ETV Bharat / automobile-and-gadgets
റെഡ്‌മി നോട്ട് 15 സീരിസ് ഡിസംബറിൽ പുറത്തിറക്കുമെന്ന് സൂചന; ലഭ്യമായ വിവരങ്ങൾ
റെഡ്‌മി നോട്ട് 15 പ്രോ+, നോട്ട് 15 പ്രോ എന്നിവ ഉൾപ്പെടുന്നതായിരിക്കും റെഡ്‌മി നോട്ട് 15 സീരിസ് എന്നാണ് സൂചന. എപ്പോൾ പുറത്തിറക്കുമെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കാം.

Published : November 15, 2025 at 8:21 PM IST
ഹൈദരാബാദ്: കഴിഞ്ഞ വർഷം ഡിസംബറിലാണ് മൂന്ന് ഫോണുകളുമായി റെഡ്‌മി നോട്ട് 14 5G സീരിസ് ഇന്ത്യയിൽ പുറത്തിറക്കിയത്. 120Hz റിഫ്രഷ് റേറ്റ്, 6.7 ഇഞ്ച് OLED ഡിസ്‌പ്ലേ, മീഡിയാടെക് ഡയമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റ് എന്നിവയുമായാണ് അടിസ്ഥാന വേരിയന്‍റ് പുറത്തിറക്കിയത്. ഇപ്പോൾ ഒരു വർഷത്തിനിപ്പുറം റെഡ്‌മി നോട്ട് 15 സീരിസ് ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് സൂചന.
ഈ വർഷം ആദ്യം ചൈനയിൽ ലോഞ്ച് ചെയ്‌തതിനാൽ തന്നെ വൈകാതെ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ഈ സീരിസിലെ ഫോണുകളുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തുന്ന ഒരു ടിപ്സ്റ്റർ കാണുകയുണ്ടായി. റെഡ്‌മി നോട്ട് 15 പ്രോ+, നോട്ട് 15 പ്രോ എന്നിവ ഉൾപ്പെടുന്ന ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് ടിപ്‌സ്റ്റർ സൂചിപ്പിക്കുന്നത്.
Exclusive ✨
— Abhishek Yadav (@yabhishekhd) November 15, 2025
The Redmi Note 15 series is launching in India next month. 🇮🇳
First sale starts on 9 January 2026.
Redmi 15C:
Launching later this month.
റെഡ്‌മി നോട്ട് 15 സീരിസ്: ഇന്ത്യ ലോഞ്ച് ടൈംലൈൻ
ടിപ്സ്റ്റർ അഭിഷേക് യാദവിന്‍റെ അഭിപ്രായത്തിൽ റെഡ്‌മി നോട്ട് 15 സീരിസ് ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിന്‍റെ ആദ്യ വിൽപ്പന 2026 ജനുവരി 9ന് ആരംഭിക്കുമെന്നും സൂചനയുണ്ട്. റെഡ്‌മി നോട്ട് 15 സീരിസ് ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടെങ്കിലും 2026 ജനുവരി വരെ അത് സാധ്യമാകില്ലെന്ന് മുൻപ് അവകാശപ്പെട്ടിരുന്നു. പുറത്തുവന്നിരിക്കുന്ന ലോഞ്ച് ടൈംലൈനിലും വിൽപ്പനയുടെ സമയക്രമവും ഇത് ശരിവെയ്‌ക്കുകയാണ്.
മുൻ റിപ്പോർട്ടുകൾ പ്രകാരം, റെഡ്‌മി നോട്ട് 15 പ്രോ+, നോട്ട് 15 പ്രോ മോഡലുകൾ മുൻഗാമികൾക്ക് സമാനമായ വിലയിൽ പുറത്തിറക്കും. റെഡ്‌മി നോട്ട് 14 പ്രോ+ മോഡലിന്‍റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റിന് 29,999 രൂപയായിരുന്നു ലോഞ്ച് സമയത്തിലെ പ്രാരംഭ വില. അതേസമയം, റെഡ്‌മി നോട്ട് 14 പ്രോയുടെ അതേ കോൺഫിഗറേഷന് 23,999 രൂപയായിരുന്നു വില. സ്പെസിഫിക്കേഷനുകളുടെ കാര്യത്തിലേക്ക് പോകുമ്പോൾ, വരാനിരിക്കുന്ന ഫോണുകൾക്ക് ചൈനീസ് പതിപ്പിനേക്കാൾ അൽപ്പം വ്യത്യസ്‌തമായ ക്യാമറ ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്.
