ETV Bharat / automobile-and-gadgets
ഇനി എതിരാളികൾക്ക് കാര്യം അത്ര സിംപിളാകില്ല! പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി സിംപിൾ എനർജി; വിശദമായി
സിമ്പിൾ വൺ ജെൻ 2, വൺഎസ് ജെൻ 2 എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് അടുത്ത തലമുറ മോഡലുകളായ ജെൻ 2 ലഭ്യമാകുക. ഒപ്പം 6.5 കിലോവാട്ടിന്‍റെ സിംപിൾ അൾട്ര മോഡലും കമ്പനി വെളിപ്പെടുത്തി.

Published : January 6, 2026 at 6:53 PM IST
ഹൈദരാബാദ്: ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സിംപിൾ എനർജി തങ്ങളുടെ അടുത്ത തലമുറ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കി. സിംപിൾ വൺ ജെൻ 2, വൺഎസ് ജെൻ 2 മോഡലുകളാണ് പുറത്തിറക്കിയത്. ഇതിനൊപ്പം കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‌കൂട്ടറായ സിംപിൾ അൾട്രയും വെളിപ്പെടുത്തി. സിംപിൾ വൺഎസ് ജെൻ 2 മോഡലിന്‍റെ വില 1,39,999 രൂപയിൽ (എക്‌സ്-ഷോറൂം ബെംഗളൂരു) നിന്ന് ആരംഭിക്കുന്നു. ടോപ്പ്-സ്പെക്ക് മോഡലായ സിംപിൾ വൺ ജെൻ 2ന് 1,77,999 രൂപ വരെ വിലയുണ്ട്.
ബാറ്ററി തിരിച്ചുള്ള വേരിയന്‍റുകൾ, റേഞ്ച്, വില
സിമ്പിൾ വൺ ജെൻ 2, വൺഎസ് ജെൻ 2 എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് അടുത്ത തലമുറ മോഡലുകളായ ജെൻ 2 ലഭ്യമാകുന്നതെങ്കിലും, ബാറ്ററി കപ്പാസിറ്റി അനുസരിച്ചുള്ള വേരിയന്‍റുകളും അവയുടെ റേഞ്ചും വിലയും പരമാവധി വേഗതയും പരിശോധിക്കാം.
3.7 കിലോവാട്ട് ബാറ്ററി ഓപ്‌ഷനിലാണ് സിംപിൾ വൺഎസ് ജെൻ 2 ലഭ്യമാവുക.അതേസമയം 4.5 കിലോവാട്ട്, 5 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിൽ സിംപിൾ വൺ ജെൻ 2 ലഭ്യമാവും. അതേസമയം പുറത്തിറങ്ങാൻ പോകുന്ന സിംപിൾ അൾട്ര ഈ ലൈനപ്പിലെ ഏറ്റവും ഉയർന്ന ബാറ്ററി കപ്പാസിറ്റി ലഭിക്കുന്ന ഇവി ആയിരിക്കും. 6.5 കിലോവാട്ടിന്‍റെ ബാറ്ററിയാണ് സിംപിൾ അൾട്ര മോഡലിലുള്ളത്.

മുമ്പുണ്ടായിരുന്ന 181 കിലോമീറ്റർ റേഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ, അതേ 3.7kWh ബാറ്ററിയിൽ പുതിയ സിമ്പിൾ വൺ എസിന് 190 കിലോമീറ്റർ ഐഡിസി റേഞ്ച് ഉണ്ട്. ബാറ്ററി പായ്ക്ക് മുമ്പത്തേക്കാൾ കൂടുതൽ പവർ ഡെൻസായതിനാലാണ് റേഞ്ച് വർധിച്ചതെന്നാണ് കമ്പനി പറയുന്നത്. ഇത് മണിക്കൂറിൽ 90 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കും.
