ETV Bharat / automobile-and-gadgets
ഇന്ധനവില കൂടുമ്പോൾ ഇലക്‌ട്രിക് കാറിലേക്ക് മാറിയാലോ? 15 ലക്ഷം രൂപയ്‌ക്ക് താഴെ മികച്ച ഓപ്‌ഷനുകൾ, വിലയും വിശദാംശങ്ങളും
ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഇവിയിലേക്ക് മാറുന്നത് യാത്രാ ചെലവ് കുറയ്‌ക്കും. എംജി വിൻഡ്‌സർ ഇവി മുതൽ ടാറ്റ പഞ്ച് ഇവി വരെയുള്ള 15 ലക്ഷം രൂപയ്‌ക്ക് താഴെ വിലയുള്ള മികച്ച ഇലക്‌ട്രിക് കാറുകൾ പരിചയപ്പെടാം.

Published : May 27, 2026 at 11:22 AM IST
ഹൈദരാബാദ്: യു-എസ് ഇറാൻ സംഘർഷത്തിന് പിന്നാലെ ഇന്ധനവില ദിനംപ്രതി ഉയരുകയാണ്. മെയ് മാസത്തിൽ ഇതിനകം നാല് തവണയാണ് വില ഉയർന്നത്. ഇന്ധനവില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. ഓരോ ദിവസം കൂടും തോറും വില വർധിക്കുന്നത് കാര്യമായി ബാധിക്കുക സ്വകാര്യ വാഹനങ്ങളെയാണ്. ദിവസവും ഓഫിസുകളിലേക്ക് കാറിൽ പോകുന്നവർക്ക് ഇത് ഇരുട്ടടിയാണ്.
ഇത്തരം സാഹചര്യങ്ങളിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത മനസ്സിലാകുക. ദൈനംദിന യാത്രാ ചിലവുകൾ കുറയ്‌ക്കുമെന്നതാണ് ഇലക്ട്രിക് വാഹനത്തെ സവിശേഷമാക്കുന്നത്. ഒരു പെട്രോൾ കാറിൽ യാത്ര ചെയ്യാൻ സാധാരണയായി കിലോമീറ്ററിന് 5 മുതൽ 7 രൂപ വരെ ഇന്ധനച്ചെലവ് ഉണ്ട്. എന്നാൽ ഒരു ഇലക്ട്രിക് വാഹനെം വീട്ടിൽ ചാർജ് ചെയ്യുമ്പോൾ ഏകദേശം 1 മുതൽ 1.5 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂ.
മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾക്ക് എഞ്ചിനുകൾ ഇല്ലാത്തതിനാൽ, ചലിക്കുന്ന ഭാഗങ്ങളും കുറവായിരിക്കും. ഇത് അറ്റകുറ്റപ്പണിയുടെ ചെലവും കുറയ്‌ക്കുന്നു. പല സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ നിരവധി ആനുകൂല്യങ്ങളും നികുതി ഇളവുകളും നൽകിയിട്ടുണ്ട്.
അതിനാൽ അർബൻ ഉപയോഗങ്ങൾക്ക് പരമ്പരാഗത ഇന്ധന കാറിൽ തുടരുന്നതിനുപകരം ഒരു ഇലക്‌ട്രിക് കാറിലേക്ക് മാറുന്നതായിരിക്കും ഏറ്റവും അനുയോജ്യം. ഓഫിസ് യാത്രയ്ക്ക് അനുയോജ്യമായ 15 ലക്ഷത്തിൽ താഴെ വിലയുള്ള ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് കാറുകൾ ഏതൊക്കെയെന്നും അവയുടെ വിലയും പ്രത്യേകതകളും എന്തൊക്കെയെന്നും പരിശോധിക്കാം.

എംജി വിൻഡ്‌സർ ഇവി
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഇലക്ട്രിക് കാറുകളിലൊന്നാണ് എംജി വിൻഡ്‌സർ ഇവി (MG Windsor EV). പ്രീമിയം ഫീച്ചറുകളും വിശാലമായ ക്യാബിനും കുറഞ്ഞ ചിലവുമെല്ലാം ഈ കാറിനെ സവിശേഷമാക്കുന്നു. 14.10 ലക്ഷം മുതൽ 18.60 ലക്ഷം രൂപ വരെയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില. ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനിൽ ഇത് 9.99 ലക്ഷം രൂപ പ്രാരംഭവിലയിൽ വാങ്ങാം.
ബാറ്ററി വാടകയ്‌ക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണ് BaaS. വാഹനം വാങ്ങുമ്പോൾ ബാറ്ററിയുടെ തുക കുറച്ച് വാങ്ങാം. ഇത് ഇഷ്‌ട്ടപ്പെട്ട വാഹനത്തിന്‍റെ പ്രാരംഭവില കുറയ്‌ക്കും. എന്നാൽ ബാറ്ററി ഉപയോഗപ്പെടുത്താൻ കിലോമീറ്ററിന് അനുസരിച്ച് ഒരു നിശ്ചിത തുക വാടകയായി നൽകണം.
134.14 bhp ഉത്പാദിപ്പിക്കുന്ന ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറിൽ നിന്നാണ് എംജി വിൻഡ്‌സർ ഇവിക്ക് പവർ ലഭിക്കുന്നത്. 38 kW (സ്റ്റാൻഡേർഡ്), 52.9 kWh (പ്രോ പതിപ്പ്) എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ തിരഞ്ഞെടുക്കാം. പ്രോ പതിപ്പ് ഒറ്റ ചാർജിൽ ഏകദേശം 449 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു.

മഹീന്ദ്ര XUV 3XO EV
മഹീന്ദ്രയുടെ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി നിരയിലെ ഏറ്റവും പുതിയ മോഡലാണ് മഹീന്ദ്ര XUV 3XO EV. നിലവിലുണ്ടായിരുന്ന XUV400 EV-ക്ക് പകരക്കാരനായി 2026-ൻ്റെ തുടക്കത്തിലാണ് ഈ വാഹനം വിപണിയിലെത്തിയത്. 13.89 ലക്ഷം മുതൽ 14.96 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയത്. അർബൻ ഡ്രൈവിങിനായി ഇലക്ട്രിക് മോട്ടോർ ട്യൂൺ ചെയ്തിട്ടുണ്ട്. കൂടാതെ മഹീന്ദ്ര XUV 3XO EV351 കിലോമീറ്റർ റേഞ്ച് നൽകും. 10.25 ഇഞ്ച് ഡ്യുവൽ-സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സജ്ജീകരണം, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, 6 എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നീ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. Bharat NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിങും ഈ കാർ നേടിയിട്ടുണ്ട്.

ടാറ്റ നെക്‌സോൺ ഇവി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ ഇവി. ആകർഷകമായ ഡിസൈൻ, ആധുനിക ഫീച്ചറുകൾ, മികച്ച സുരക്ഷ എന്നിവയാണ് ഇതിനെ എതിരാളികളിൽ നിന്നും സവിശേഷമാക്കുന്നത്. 12.49 ലക്ഷം മുതൽ 17.29 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിലാണ് ടാറ്റ നെക്‌സോൺ ഇവി ലഭ്യമാവുക. ദൈനംദിന യാത്രക്കാർക്കുള്ള മികച്ച തെരഞ്ഞെടുപ്പാവും ഈ കാർ.
ടാറ്റയുടെ സിപ്‌ട്രോൺ മോട്ടോർ സാങ്കേതികവിദ്യയിൽ ആണ് ഇത് നിർമ്മിച്ചത്. 45 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 489 കിലോമീറ്റർ MIDC P1 + P2 അവകാശപ്പെടുന്ന റേഞ്ചും 30 kWh വേരിയന്‍റിൽ 275 കിലോമീറ്റർ MIDC P1 + P2 അവകാശപ്പെടുന്ന റേഞ്ചും വാഗ്‌ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് എസ്‌യുവി 60 kW ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്നു. കൂടാതെ വായുസഞ്ചാരമുള്ള സീറ്റുകളും ശക്തമായ സുരക്ഷാ റേറ്റിങുകളും ഉൾക്കൊള്ളുന്നു.

