്ള പ്രീമിയം ഇരുചക്ര വാഹനങ്ങൾക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയിരുന്നു. എങ്കിലും ജിഎസ്‌ടി പരിഷ്‌കരണം നടപ്പാക്കുന്നതിന് മുൻപ് 2025ന്‍റെ ആദ്യ പകുതിയിലായി 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വിൽപ്പനയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. പുതിയ മോഡലുകളുടെ വരവും ഉയർന്ന ഡിമാൻഡും തന്നെയാകാം ഇതിന് കാരണം. വർഷാവസാനത്തോടെ ജിഎസ്‌ടി വർധിപ്പിച്ചത് പ്രീമിയം ബൈക്കുകൾക്ക് തിരിച്ചടിയായതോടെ നേരിയ ഇടിവുണ്ടായെങ്കിലും, സ്ഥിരത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ജിഎസ്‌ടി 2.0ക്ക് ശേഷം 350 സിസിയിൽ കുറവുള്ള ഇരുചക്രവാഹനങ്ങൾക്ക് വില കുറഞ്ഞതോടെ 2025ന്‍റെ രണ്ടാം പകുതിയിൽ ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വലിയ തോതിൽ വളർച്ചയുണ്ടാക്കി. മാത്രമല്ല, ഉത്സവ സീസണും ഓഫറും ഗ്രാമപ്രദേശങ്ങളിൽ ഡിമാൻഡ് വർധിച്ചതും വിൽപ്പന വർധിക്കാൻ മറ്റൊരു കാരണമായിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ മൊത്തം വിൽപ്പനയിൽ ഏറെ പങ്ക് വഹിച്ചത് സ്‌കൂട്ടർ വിഭാഗമാണ്. ടിവിഎസ് മോട്ടോറും സുസുക്കിയും സ്കൂട്ടർ-ഹെവി പോർട്ട്‌ഫോളിയോകളിലൂടെ വിൽപ്പനയുടെ ഏറിയ പങ്കും സംഭാവന നൽകി. റോയൽ എൻഫീൽഡിനൊപ്പം ജനുവരി മുതൽ നവംബർ വരെ വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു OEM-കളായിരുന്നു ടിവിഎസും സുസുക്കിയും.

Also Read:

  1. ഹ്യുണ്ടായി ആരാധകർക്ക് പുതുവർഷത്തില്‍ പണികിട്ടി: വിവിധ മോഡലുകൾക്ക് വിലവർധനവ്; ഇന്ന് മുതൽ പ്രാബല്യത്തിൽ
  2. കാറ് വാങ്ങുന്നുണ്ടെങ്കില്‍ 31 മുമ്പായിക്കോട്ടെ; പുതുവത്സരത്തില്‍ വിലയേറും, നിരക്ക് വര്‍ധിക്കുമെന്ന് നിർമാതാക്കൾ
  3. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മുതൽ വിൻഫാസ്റ്റ് വിഎഫ്‌7 വരെ: 2025ൽ പുറത്തിറക്കിയ അഞ്ച് മികച്ച ഇലക്‌ട്രിക് എസ്‌യുവികളും വിലയും സവിശേഷതകളും, വിശദമായി
  4. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ മുതൽ വൺപ്ലസ് 13 ആർ വരെ: ഫ്ലാഗ്‌ഷിപ്പിനെ വെല്ലും ഫീച്ചറുകൾ; 2025ൽ വിപണിയിലെത്തിയ മികച്ച 10 ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണുകൾ