ETV Bharat / automobile-and-gadgets

മടക്കാവുന്ന ഫോണുകളിൽ വിപ്ലവം തീർക്കാൻ സാംസങ്; അൺപാക്ക്ഡ് ഇവൻ്റ് തീയതി പ്രഖ്യാപിച്ചു

സാംസങ്ങിൻ്റെ ഫോൾഡബിൾ ഫോൺ ലൈനപ്പിൽ സാധാരണയായി രണ്ട് ഡിവൈസുകളാണ് ഉൾപ്പെടാറുള്ളത്. പുസ്തകത്തിൻ്റെ രൂപത്തിൽ മടക്കാവുന്ന ഇസെഡ് ഫോൾഡും, ഫ്ലിപ്പ് ശൈലിയിലുള്ള ഇസെഡ് ഫ്ലിപ്പും

SAMSUNG  GALAXY UNPACKED 2026 DATE  GALAXY FLIP8  GALAXY FLIP8 SE
The Galaxy Unpacked will start at 6:30 PM IST on July 22 (Samsung Newsroom)
author img

By ETV Bharat Kerala Team

Published : July 8, 2026 at 1:25 PM IST

2 Min Read
Choose ETV Bharat

ലണ്ടൻ: മടക്കാവുന്ന സ്മാർട്ട്ഫോണുകളുടെ ലോകത്ത് പുതിയൊരു വിപ്ലവത്തിന് തിരികൊളുത്താൻ ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് എത്തുന്നു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, പുതിയ തലമുറ ഫോൾഡബിൾ ഡിവൈസുകൾ അവതരിപ്പിക്കുന്ന ഗാലക്സി അൺപാക്ക്ഡ് ഇവൻ്റിൻ്റെ തീയതി കമ്പനി പ്രഖ്യാപിച്ചു. ജൂലൈ 22ന് യുകെയിലെ ലണ്ടനിലാണ് ടെക് ലോകം ഉറ്റുനോക്കുന്ന ഈ മഹാമേള അരങ്ങേറുന്നത്. ഗാലക്സി ഇസെഡ് ഫോൾഡ്8 വൈഡ് ഉൾപ്പെടെയുള്ള ഡിവൈസുകൾ ഇവിടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളെക്കുറിച്ച് സാംസങ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, രൂപകല്പനയിൽ മാറ്റംവരുത്തിയ പുതിയ ലൈനപ്പും, നിർമിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതൽ വ്യക്തിഗത സോഫ്റ്റ്‌വെയർ അനുഭവങ്ങളും ഉണ്ടാകുമെന്ന് കമ്പനി സൂചന നൽകുന്നുണ്ട്.

ഗാലക്സി അൺപാക്ക്ഡ് 2026: എപ്പോൾ, എവിടെ കാണാം

പതിവുപോലെ ഇത്തവണയും ഗാലക്സി അൺപാക്ക്ഡ് ഇവൻ്റ് തത്സമയം കാണാൻ അവസരമുണ്ട്. സാംസങ് ഡോട്ട് കോം, സാംസങ് ന്യൂസ്‌റൂം, സാംസങ്ങിൻ്റെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ പരിപാടി ലൈവായി സ്ട്രീം ചെയ്യും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് പരിപാടി ആരംഭിക്കുന്നത്. (ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ട്, ഇഡിടി രാവിലെ ഒൻപത്, സിഇഎസ്ടി വൈകിട്ട് മൂന്ന് എന്നിങ്ങനെയാണ് മറ്റ് സമയക്രമങ്ങൾ).

പരിപാടി കാണാൻ ആഗ്രഹിക്കുന്നവർക്ക് samsung.com/unpacked എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇവൻ്റിന് മുൻപായി പുതിയ അപ്‌ഡേറ്റുകൾ, ടീസറുകൾ, ട്രെയിലറുകൾ, എക്സ്ക്ലൂസീവ് പ്രീ-ഓർഡർ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും. 999 രൂപയാണ് പ്രീ-റിസർവേഷൻ നിരക്ക്. 50,000 രൂപയുടെ വൗച്ചർ നേടാനുള്ള അവസരത്തിന് പുറമെ, രജിസ്റ്റർ ചെയ്യുന്ന ഓരോ ഉപയോക്താവിനും 2,799 രൂപയുടെ വൗച്ചറും ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ പഴയ ഡിവൈസുകൾക്ക് ഏറ്റവും ഉയർന്ന എക്സ്ചേഞ്ച് മൂല്യവും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

പ്രതീക്ഷിക്കുന്ന ഡിവൈസുകൾ

സാംസങ്ങിൻ്റെ ഫോൾഡബിൾ ഫോൺ ലൈനപ്പിൽ സാധാരണയായി രണ്ട് ഡിവൈസുകളാണ് ഉൾപ്പെടാറുള്ളത്. പുസ്തകത്തിൻ്റെ രൂപത്തിൽ മടക്കാവുന്ന ഇസെഡ് ഫോൾഡും, ഫ്ലിപ്പ് ശൈലിയിലുള്ള ഇസെഡ് ഫ്ലിപ്പും. എന്നാൽ ഇത്തവണ മൂന്ന് ഫോൾഡബിൾ ഡിവൈസുകൾ ടെക് ഭീമൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി ഇറങ്ങാറുള്ള ഇസെഡ് ഫോൾഡ്8 ഇത്തവണ വിശാലമായ ഫ്രെയിമും 'ഗാലക്സി ഇസെഡ് ഫോൾഡ്8 വൈഡ്' എന്ന പുതിയ പേരുമായാണ് എത്തുക. വൈഡ് ഫോൾഡബിളിൻ്റെ വരവ് സൂചിപ്പിക്കുന്ന നിരവധി വിവരങ്ങൾ ഇതിനകം ചോർന്നിട്ടുണ്ട്. ഇതിന് പുറമെ, ഒരു പുതിയ രൂപം വിരിയുന്നു എന്ന ടീസർ ടാഗ്‌ലൈനും ഫോൾഡബിൾ ലൈനപ്പിലെ ഡിസൈൻ മാറ്റങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

ഗാലക്സി ഇസെഡ് ഫ്ലിപ്പ്8 അതിൻ്റെ പരിചിതമായ രൂപഘടന നിലനിർത്താനാണ് സാധ്യത. അതേസമയം, മൂന്നാമത്തെ ഡിവൈസ് ഫ്ലിപ്പ് ശൈലിയിലുള്ള ഫോണിൻ്റെ വിലകുറഞ്ഞ പതിപ്പായ ഗാലക്സി ഇസെഡ് ഫ്ലിപ്പ്8 എഫ്ഇ ആയിരിക്കാം. ഈ മൂന്ന് ഹാൻഡ്‌സെറ്റുകൾക്ക് പുറമെ, ഗാലക്സി വാച്ച്9 സീരീസും പുതിയ ലൈനപ്പിനായി നിർമിത ബുദ്ധി കരുത്തേകുന്ന ഒരുപിടി പുതിയ ഫീച്ചറുകളും സാംസങ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എഐ യുഗത്തിന് പുതിയൊരു മാനദണ്ഡം സൃഷ്ടിച്ചുകൊണ്ട്, കൂടുതൽ വ്യക്തിഗതവും അനുയോജ്യവുമായ അനുഭവങ്ങൾ നൽകുന്നതിനായി പുതിയ തലമുറ ഗാലക്സി ഡിവൈസുകൾ ബുദ്ധിപരമായ കഴിവുകളെ സംയോജിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Also Read: സിംഗിൾ ക്യാമറയിൽ നിന്ന് ഡ്യുവൽ ക്യാമറയിലേക്ക്: 'ഐഫോൺ എയർ 2' അടുത്ത വർഷം പുറത്തിറക്കും