ETV Bharat / automobile-and-gadgets
ഐഫോൺ ഫോൾഡ്, മാക്ബുക്ക് പ്രോ... 2026ൽ വരാനിരിക്കുന്ന ആപ്പിൾ ഉത്‌പന്നങ്ങൾ
ആപ്പിൾ ഹോം ഹബ്, മാക്ബുക്ക് പ്രോ, ഒഎൽഇഡി ഐപാഡ് മിനി തുടങ്ങി നിരവധി ഉത്‌പന്നങ്ങളാണ് ആപ്പിൾ 2026ൽ പുറത്തിറക്കാൻ പോവുന്നത്.

Published : December 29, 2025 at 5:25 PM IST
ഹൈദരാബാദ്: മൊബൈൽ കമ്പനി ഭീമനായ ആപ്പിളിന് ശ്രദ്ധേയമായ ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് 2025. പുതിയ സോഫ്റ്റ്‌വെയർ ഡിസൈൻ ഭാഷയായ ലിക്വിഡ് ഗ്ലാസും കമ്പനി അവതരിപ്പിച്ചു. ഇതോടൊപ്പം, ഐഫോൺ 17 സീരീസും പുറത്തിറക്കി. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ഈ സീരീസിലുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണായ ഐഫോൺ എയറും ആപ്പിൾ പുറത്തിറക്കി.
മാക്ബുക്ക് പ്രോ, ഐപാഡ് പ്രോ, ആപ്പിൾ വിഷൻ പ്രോ ഉപകരണങ്ങളിൽ ഏറ്റവും പുതിയതായി വികസിപ്പിച്ചെടുത്ത M5 പ്രോസസറാണ് നൽകിയിരിക്കുന്നത്. ആപ്പിളിൻ്റെ അഭിപ്രായത്തിൽ, പുതിയ ചിപ്‌സെറ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ശക്തിയെയാണിത് സൂചിപ്പിക്കുന്നത്. M5 പ്രോസസറിൽ ഓരോ കോറിലും ഒരു ന്യൂറൽ ആക്‌സലറേറ്ററോട് കൂടിയ 10-കോർ GPU ആർക്കിടെക്‌ച്ചർ പ്രവർത്തിക്കുന്നുണ്ട്. മുൻഗാമിയായ M4നെ അപേക്ഷിച്ച് 4x പീക്ക് GPU കമ്പ്യൂട്ട് പ്രകടനം ഇത് കാഴ്‌ച വയ്‌ക്കുന്നു. 2026ലും ആപ്പിൾ നിരവധി ഉത്‌പന്നങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സ്റ്റുഡിയോ ഡിസ്‌പ്ലേ: 2026ൻ്റെ തുടക്കത്തിൽ മാക് സ്റ്റുഡിയോയ്‌ക്കായി ആപ്പിൾ ഒരു പുതിയ ബാഹ്യ ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. സമീപ വർഷങ്ങളിൽ ആപ്പിൾ രണ്ട് ഡിസ്‌പ്ലേകൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ - പ്രോ ഡിസ്‌പ്ലേ XDR (2019), സ്റ്റുഡിയോ ഡിസ്‌പ്ലേ (2022). വരാനിരിക്കുന്ന മോഡലിൽ മിനി എൽഇഡി സാങ്കേതികവിദ്യയോട് കൂടിയ 27 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള സ്റ്റുഡിയോ ഡിസ്‌പ്ലേയിൽ ഉപയോഗിക്കുന്നത് A13 ബയോണിക്കാണ്. ഇത് മാറ്റി അപ്‌ഗ്രേഡ് ചെയ്‌ത A19 പ്രോ ചിപ്‌സെറ്റ് നൽകും.