ജെൻ 2 മോഡലിന്‍റെ മിക്ക ഘടകങ്ങളും മുൻ മോഡലിന് (സിംപിൾ വൺഎസ് ജെൻ 1.5) സമാനമാണെങ്കിലും കെർബ് ഭാരം 6 കിലോഗ്രാം കുറഞ്ഞ് 118kg ആയിട്ടുണ്ട്. 18.49 മീറ്റർ സ്റ്റോപ്പിങ് ദൂരം കുറച്ചതോടെ ബ്രേക്കിങും മെച്ചപ്പെടുത്താനായിട്ടുണ്ട്. സിംപിൾ വൺഎസ് ജെൻ 2 മോഡലിന് 1,39,999 രൂപയാണ് ബെംഗളൂരുവിലെ എക്‌സ്-ഷോറൂം വില. ജനറേഷൻ 1.5 നെ അപേക്ഷിച്ച്, സിംപിൾ വൺ ജെൻ 2 മോഡലിന് 8 കിലോഗ്രാം ഭാരം കുറവാണ്. ഇതിന്‍റെ കെർബ് ഭാരം 129 കിലോഗ്രാം ആണ്.
| വേരിയന്‍റ് | ബാറ്ററി | IDC റേഞ്ച് | ടോപ് സ്പീഡ് | എക്സ്ഷോറൂം വില |
| സിംപിൾ വൺഎസ് ജെൻ 2 | 3.7 കിലോവാട്ട് | 190 കിലോമീറ്റർ വരെ | 90 km/h | 1,39,999 രൂപ |
| സിംപിൾ വൺ ജെൻ 2 | 4.5 കിലോവാട്ട് | 236 കിലോമീറ്റർ വരെ | 90 km/h | 1,69,999 രൂപ |
| 5 കിലോവാട്ട് | 256 കിലോമീറ്റർ വരെ | 115 km/h | 1,77,999 രൂപ | |
| സിംപിൾ അൾട്ര | 6.5 കിലോവാട്ട് | 400 കിലോമീറ്റർ വരെ | 115 km/h | പ്രഖ്യാപിച്ചിട്ടില്ല |

സിംപിൾ വൺ ജെൻ 2, വൺഎസ് ജെൻ 2: ഫീച്ചറുകൾ
പുതിയ മിനിമലിസ്റ്റ് ഡാഷ്‌ബോർഡ്, പുതിയ 1-ലിറ്റർ ഗ്ലൗബോക്‌സ്, പ്രത്യേക ചാർജിംഗ് പോർട്ട്, 35 ലിറ്റർ അണ്ടർസീറ്റ് ബൂട്ട് (മുമ്പ് 30 ലിറ്റർ), 780 മില്ലിമീറ്ററിൽ 16 മില്ലീമീറ്റർ താഴ്ന്ന സീറ്റ് ഉയരം എന്നിവ ഇതിലുണ്ട്. വൺഎസ് മോഡലിലും ഇത് തന്നെയാണ് നൽകിയിരിക്കുന്നത്. പുതിയ റൈഡർ സഹായങ്ങളിൽ ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, 4-ലെവൽ റീജൻ-ബ്രേക്കിംഗ്, 6 റൈഡിംഗ് മോഡുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കോ എക്‌സ് (വൺഎസിൽ ഇല്ല), ഇക്കോ, റൈഡ്, എയർ (മുമ്പ് 'ഡാഷ്' എന്ന് വിളിച്ചിരുന്നത്), സോണിക്, സോണിക് എക്‌സ് (5 കിലോവാട്ടിൽ മാത്രം) എന്നിവയാണ് 6 റൈഡിങ് മോഡുകൾ.
5 സിംഗിൾ-ടോൺ നിറങ്ങളിലും 4 ഡ്യുവൽ-ടോൺ ഓപ്ഷനുകളിലും ആണ് ഈ സ്‌കൂട്ടർ ലഭ്യമാവുക. ബ്രസൻ ബ്ലാക്ക്, എയ്‌റോ ഗ്രേ, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ, സോണിക് റെഡ് എന്നിവയാണ് സിംഗിൾ-ടോൺ കളർ ഓപ്‌ഷനുകൾ. ലൈറ്റ് എക്‌സ്, എയ്‌റോ എക്‌സ്, ബ്രസൻ എക്‌സ്, ആസ്ഫാൽറ്റ് എക്‌സ് എന്നിവയാണ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ.
