ETV Bharat / automobile-and-gadgets
സാംസങിന്‍റെ 'ഗാലക്‌സി അൺപാക്ക്ഡ്' ഇവന്‍റിന് മണിക്കൂറുകൾ മാത്രം: 'എസ്26 സീരിസ്' പുറത്തിറക്കുമോ? ലോഞ്ച് ലൈവായി കാണാം
ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍രിൽ എസ് 26 സീരിസ്, ഗാലക്‌സി ബഡ്‌സ് 4 സീരിസ് എന്നീ ഉപകരണങ്ങൾ പുറത്തിറക്കുമെന്നാണ് സൂചന. പെർപ്ലെക്സിറ്റി എഐ, വൺ യുഐ 8.5 എന്നിവയും അവതരിപ്പിച്ചേക്കാം.

Published : February 25, 2026 at 12:36 PM IST
ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി സാംസങ് ആരാധകരും ടെക് പ്രേമികളും ഗാലക്‌സി എസ് 26 സീരിസിനായുള്ള കാത്തിരിപ്പിലാണ്. സാംസങിന്‍റെ 2026ലെ വാർഷിക ലോഞ്ച് ഇവന്‍റ് മണിക്കൂറുകൾക്കകം നടക്കും. ഇന്ന് (ഫെബ്രുവരി 25) ഇന്ത്യൻ സമയം രാത്രി 11.30ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് നടക്കുക.
പരിപാടിയിൽ കമ്പനി അടുത്ത തലമുറ ഗാലക്‌സി എസ് സീരീസ് പുറത്തിറക്കും. ഇത് ഗാലക്‌സി എസ് 26 സീരിസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം, കമ്പനി എഐ ഇക്കോസിസ്റ്റം വിപുലീകരണത്തിന്‍റെ ഭാഗമായി പെർപ്ലെക്സിറ്റി എഐ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഗാലക്‌സി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സവിശേഷതകൾ പ്രദർശിപ്പിക്കും.
ഉപയോക്താക്കളുടെ ദൈനംദിന ജോലികൾ എളുപ്പമാക്കുന്നതിന് ഗാലക്‌സി AI സവിശേഷതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സാംസങ് പറയുന്നു. ഇന്ത്യയിലും ആഗോള വിപണികളിലും വരാനിരിക്കുന്ന ഗാലക്‌സി എസ് സീരിസിനായുള്ള പ്രീ-റിസർവേഷനുകൾ കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.
സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് 2026: ലൈവായി എങ്ങനെ കാണാം?
സാംസങ് ഗാലക്‌സി അൺപാക്ക്ഡ് 2026 ഇവന്‍റ് ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30ന് (10 AM PT/1 PM ET) നടക്കും. വാർഷിക ലോഞ്ച് ഇവന്‍റ് സാംസങിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (samsung.com), സാംസങ് ന്യൂസ്റൂം എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഗാലക്‌സി അൺപാക്ക്ഡ് 2026 ഇവന്‍റ് തത്സമയം കാണാൻ താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലൈവ് പേജിലൂടെ കാണാനാകും.
സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് 2026: പ്രീ-റിസർവേഷൻ, സൗജന്യ സംഭരണ അപ്‌ഗ്രേഡ് വിശദാംശങ്ങൾ
വരാനിരിക്കുന്ന ഗാലക്‌സി എസ് സീരിസ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. പ്രീ-ബുക്ക് ചെയ്യുന്നവർക്ക് 999 രൂപ വിലയുള്ള ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് ലഭിക്കും. ഇതിനായി കോൺടാക്റ്റ് വിശദാംശങ്ങൾ പൂരിപ്പിച്ച് പേയ്‌മെന്‍റ് രീതി തിരഞ്ഞെടുക്കേണ്ടതുണ്ട്.
വരാനിരിക്കുന്ന ഗാലക്‌സി എസ് സീരിസ് വാങ്ങാൻ 2,699 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഒരു ഇ-സ്റ്റോർ വൗച്ചർ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് സാംസങ് പറയുന്നു. മാത്രമല്ല, ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് ഉള്ള ഉപഭോക്താക്കൾക്ക് വരാനിരിക്കുന്ന ഗാലക്‌സി എസ് സീരീസിൽ സൗജന്യ സ്റ്റോറേജ് അപ്‌ഗ്രേഡ് ലഭിക്കും.
സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് 2026: പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ
ഗാലക്‌സി അൺപാക്ക്ഡ് 2026 ഇവന്‍റിൽ സാംസങ് തങ്ങളുടെ അടുത്ത തലമുറ ഗാലക്‌സി എസ് സീരീസ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നിലവിലുള്ള പാറ്റേൺ നോക്കുമ്പോൾ, സാംസങ് ഗാലക്‌സി എസ് 26 സീരീസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്നത് എസ് 26 സീരീസ് ആണെങ്കിൽ ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്ര എന്നീ ഫോണുകൾ ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഇതോടൊപ്പം, ഗാലക്‌സി ബഡ്‌സ് 4, ഗാലക്‌സി ബഡ്‌സ് 4 പ്രോ എന്നിവയുൾപ്പെടെ ഗാലക്‌സി ബഡ്‌സ് 4 സീരീസും സാംസങ് പുറത്തിറക്കിയേക്കാം. നിലവിൽ ബീറ്റയിലുള്ള വൺ യുഐ 8.5ന്‍റെ അന്തിമ പതിപ്പും കമ്പനി പ്രദർശിപ്പിക്കും. മാത്രമല്ല, വികസിപ്പിച്ച ഡാർക്ക് തീം, ഹോം അപ്പ്, ലോക്ക് സ്‌ക്രീൻ വിജറ്റുകൾക്കുള്ള മെച്ചപ്പെട്ട പിന്തുണ എന്നിവ പോലുള്ള പുതിയ സോഫ്റ്റ്‌വെയർ സവിശേഷതകൾ സാംസങ് അവതരിപ്പിച്ചേക്കാം.
സാംസങ് ഗാലക്‌സ് എസ്26 സീരിസിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
സാംസങ് ഗാലക്‌സി എസ് 26 അൾട്രയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഗാലക്‌സി എസ് 26 ബേസിക് മോഡലിൽ ഇൻ-ഹൗസ് എക്‌സിനോസ് 2600 SoC ഉണ്ടായിരിക്കാം. ഗാലക്‌സി എസ് 26 സീരീസ് 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും നൽകിയേക്കും.
ഗാലക്‌സി എസ് 25 സീരീസിലെ അതേ ക്യാമറ സജ്ജീകരണം എസ് 26 സീരിസിലും നിലനിർത്താൻ സാധ്യതയുണ്ട്. അൾട്രാ വേരിയന്റിൽ 200 എംപി പ്രധാന പിൻ ക്യാമറ തന്നെ നൽകിയേക്കാം. അതേസമയം എസ് 26 പ്ലസ്, എസ് 26 എന്നിവയിൽ 50 എംപി പിൻ ക്യാമറയായിരിക്കാം. 12 എംപിയുടെ മുൻ ക്യാമറയും പ്രതീക്ഷിക്കാം.
ഗാലക്‌സി എസ് 25 ലൈനപ്പിനെ അപേക്ഷിച്ച് ഗാലക്‌സി എസ് 26 സീരിസിന് നേരിയ ബാറ്ററി അപ്‌ഗ്രേഡ് ലഭിച്ചേക്കാം. എസ് 25, എസ് 25പ്ലസ് എന്നിവയിൽ 25W വയർഡ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയുണ്ടായിരിക്കും. അതേസമയം എസ് 25 അൾട്രയിൽ 45W വയർഡ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരിക്കുക.
ഡിസ്‌പ്ലേ വലുപ്പങ്ങൾ ഗാലക്‌സി എസ് 25 സീരിസിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കാം. ഒരു ഫ്ലാഗ്ഷിപ്പ് ഉപകരണമെന്ന നിലയിൽ, ഗാലക്‌സി എസ് 26 സീരിസിന്‍റെ അടിസ്ഥാന വേരിയന്‍റിന് ഇന്ത്യയിൽ 80,000 രൂപയ്ക്ക് മുകളിൽ വില വരാൻ സാധ്യതയുണ്ട്. അതേസമയം എസ് 26+, എസ് 26 അൾട്രാ മോഡലുകളുടെ വില ഒരു ലക്ഷം രൂപയിലധികമാവാനാണ് സാധ്യത.
Also Read:
- സിൽവർ മെറ്റാലിക് പെയിന്‍റിൽ 2026 കെടിഎം 250 ഡ്യൂക്കും, അറ്റ്ലാന്‍റിക് ബ്ലൂ ഷേഡിൽ 200 കെടിഎം 250 ഡ്യൂക്കും: വിലയറിഞ്ഞോ?
- എഐ ഉള്ളടക്കങ്ങൾക്ക് ലേബൽ നൽകും: 'മെയ്‌ഡ് വിത്ത് എഐ ലേബൽ' ഫീച്ചറുമായി എക്‌സ്
- ജി ആം വരുന്നു; സ്ട്രോക്ക്, പാർക്കിൻസൺസ് രോഗികൾക്ക് ഇനി റോബോട്ടിക് കൈകളുടെ കരുത്തിൽ ചലിക്കാം
- പെട്ടന്ന് ചാർജാകും, ബാറ്ററി ലൈഫും കൂടുതൽ: സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റിന്‍റെ കരുത്തിൽ 50MP സോണി ക്യാമറയുമായി iQOO 15R
- പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്

