മധുരമൂറുന്ന വിഭവങ്ങള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ജീവിതത്തില്‍ സന്തോഷങ്ങള്‍ വരുമ്പോഴെല്ലാം അത് ആഘോഷിക്കാന്‍ മധുരം തന്നെയാണ് മുഖ്യം. അതില്‍ പായസത്തിന് വളരെ വലിയൊരു പങ്കുണ്ട്. ഒന്നും രണ്ടുമല്ല വിവിധ വെറൈറ്റികളാണ് പായസത്തിലുള്ളത്. അടപ്രഥമന്‍, പാല്‍പായസം, സേമിയ പായസം, കടല പായസം എന്നിങ്ങനെ നീളും പട്ടിക. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു പായസമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്‌ടപ്പെടുന്ന മത്തങ്ങ പായസം. ടേസ്റ്റിനൊപ്പം ആരോഗ്യ ഗുണങ്ങളും ഏറെയുണ്ട് ഇതിന്. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഇതിന്‍റെ റെസിപ്പിയിതാ.
ആവശ്യമായ ചേരുവകൾ:
1.മത്തങ്ങ-500 ഗ്രാം (പഴുത്തത്)
2.ശർക്കര- 250 ഗ്രാം
3.തേങ്ങ (ഒന്നാം പാലും രണ്ടാം പാലും)
4.നെയ്യ്-50 ഗ്രാം
5.തേങ്ങാ കൊത്ത്- 3 ടീസ്‌പൂൺ
6.അണ്ടിപ്പരിപ്പ്, മുന്തിരി (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം: നന്നായി പഴുത്ത മത്തങ്ങ തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക. ഒരു പാത്രത്തിലിട്ട് അല്‍പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വെന്ത ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. ഒരു പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് അല്‌പം നെയ്യ് ഒഴിക്കുക. ഇതിൽ തേങ്ങാ കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരുക. ഇനി പാനിലേക്ക് ഉടച്ചു വച്ച മത്തൻ ചേർക്കുക.
അല്‌പം കൂടി നെയ്യ് ചേർത്ത് ഇളക്കുക. ഈ സമയം അല്‍പം വെള്ളത്തില്‍ ശർക്കര ഉരുക്കുക. ശേഷം ഉടച്ച മത്തനിലേക്ക് ശർക്കര പാനി ചേർക്കുക. 2 മിനിറ്റ് നന്നായി ഇളക്കുക ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേർത്ത് നന്നായി കുറുകുന്നത് വരെ തിളപ്പിക്കുക. ശേഷം ഒന്നാം പാല്‍ ചേർത്തിളക്കി വാങ്ങുക. ഒരു നുള്ള് ഉപ്പും കൂടിച്ചേർക്കാം (മധുരം ബാലന്‍സ് ചെയ്യാന്‍). ശേഷം വറുത്ത് വച്ച തേങ്ങാ കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. ഇതോടെ കൊതിയൂറും മത്തങ്ങ പായസം റെഡി.
Also Read:പൊളി ടേസ്റ്റ്... ഒരു രക്ഷയുമില്ല..., "നൊങ്ക് മില്‍ക് സർബത്ത്" വീട്ടിൽ തയ്യാറാക്കിയാലോ?