പുതിയ ജെൻ 2 ലൈനപ്പിലുടനീളം പുതിയതും കൂടുതൽ പവർ-ഡെൻസുള്ളതുമായ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. എല്ലാ സ്‌കൂട്ടറുകളും പോർട്ടബിൾ 750W ചാർജർ വഴി ഹോം ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എൽടിഇ, ബ്ലൂടൂത്ത്, ഒടിഎ അപ്‌ഡേറ്റുകൾ, ടിപിഎംഎസ്, ജിയോ-ഫെൻസിംഗ്, ഫൈൻഡ് മൈ വെഹിക്കിൾ, ഫോർവേഡ്, റിവേഴ്‌സ് ഫംഗ്‌ഷനോടുകൂടിയ പാർക്ക് അസിസ്റ്റ് എന്നിവയുള്ള 5G ഇ-സിം പോലുള്ള കണക്റ്റഡ് സാങ്കേതികവിദ്യയും ഇവയിൽ ലഭ്യമാകും.
സിമ്പിൾ വൺ ജെൻ 2ന് ബിൽറ്റ്-ഇൻ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ടിഎഫ്‌ടി ലഭിക്കുന്നു. അതേസമയം വൺഎസിന് ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ നോൺ-ടച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. വിപുലീകൃത പ്ലാനുകൾക്ക് കീഴിൽ ബാറ്ററിയിലും മോട്ടോറിലും 8 വർഷം വരെ അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെ വാറന്‍റി കവറേജ് ലഭിക്കും.
കൂടുതൽ മികച്ച സാങ്കേതികവിദ്യ, കുറഞ്ഞ ഭാരം, പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ബാറ്ററി സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ജെൻ 2 ലൈനപ്പ് ജെൻ 1.5നേക്കാൾ കൂടുതൽ മികച്ചതായി തോന്നുന്നു. എതിരാളികൾക്കൊപ്പം മത്സരം കാഴ്‌ചവെയ്‌ക്കാനുതകുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ്.
സിംപിൾ അൾട്ര
ജെൻ 2 മോഡലുകൾക്കൊപ്പം കമ്പനി പുതിയ ഫ്ലാഗ്ഷിപ്പ് സ്‌കൂട്ടറായ സിംപിൾ അൾട്ര വെളിപ്പെടുത്തിയിട്ടുണ്ട്. 6.5kWh ബാറ്ററിയാണ് ഇതിനുള്ളത്. 400 കിലോമീറ്റർ റേഞ്ച് നൽകുന്ന 6.5kWh ബാറ്ററിയുള്ള മോഡൽ രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്‌ട്ടിക്കും. 115kmph പരമാവധി വേഗതയും നൽകും. ഇതിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വില ഉടൻ പ്രഖ്യാപിക്കും.
Also Read:
- വിജയകരമായ 25 വർഷങ്ങൾ: പൾസർ മോഡലുകൾക്ക് 7,000 രൂപ വരെ ഡിസ്‌ക്കൗണ്ടും ഫ്രീ സർവീസും പ്രഖ്യാപിച്ച് ബജാജ് ഓട്ടോ
- കിയ സെൽറ്റോസിന്‍റെ ഏത് വേരിയന്‍റ് വാങ്ങുമെന്ന് കൺഫ്യൂഷനുണ്ടോ? വേരിയന്‍റ് തിരിച്ചുള്ള ഫീച്ചറുകൾ നോക്കൂ....
- മഹീന്ദ്ര XUV 7XO മുതൽ ഇ-വിറ്റാര വരെ: പുതുവർഷത്തിൽ ഒരു മാസത്തിനുള്ളിൽ വരാനിരിക്കുന്നത് നിരവധി കാറുകൾ; 2026 ജനുവരിയിലെ കാർ ലോഞ്ചുകൾ
- 998 സിസിയുടെ കരുത്തൻ എഞ്ചിൻ, ചീറിപ്പായും സൂപ്പർബൈക്കുമായി ഡ്യുക്കാട്ടി: പാനിഗേൽ V4 R ഇന്ത്യൻ വിപണിയിൽ

