കേരളത്തിലെ കാർഷികോത്സവമാണ് വിഷു. ഐശ്വര്യത്തിൻ്റെയും പ്രതീക്ഷയുടെയും സമാധാനത്തിൻ്റെയും ഉത്സവമായ വിഷു ഇങ്ങെത്തി. മലയാള മാസം മേടം ഒന്നിന് മലയാളികൾ ആഘോഷിക്കുന്ന വിഷുവിന് പ്രധാന വിഭവങ്ങളിലൊന്നായ വിഷു കഞ്ഞി ഉണ്ടാക്കിയാലോ.
ആവശ്യമായ ചേരുവകൾ
- വൻപയർ -1/4 kg (തലേദിവസം കുതിർത്തത്)
- പച്ചരി - 1/2 kg
- ശർക്കര - 1/2 kg (ഉരുക്കിയത്)
- തേങ്ങാപ്പാൽ
- നെയ്യ് - ആവശ്യത്തിന്
- തേങ്ങാക്കൊത്ത് - ആവശ്യത്തിന്
- കശുവണ്ടി - ആവശ്യത്തിന്
- കറുത്ത മുന്തിരി- ആവശ്യത്തിന്
- ചുക്കുപൊടി - ആവശ്യത്തിന്
- ഏലക്കാപ്പൊടി - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം:
കുക്കറിൽ തലേദിവസം കുതിർക്കാനിട്ട വൻപയറും തേങ്ങയുടെ ഒന്നാം പാലും ചേർത്ത് മൂന്ന് വിസിലടിക്കുന്നത് വരെ വേവിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ പച്ചരിയും മുങ്ങുന്നത് വരെയുള്ള അളവിൽ തേങ്ങാപ്പാലും ചേർത്ത് പത്ത് മിനിറ്റ് അടുപ്പത്ത് വച്ച് വേവിച്ചെടുക്കണം. ഇനി മറ്റൊരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ ഒന്നര ടീസ്‌പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാകുമ്പോൾ അതിലേക്ക് നേരത്തെ അരിഞ്ഞ് വച്ചിരുന്ന തേങ്ങാക്കൊത്ത് ചേർത്ത് കൊടുക്കുക. ബ്രൗൺ നിറമാകുന്നതുവരെ നന്നായി വഴറ്റിക്കൊടുക്കുക. ബ്രൗൺ നിറമായ തേങ്ങാക്കൊത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം അതേ പാനിലേക്ക് കശുവണ്ടി ചേർത്ത് കൊടുക്കുക. നിറം മാറി വരുന്നതുവരെ വഴറ്റിയെടുത്തതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതേ പാനിലേക്ക് കറുത്ത മുന്തിരിയിട്ട് വഴറ്റിയെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ വേവിച്ച് വച്ച പച്ചരിയും വൻപയറും ഒരുമിച്ച് ചേർത്ത് ഒരു ഉരുളിയിൽ മാറ്റി വയ്ക്കണം. ഇതിലേക്ക് നേരത്തെ ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനീയം ചേർക്കുക. നന്നായി മിക്‌സ് ചെയ്യുക. ഇനി ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക. തേങ്ങാപ്പാൽ തിളച്ചു വരുന്നതുവരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യത്തിന് നെയ്യും ചേർത്തു കൊടുക്കുക.
ഇനി ഇതിലേക്ക് ബാക്കി വച്ച ഒന്നാം പാൽ ചേർത്തു കൊടുക്കുക. ഒന്നാം പാൽ ഒഴിച്ചുകൊടുത്തു കഴിഞ്ഞ് ചെറിയ തീയിലിട്ട് ചൂടാക്കിയെടുക്കുക. കഞ്ഞി തിളയ്‌ക്കാൻ പാടില്ല. ഇനി ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുക്കാം. ഇതിലേക്ക് നേരത്തെ വറുത്ത് വച്ചിരിക്കുന്നവ ചേർത്ത് കൊടുക്കാം. പിന്നീട് നന്നായി ഇളക്കിക്കൊടുത്തതിന് ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. പായസം ഉണ്ടാക്കുന്നതുപോലെ വിഷു കഞ്ഞി കട്ടിയുണ്ടാകാൻ പാടില്ല. സ്വാദിഷ്‌ടമായ വിഷു കഞ്ഞി റെഡി.