റെഡ്‌മി 15C: ഇന്ത്യ ലോഞ്ച് ടൈംലൈൻ
അതേസമയം, റെഡ്‌മിയുടെ തന്നെ മറ്റൊരു ഫോൺ കൂടെ പുറത്തിറക്കുമെന്ന് ഇതേ ടിപ്‌സ്റ്റർ സൂചിപ്പിക്കുന്നു. റെഡ്‌മി 15C എന്ന പേരിൽ പുറത്തിറക്കുന്ന ഫോണിന്‍റെ ലോഞ്ച് സമയക്രമവും ടിപ്‌സ്റ്റർ പങ്കിട്ടുണ്ട്. ചൈനയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് റെഡ്‌മി 15C പുറത്തിറക്കിയത്. ഇത് ഈ മാസം (നവംബർ) അവസാനം ലോഞ്ച് ചെയ്യുമെന്നാണ് അഭിഷേക് യാദവ് ടിപ്‌സ്റ്റർ സൂചിപ്പിക്കുന്നത്.
എന്നാൽ വരാനിരിക്കുന്നത് 4ജി ഫോണാണോ, 5ജി ഫോണാണോ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞ സവിശേഷതകളുമായി കുറഞ്ഞ വിലയിൽ തെരഞ്ഞെടുത്ത ആഗോളവിപണികളിൽ ഇത് പുറത്തിറക്കാനാണ് സാധ്യത. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ബജറ്റ് ഫ്രണ്ട്‌ലി ഫോണായി പുറത്തിറക്കാനും സാധ്യതയുണ്ട്.
എങ്കിലും ഇക്കാര്യങ്ങൾ സാധ്യതകൾ മാത്രമാണ്. കമ്പനി ഔദ്യോഗികമായി റെഡ്‌മി 15Cയുടെ വിവരങ്ങൾ പുറത്തുവിടേണ്ടതുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റായിരിക്കും റെഡ്‌മി 15C 5ജി ആണ് വരുന്നതെങ്കിൽ ഉണ്ടാകുകയെന്നും സൂചനയുണ്ട്. അതേസമയം 4ജി ഫോണാണെങ്കിൽ മീഡിയടെക് ഹീലിയോ G81-അൾട്രാ ചിപ്‌സെറ്റ് ഉണ്ടായിരിക്കാം. രണ്ട് മോഡലുകളും IP64 പൊടി, ജല പ്രതിരോധ റേറ്റിങോടെ വരാം. 33W വേഗതയിൽ ചാർജ് ചെയ്യുന്ന 6,000mAh ബാറ്ററികൾ ഇതിൽ നൽകിയേക്കാം.
Also Read:
- രണ്ട് ഫോണുകളുമായി വിവോ എക്‌സ്300 സീരിസ് വരുന്നു: ലോഞ്ച് തീയതി പുറത്തുവിട്ടു; വിശദാംശങ്ങൾ
- മനുഷ്യനാണെന്ന് തോന്നിപ്പോകും, അത്രയും പെർഫെക്‌ട് മൂവ്‌മെന്‍റ്‌സ്! ആളുകൾക്ക് സംശയമായി, ഒടുവിൽ കമ്പനിക്ക് ഈ റോബോട്ട് മനുഷ്യനല്ലെന്ന് തെളിയിക്കേണ്ടിവന്നു
- മണിക്കൂറിൽ 322 കി.മീ വരെ വേഗത, കരുത്തുറ്റ എഞ്ചിൻ: പുതുക്കിയ പോർഷെ 911 ടർബോ എസ് വിപണിയിൽ: വില 3.8 കോടി