സിട്രോൺ eC3
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് സിട്രോൺ eC3. ബഡ്‌ജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് ഹാച്ച്ബാക്ക് ആണിത്. ദൈനംദിന നഗരയാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു കോംപാക്റ്റ് ഇലക്ട്രിക് വാഹനമാണിതെന്ന് പറയാം. 12 ലക്ഷം മുതൽ 13.26 ലക്ഷം രൂപ വരെയാണ് സിട്രോൺ eC3-യുടെ എക്‌സ്-ഷോറൂം വില. 29.2 kWh ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഫ്രണ്ട്-മൗണ്ടഡ് 56.22 bhp ഇലക്ട്രിക് മോട്ടോറിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണ ചാർജിൽ ഏകദേശം 320 കിലോമീറ്റർ റേഞ്ച് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ടാറ്റ പഞ്ച് ഇവി
ടാറ്റ മോട്ടോഴ്‌സിന്‍റെ ഏറ്റവും ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ചിന്‍റെ ഇലക്ട്രിക് പതിപ്പാണ് ടാറ്റ പഞ്ച് ഇവി. അർബൻ ഉപയോക്താക്കൾക്ക് അനുയോജ്യമായ മീഡിയം റേഞ്ച് മോഡലാണ് ഇത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ കുറഞ്ഞ വിലയിൽ തന്നെ കൂടുതൽ ഫീച്ചറുകളും മെച്ചപ്പെട്ട റേഞ്ചും കമ്പനി ഉറപ്പുനൽകുന്നു. 9.69 ലക്ഷം മുതൽ 12.59 ലക്ഷം രൂപ രൂപ വരെയാണ് എക്‌സ്-ഷോറൂം വില. അതേസമയം ബാറ്ററി വാടകയ്‌ക്കെടുക്കുന്ന BaaS വേരിയന്‍റ് 6.49 ലക്ഷം രൂപയ്‌ക്ക് മുതൽ ലഭിക്കും.
30 kWh, 40 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിൽ ഇത് ലഭ്യമാണ്. 86.79 bhp ഉത്പാദിപ്പിക്കുന്ന 30 kWh യൂണിറ്റ് 375 കിലോമീറ്റർ റേഞ്ച് നൽകും. അതേസമയം 40 kWh പായ്ക്ക് 127.23 bhp ഉത്പാദിപ്പിക്കുകയും ഒരു ചാർജിൽ 468 കിലോമീറ്റർ വരെ ഓടുകയും ചെയ്യുന്നു. 360-ഡിഗ്രി ക്യാമറ, 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഇതിലുണ്ട്.
Also Read:
- ക്യാബിൻ കൂടുതൽ ആധുനികം, ആകർഷക എക്‌സ്റ്റീരിയർ ഡിസൈനും: ടാറ്റ ടിയാഗോ ഇവിയുടെ ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പ് വരുന്നു, ലോഞ്ച് മെയ് 28ന്
- ഇലക്‌ട്രിക് വിപ്ലവത്തിനൊരുങ്ങി ഫെറാറി! 530 കിലോമീറ്റർ റേഞ്ചിൽ ചീറിപ്പായും 'ലൂച്ചെ', 6.8 സെക്കൻഡിനുള്ളിൽ 200 കി.മീ വേഗത
- ടിവിഎസ് ജൂപ്പിറ്റർ 125 രണ്ട് പുതിയ കളർ ഓപ്‌ഷനുകളിൽ കൂടെ: വിലയിലും വർധനവ്, പുതുക്കിയ നിരക്ക് അറിയാം
- അടിമുടി മാറ്റം! മുഖം മിനുക്കി ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പെത്തും; ടീസർ വെളിപ്പെടുത്തി, ലോഞ്ച് മെയ് അവസാനം
- കരുത്തിനും സാഹസികതയ്‌ക്കും പേരുകേട്ടത്, ഓഫ്-റോഡ് യാത്രകൾക്ക് ഉത്തമം: ട്രയംഫ് ടൈഗർ 900 ലൈനപ്പിലേക്ക് രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകൾ

