ETV Bharat / automobile-and-gadgets
സർവീസിന് നൽകിയ ബൈക്ക് നന്നാക്കാൻ 69 ദിവസം വൈകി: ഓട്ടോ ഏജൻസിക്ക് 60,000 രൂപ പിഴ
ഉപഭോക്താവിനെ മാനസികമായി ബുദ്ധിമുട്ടിച്ചതിന് 50,000 രൂപയും നിയമ പോരാട്ടത്തിന് ചെലവായ 10,000 രൂപയും ചേർത്ത് ആകെ 60,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്

Published : June 4, 2026 at 9:23 AM IST
തിരുനെൽവേലി: രണ്ടുദിവസം കൊണ്ട് വാഹനം നന്നാക്കി നൽകാമെന്ന് പറഞ്ഞ ശേഷം തിരികെ നൽകിയത് 69 ദിവസങ്ങൾ കഴിഞ്ഞ്. തൊഴിലിടത്തേക്ക് പോകാൻ ഏറെ ബുദ്ധിമുട്ടിയ യുവാവ് ഒടുവിൽ നീതി തേടി കോടതിയെ സമീപിച്ചു. വാഹനം നന്നാക്കാൻ കാലതാമസം വരുത്തിയതിന് ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരവും നിയമ പോരാട്ടത്തിനുള്ള ചെലവും നൽകാൻ തിരുനെൽവേലി അഡീഷനൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. പ്രതിദിന വേതനത്തിന് ജോലി ചെയ്യുന്ന തൂത്തുക്കുടി സ്വദേശിയായ കണ്ണൻ നൽകിയ പരാതിയിലാണ് വിധി.
തൂത്തുക്കുടി ജില്ലയിലെ കാളിയാവൂർ ഗ്രാമത്തിലാണ് കണ്ണൻ്റെ താമസം. 2018ൽ പാളയംകോട്ടൈയിലെ വിജയ് ഓട്ടോ ഏജൻസിയിൽ നിന്നാണ് ഇദ്ദേഹം പുതിയൊരു ഇരുചക്രവാഹനം വാങ്ങിയത്. ഗ്രാമത്തിൽ മതിയായ പൊതുഗതാഗത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ദിവസവും ജോലിക്ക് പോകുന്നതിന് കണ്ണൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ മോട്ടോർ സൈക്കിളിനെയാണ്.
എന്നാൽ 2023 ഓഗസ്റ്റ് ഒന്നിന് ജോലിക്ക് പോകുന്നതിനിടെ കണ്ണൻ്റെ മോട്ടോർ സൈക്കിൾ വഴിയിൽ തകരാറിലായി. പിറ്റേദിവസം തന്നെ അറ്റകുറ്റപ്പണികൾക്കായി വാഹനം വിജയ് ഓട്ടോ ഡീലർഷിപ്പിന് കൈമാറി. വാഹനം പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്ന് ഏജൻസി ജീവനക്കാർ ഉറപ്പും നൽകി.
എന്നാൽ ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും വാഹനം തിരികെ കിട്ടിയില്ല. ഏകദേശം 69 ദിവസത്തോളമാണ് വാഹനം മടക്കി നൽകാൻ ഡീലർഷിപ്പ് വീഴ്ചവരുത്തിയത്. ഇതിനിടെ കാരണം തിരക്കി കണ്ണൻ പലതവണ ഏജൻസിയിൽ നേരിട്ടെത്തി. എന്നാൽ സ്പെയർ പാർട്സുകൾ ലഭ്യമല്ലെന്നും മറ്റ് ഓർഡറുകൾ തീർപ്പാക്കിയിട്ടില്ലെന്നും പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. മാത്രമല്ല ഏജൻസിയിൽ നിന്ന് അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റും ഇവർ കണ്ണന് കൈമാറിയില്ല. പൊതുഗതാഗതം ഇല്ലാത്ത ഗ്രാമത്തിൽ നിന്ന് വാഹനം ഇല്ലാതെ ജോലിക്ക് പോകാൻ കണ്ണൻ ഏറെ ബുദ്ധിമുട്ടി. ദിവസ വേതനക്കാരനായ വ്യക്തിയുടെ ഉപജീവനമാർഗവും ഇതോടെ തടസ്സപ്പെട്ടു.
തുടർന്ന് കണ്ണൻ തൻ്റെ അഭിഭാഷകൻ മുഖേന കമ്പനിക്ക് വക്കീൽ നോട്ടിസ് അയച്ചു. അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി വാഹനം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇതിന് ഡീലർഷിപ്പ് പ്രതികരിച്ചില്ല. മാസങ്ങൾക്ക് ശേഷം വാഹനം തിരികെ ലഭിക്കാനായി എത്തിയ കണ്ണനോട്, നോട്ടിസ് പിൻവലിച്ചതായുള്ള കത്തിൽ ഒപ്പിട്ടു നൽകാൻ ഇവർ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് കണ്ണൻ തിരുനെൽവേലി അഡീഷനൽ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
പരാതി വിശദമായി പരിശോധിച്ച കമ്മിഷൻ, വിജയ് ഓട്ടോ ഏജൻസിക്ക് വലിയ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഉപഭോക്താവിനെ മാനസികമായി ബുദ്ധിമുട്ടിച്ചതിന് 50,000 രൂപയും നിയമ പോരാട്ടത്തിന് ചെലവായ 10,000 രൂപയും ചേർത്ത് ആകെ 60,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവിട്ടത്. ഇതിന് പുറമെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹനം തിരികെ കൈമാറാനും കമ്മിഷൻ നിർദേശിച്ചു. ഉത്തരവ് വന്ന് ഒരു മാസത്തിനകം തുക കൈമാറണം. വീഴ്ച വരുത്തിയാൽ തുകയ്ക്ക് ഒമ്പത് ശതമാനം പലിശയുൾപ്പെടെ ഏജൻസി നൽകേണ്ടി വരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപഭോക്തൃ നിയമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന സുപ്രധാന വിധിയായാണ് ഇതിനെ നിയമ വിദഗ്ധർ വിലയിരുത്തുന്നത്. ഉപഭോക്തൃ കോടതിയുടെ ഇടപെടൽ സേവനം നൽകാത്ത പലസ്ഥാപനങ്ങൾക്കും വലിയൊരു താക്കീതാണ്. പാവപ്പെട്ട തൊഴിലാളിയായ കണ്ണൻ തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടം സമൂഹത്തിന് വലിയ മാതൃക കൂടിയാണ്.
വാഗ്ദാനങ്ങൾ ലംഘിക്കുന്ന ഇത്തരം ഡീലർഷിപ്പുകൾക്കെതിരെ പരാതി നൽകാൻ മടിച്ചു നിൽക്കുന്നവർക്ക് ഈ വിധി തീർച്ചയായും വലിയൊരു പ്രചോദനമാകും. ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിതമാർഗമാണ് ഉത്തരവാദിത്തമില്ലാത്ത സമീപനത്തിലൂടെ ഡീലർഷിപ്പ് വഴിമുട്ടിച്ചത്. ഇത്തരം സമീപനങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
Also read:ഇസ്രയേൽ - ലെബനൻ വെടിനിർത്തൽ; അമേരിക്കൻ മധ്യസ്ഥതയിൽ സമാധാന കരാർ

