ഒരുപാട് ഫാൻസ് ഉള്ളൊരു വിഭവമാണ് കപ്പബിരിയാണി. കപ്പയും ഇറച്ചിയും മസാലയുടെ രുചിയും കുരുമുളകിന്‍റെ എരിവും മല്ലിയിലയുമൊക്കെ ചേർന്നുള്ള കപ്പബിരിയാണിയും കൂടെയൊരു കടുംകാപ്പിയും ഉണ്ടെങ്കിൽ പിന്നെന്തുവേണം. ചില പ്രദേശങ്ങളിലെ കല്യാണ വീടുകളിൽ തലേദിവസം കപ്പബിരിയാണി വിളമ്പാറുണ്ട്. അപ്പോൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ, ഈ ഐറ്റത്തിന്‍റെ 'മൈലേജ്'.
എന്നാൽ ഇറച്ചി ചേർക്കുന്നതിനാൽ വെജിറ്റേറിയൻസിന് ഈ കപ്പബിരിയാണി ഒന്ന് രുചിച്ച് നോക്കാൻ പോലും പറ്റാറില്ല. പക്ഷേ ഇറച്ചി ചേർക്കാതെയും കപ്പബിരിയാണി ഉണ്ടാക്കാം എന്നത് എത്ര വെജിറ്റേറിയൻസിന് അറിയാം? അതും നോൺവെജിനെ വെല്ലും വെജ് കപ്പബിരിയാണി.
ഇനി കപ്പ കിട്ടിയാൽ ഈ ഒരൈറ്റം പരീക്ഷിച്ച് നോക്കൂ. നോൺ വെജിറ്റേറിയൻസ് പോലും വെജ് കപ്പബിരിയാണിയുടെ ഫാനായി മാറും. അത്രക്കാണ് രുചി. ആവശ്യമായ ചേരുവകളും പാകം ചെയ്യുന്ന രീതിയും നോക്കാം.
ആവശ്യമായ ചേരുവകൾ
- കപ്പ
- കറി കടല
- തേങ്ങ
- ചുവന്നുള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- മല്ലിയില
- മുളകുപൊടി
- മഞ്ഞൾ പൊടി
- മല്ലി പൊടി
- ഗരം മസാല
- ഇറച്ചി മസാല
- ഉപ്പ്
- വെളിച്ചെണ്ണ
- കടുക്
തയ്യാറാക്കുന്ന വിധം
വെജിറ്റബിൾ കപ്പബിരിയാണി തയാറാക്കാൻ ആദ്യം കപ്പ വേവിച്ചെടുക്കണം. ഇതിനായി കപ്പ തൊലി കളഞ്ഞ് ചെറുതായി കഷണങ്ങളാക്കി എടുക്കുക. നന്നായി കഴുകി വൃത്തിയാക്കി, വെള്ളം ഒഴിച്ച് വേവിക്കുക. തിള വന്നുകഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർക്കുക. കപ്പ വെന്തു എന്നുറപ്പായാൽ അടുപ്പിൽ നിന്നിറക്കി വെള്ളം മുഴുവനായി ഒഴിവാക്കണം.
ഇനി നിങ്ങൾ കുക്കറിലാണ് കപ്പ വേവിക്കുന്നതെങ്കിൽ, കഴുകി വൃത്തിയാക്കിയ കപ്പ കഷണങ്ങൾ നേരെ കുക്കറിലേക്ക് മാറ്റുക. കപ്പയുടെ മുകളിൽ എത്താത്ത രീതിയിൽ വെള്ളം ഒഴിക്കുക. ഉപ്പും മഞ്ഞൾ പൊടിയും ഇപ്പോൾ തന്നെ ചേർക്കാം. രണ്ടോ മൂന്നോ വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം ഫ്ലെയിം ഓഫ് ചെയ്ത് പ്രഷർ പോകുന്നതുവരെ വയ്ക്കുക. പിന്നീട് കുക്കർ തുറന്ന് വെളളം ഒഴിവാക്കി കപ്പ മാറ്റി വയ്ക്കുക.
ഇനി കടല വേവിക്കണം. ഇതിനായി കുതിർത്തി വച്ച കറി കടല കഴുകി വൃത്തിയാക്കി കുക്കറിലേക്ക് മാറ്റാം. കുക്കറിലേക്ക് ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, ഇറച്ചി മസാല, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക. അഞ്ചോ ആറോ വിസിൽ മതിയാകും. പ്രഷർ കളഞ്ഞ ശേഷം തുറന്നുനോക്കി ആവശ്യമെങ്കിൽ വീണ്ടും വേവിക്കാം. വെള്ളം മുഴുവനായി വറ്റി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇനി മിക്സിങ്ങാണ്. വേവിച്ചു വച്ച കടലയിലേക്ക് കപ്പ ചേർത്ത് ഇളക്കണം. നന്നായി ഉടച്ച് മിക്സ് ചെയ്യാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഉള്ളി ഗോൾഡൻ നിറത്തിലേക്ക് മാറി കഴിഞ്ഞാൽ അൽപം ചിരകിയ തേങ്ങ ചേർത്ത് വറുത്തെടുക്കാം. ഇത് കപ്പ കടല മിക്സിലേക്ക് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം മല്ലിയില കൂടി ചേർത്ത് വിളമ്പാവുന്നതാണ്.
കടുകു വറക്കാൻ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുക. മറ്റ് കുക്കിങ് ഓയിലുകൾ ഉപയോഗിക്കുന്നതിനേക്കാൾ രുചി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോഴാണ്. ഇനി കപ്പ വാങ്ങുമ്പോൾ ഇങ്ങനൊന്ന് ഉണ്ടാക്കി നോക്കൂ. പാത്രം കാലിയാകുന്ന വഴി കാണില്ല.
Also Read: ആവി പറക്കുന്ന ചോറിനൊപ്പം ഈ ഒരു കറി മാത്രം മതി; എളുപ്പത്തിൽ തയ്യാറാക്കാം മത്തങ്ങ കൊണ്ടൊരു നാടൻ വിഭവം