തിരക്കേറിയ റോഡില്‍ സാഹസിക പ്രകടനം; ഓട്ടോയില്‍ പിടിച്ച് സ്‌കേറ്റിങ്, യുവാവ് അറസ്റ്റില്‍: VIDEO - YOUTH ARRESTED FOR SKATING IN ROAD
🎬 Watch Now: Feature Video


Published : December 17, 2024 at 6:21 PM IST
തൃശൂർ: നഗരത്തിലൂടെ അപകടകരമാം വിധം സ്കേറ്റിങ് ചെയ്‌ത യുവാവ് പിടിയിൽ. മുംബൈ സ്വദേശി സുബ്രത മണ്ടലാണ് (25) തൃശൂർ ഈസ്റ്റ് പൊലീസിൻ്റെ പിടിയിലായത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിൽ റോഡില്‍ സ്കേറ്റിങ് നടത്തിയതാണ് മുംബൈക്കാരനെ പിടികൂടാന്‍ കാരണം. ഡിസംബര്‍ 11നാണ് കേസിനാസ്‌പദമായ സംഭവം. കോൺക്രീറ്റ് തൊഴിലാളിയായ സുബ്രത തൃശൂർ സ്വരാജ് റൗണ്ടിലൂടെ അപകടകരമായ രീതിയിൽ സ്കേറ്റിങ് നടത്തുകയായിരുന്നു. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. തുടർന്ന് ഇത് വാർത്തയായതോടെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് (ഡിസംബർ 17) ഉച്ചയോടെ വീണ്ടും ഇയാൾ സ്വരാജ് റൗണ്ടിലൂടെ സ്കേറ്റ് ചെയ്യുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായതിന് പിന്നാലെ കഴിഞ്ഞ ദിവസം പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിലൂടെ ഇയാൾ സ്കേറ്റിങ് നടത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആറ് ദിവസം കൊണ്ട് മുംബൈയില്‍ നിന്ന് സ്കേറ്റ് ചെയ്‌താണ് യുവാവ് തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ജോലി ചെയ്യുന്ന സഹോദരനെ കാണാനായിരുന്നു അപകടമാംവിധമുള്ള ഈ വരവ്.