മാക്ബുക്ക് പ്രോ പുനർ രൂപകൽപ്പന: വളരെക്കാലത്തിന് ശേഷം ആപ്പിൾ മാക്ബുക്ക് പ്രോ പുനർരൂപകൽപ്പന ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന മാക്ബുക്ക് പ്രോ മുൻഗാമിയേക്കാൾ കനം കുറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷ. OLED ഡിസ്‌പ്ലേ സാങ്കേതികവിദ്യയോട് കൂടിയുള്ള ടച്ച് സ്‌ക്രീനായിരിക്കും ഉണ്ടാവുക. 2nm M6 ചിപ്‌സെറ്റ് ഉപയോഗിക്കാനും സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക്ബുക്ക് പ്രോയിൽ ബിൽറ്റ്-ഇൻ 5G സെല്ലുലാർ കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യത്തെ ഐഫോൺ ഫോൾഡ്: 2026ൽ മടക്കാൻ പറ്റുന്ന തരത്തിലുള്ള ഐഫോൺ ആപ്പിൾ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ക്ലാംഷെൽ ഡിസൈനിന് പകരം ടാബ്‌ലെറ്റ് ശൈലിയിലുള്ള ഒരു ഉപകരണത്തോട് (മോട്ടറോള റേസർ അൾട്രാ പോലെ) സാമ്യമുള്ളതായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ ഫോൾഡിൽ 7.8 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഉണ്ടായിരിക്കുന്നതാണ്. ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി ഉപയോഗിക്കുമെന്നും ടൈറ്റാനിയം ഫ്രെയിം ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ എൻട്രി ലെവൽ മാക്ബുക്ക്: മാക്ബുക്ക് എയർ കൂടാതെ ഒരു പുതിയ എൻട്രി ലെവൽ മാക്ബുക്ക് പുറത്തിറക്കാനും ആപ്പിൾ പദ്ധതിയിടുന്നു. 13 ഇഞ്ച് ഡിസ്‌പ്ലേയുള്ള A18 പ്രോ ചിപ്പ് ഇതിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒന്നിലധികം നിറങ്ങളിൽ ഇത് ലഭ്യമായേക്കും. പ്രാരംഭ വില ഏകദേശം 62,000 രൂപ ആയിരിക്കുമെന്നാണ് കരുതുന്നത്, ആപ്പിൾ ഉത്‌പന്നങ്ങളിലെ ഏറ്റവും കുറവ് വിലയാണിത്. എ-സീരീസ് ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ മാക്ബുക്കും ഇതായിരിക്കാം.

OLED ഐപാഡ് മിനി: ഐപാഡ് മിനിയുടെ പുനർരൂപകൽപ്പന ചെയ്‌ത പതിപ്പ് ആപ്പിൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടാബ്‌ലെറ്റിൽ ഐപാഡ് പ്രോയിൽ ഉപയോഗിച്ച OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുന്നതാണ്. മെച്ചപ്പെട്ട വാട്ടര്‍ പ്രൂഫ് ഫെസിലിറ്റി ഉണ്ടായിരിക്കുമെന്നും A19 പ്രോ ചിപ്പ് ഉപയോഗിച്ച് ഇത് പ്രവർത്തിക്കുമെന്നും കരുതുന്നു.

ആപ്പിൾ ഹോം ഹബ്: ആമസോൺ എക്കോ ഷോയുമായോ ഗൂഗിൾ നെസ്റ്റ് ഹബ്ബുമായോ താരതമ്യപ്പെടുത്താവുന്ന ഒരു സ്‌മാർട്ട് ഹോം ഹബ് ആപ്പിൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇനി വരാനിരിക്കുന്ന "ഹോംപാഡ്" എന്ന് വിളിക്കപ്പെടുന്ന ഉപകരണത്തിൽ A18 ചിപ്‌സെറ്റ് നൽകും.7 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഹോംഒഎസ് എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുക. ഒരു സ്‌മാർട്ട് അസിസ്റ്റൻ്റായി ഇത് പ്രവർത്തിക്കും. 2026ൽ ഹോംപാഡ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.


