ETV Bharat / automobile-and-gadgets
വാർഷിക വിൽപ്പന 2 ലക്ഷം കടന്നു, 2025ൽ ഓരോ ദിവസവും ശരാശരി വിറ്റഴിച്ചത് ഹ്യുണ്ടായി ക്രെറ്റയുടെ 550 യൂണിറ്റുകൾ; വിപണിയുടെ 44 ശതമാനവും പിടിച്ചെടുത്ത എഞ്ചിൻ ഓപ്ഷൻ ഏത്?
ഹ്യുണ്ടായ് ക്രെറ്റയുടെ 2025ലെ മൊത്തം വിൽപ്പനയുടെ ഏകദേശം 44% ഡീസൽ മോഡലുകളായിരുന്നു. ജനപ്രിയ കോംപാക്റ്റ് എസ്‌യുവി ആയ ക്രെറ്റയുടെ എക്കാലത്തെയും ഉയർന്ന കണക്കാണ് ഇത്.

Published : January 1, 2026 at 9:07 PM IST
ഹൈദരാബാദ്: ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും ജനപ്രിയമാണ് മിഡ് സൈസ് എസ്‌യുവി ആയ ഹ്യുണ്ടായി ക്രെറ്റ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണിത്. 2025ൽ ക്രെറ്റ എക്കാലത്തെയും മികച്ച വിൽപ്പന നിരക്കുകൾ കൈവരിച്ചതായാണ് കണക്കുകൾ. കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി ക്രെറ്റ ഈ വർഷം ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത് 2 ലക്ഷത്തിലധികം യൂണിറ്റുകളാണ്.
ജനപ്രിയ കോംപാക്റ്റ് എസ്‌യുവി ആയ ക്രെറ്റയുടെ എക്കാലത്തെയും ഉയർന്ന കണക്കാണ് ഇത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം പ്രതിദിനം ക്രെറ്റയുടെ ഏകദേശം 550 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. ആദ്യമായി കാർ വാങ്ങുന്നവർ ഹ്യുണ്ടായി ക്രെറ്റ തെരഞ്ഞെടുക്കുന്നതിൽ 2025ൽ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ. മൊത്തം വാങ്ങിയവരിൽ ഏകദേശം 32 ശതമാനം ഉപഭോക്താക്കളും ആദ്യമായി കാർ വാങ്ങുന്നവരായിരുന്നു. 2020ൽ ഇത് 13 ശതമാനമായിരുന്നു.
ഹാച്ച്ബാക്ക് വിഭാഗത്തിൽ വിൽപ്പന മന്ദഗതിയിലാണെങ്കിലും അതേസമയം എസ്‌യുവികൾക്കുള്ള ആവശ്യം വർധിച്ചുവരുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. വിൽപ്പനയുടെ 70 ശതമാനത്തിലധികവും കൈവരിച്ചത് സൺറൂഫുള്ള മോഡലുകളാണ്.
40 ശതമാനത്തിലധികവും വിറ്റഴിച്ചത് ഡീസൽ മോഡലുകൾ
പവർട്രെയിൻ തിരിച്ചുള്ള വിൽപ്പനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഹ്യുണ്ടായി ക്രെറ്റയുടെ മൊത്തം വിൽപ്പനയുടെ 40 ശതമാനത്തിലധികവും വിറ്റഴിച്ചത് ഡീസൽ വകഭേദങ്ങളാണ്. വിൽപ്പനയിൽ ഡീസൽ വേരിയന്‍രുകൾ ഇപ്പോഴും പ്രധാന പങ്ക് വഹിക്കുന്നതായാണ് കമ്പനി പറയുന്നത്. ഹ്യുണ്ടായ് ക്രെറ്റയുടെ 2025ലെ മൊത്തം വിൽപ്പനയുടെ ഏകദേശം 44% ഡീസൽ മോഡലുകളായിരുന്നു. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഹ്യുണ്ടായ് ക്രെറ്റ വിൽക്കുന്നത്. ബാക്കി 56% വിറ്റഴിച്ചത് പെട്രോൾ, ഇലക്ട്രിക് വകഭേദങ്ങളിൽ നിന്നാണ്.
ഹ്യുണ്ടായി ക്രെറ്റ: എഞ്ചിൻ ഓപ്‌ഷനുകൾ
1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോചാർജ2ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ CRDI ഡീസൽ എഞ്ചിൻ എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എഞ്ചിൻ ഓപ്‌ഷനുകം. മൂന്ന് യൂണിറ്റുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. അതേസമയം ഇതിന്‍ ഇവി പതിപ്പ് 42 കിലോവാട്ട്, 51.4 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വിൽക്കുന്നത്. ഒറ്റ ചാർജിൽ 510 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്‌ട്രിക് പതിപ്പിന് കഴിയും.
പ്രതികരണവുമായി സിഇഒ
"ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ത്യയിലെ യാത്ര അസാധാരണമാണ്. 2 ലക്ഷത്തിലധികം യൂണിറ്റുകളെന്ന ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന കൈവരിക്കുന്നത് ഹ്യുണ്ടായിൽ നിന്നുള്ള ഒരു അഭിമാനകരമായ നിമിഷമാണ്,"ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ തരുൺ ഗാർഗ് പറഞ്ഞു. 2020-2025 കാലയളവിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ആണ് ഇത്. കഴിഞ്ഞ 10 വർഷത്തെ യാത്രയിൽ, ക്രെറ്റയുടെ ഉപഭോക്തൃ അടിത്തറ വളർന്നതായും, ഒരു സാധാരണ എസ്‌യുവിയിൽ നിന്ന് എല്ലാ യാത്രയ്ക്കും വിശ്വസനീയമായ ഒരു കൂട്ടാളിയായി അതിനെ രൂപാന്തരപ്പെടുത്താൻ സാധിച്ചതായും ഗാർഗ് കൂട്ടിച്ചേർത്തു.
ഹ്യുണ്ടായി ക്രെറ്റ: പ്രധാന ഫീച്ചറുകൾ
ഹ്യുണ്ടായി ക്രെറ്റയുടെ ക്യാബിനിൽ പുതിയ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വോയ്‌സ് കാപ്പബിൾ പനോരമിക് സൺറൂഫ് തുടങ്ങിയ പുതിയ സവിശേഷതകൾ നൽകിയിട്ടുണ്ട്. സുരക്ഷാ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, കാറിന് 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 70ലധികം സവിശേഷതകളും നൽകിയിട്ടുണ്ട്.

